ബാങ്കോക്ക്: തായ് ലൻഡ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം കിരൺ ജോർജ് ലോക ഒമ്പതാം നമ്പറും ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവുമായി ഷി യുക്വിയെ അട്ടിമറിച്ചു. പുരുഷ പ്രീ ക്വാർട്ടറിൽ ചൈനീസ് വമ്പനെതിരെ ഒന്നാം റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കിരണിന്റെ ജയം. സ്കോർ: 21-18, 22-20. പ്രീ ക്വാർട്ടറിൽ ചൈനയുടെ തന്നെ വെങ് ഹോങ് യാങ്ങാണ് കൊച്ചി സ്വദേശിയുടെ എതിരാളി. അതേസമയം, ഒളിമ്പ്യൻ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും ഒന്നാം റൗണ്ടിൽ തോറ്റുപുറത്തായപ്പോൾ സൈന നെഹ് വാളും ലക്ഷ്യ സെന്നും ഡബ്ൾസിൽ സാത്വിക് സായ് രാജ് രൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പ്രീ ക്വാർട്ടറിൽ കടന്നു.
47 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിന്റെ ആദ്യ ഗെയിമിൽ ഷി യുക്വിക്കെതിരെ ഒരു ഘട്ടത്തിൽ 6-11ന് പിന്നില്‍നിന്ന ശേഷമാണ് കിരൺ തിരിച്ചുവന്നത്. രണ്ടാം ഗെയിമില്‍ 6-0ന് കിരണ്‍ ലീഡെടുത്തിരുന്നു. തോൽവി മണത്ത യുക്വി ശക്തമായ തിരിച്ചുവന്നു. 15-15 എന്ന നിലയിൽ വരെ എത്തിയെങ്കിലും കിരൺ ജയം സ്വന്തമാക്കി. 23കാരനായ കിരൺ 2020 തോമസ് കപ്പിലും 2022 ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 2022 ലെ ഒഡിഷ ഓപൺ ജേതാവാണ്. പ്രകാശ് പദുക്കോൺ അക്കാദമിയിലാണ് പരിശീലനം. ചൈനയുടെ വെങ് ഹോങ്ങിനോട് 8-21, 21-16, 14-21നാണ് ശ്രീകാന്ത് തോറ്റത്. സായ് പ്രണീത്, സമീർ വർമ, പ്രിയാൻഷു രജാവത്ത് എന്നിവരും പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ വീണപ്പോൾ ലക്ഷ്യ സെൻ തായ്വാന്റെ വാങ് സൂ വെയിയെ 21-23, 21-15, 21-15ന് പരാജയപ്പെടുത്തി.
വനിത സിംഗ്ൾസിൽ കാനഡയുടെ മിഷേലെ ലിയാണ് സിന്ധുവിനെ തോല്പിച്ചത്. സ്കോര്‍: 8-21, 21-18, 18-21. സൈന കാനഡയുടെ വെന്‍ യു ഷാങ്ങിനെ പരാജയപ്പെടുത്തി രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 21-13, 21-7. അഷ്മിത ചാലിഹ മറ്റൊരു ഇന്ത്യൻ താരം മാളവിക ബൻസോദിനെ 21-17, 21-14 മറികടന്ന് മുന്നേറി. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് രൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഡെന്മാർക്കിന്റെ റാസ്മസ് കെജർ- ഫ്രെഡറിക് സോഗാർഡ് ജോടിയെ 21-13, 18-21, 21-17ന് തോല്പിച്ചും രണ്ടാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.