ബാങ്കോക്: പത്തു മാസം നീണ്ട ഇടവേളക്കുശേഷം കോർട്ടിലിറങ്ങിയ പി.വി. സിന്ധുവിന് ആദ്യ കളിയിൽതന്നെ തോൽവി. തായ്ലൻഡ് ഓപൺ സൂപ്പർ 1000 സീരീസിെൻറ ആദ്യ റൗണ്ടിൽ ഡെന്മാർക്കിെൻറ മിയ ബ്ലിഷ്ഫെൽറ്റാണ് സിന്ധുവിനെ മൂന്നു സെറ്റ് നീണ്ട അങ്കത്തിൽ അട്ടിമറിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിതമായി മുടങ്ങിയ ബാഡ്മിൻറൺ സീസൺ പുതുവർഷത്തിൽ കളമുണർന്നപ്പോഴായിരുന്നു സിന്ധുവും കോർട്ടിലിറങ്ങിയത്.
ലണ്ടനിൽ മാസങ്ങൾ നീണ്ട പരിശീലനവും കഴിഞ്ഞെത്തിയ ലോകചാമ്പ്യന് പക്ഷേ, പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞില്ല. ആറാം സീഡുകാരിയായ ഇന്ത്യൻ താരത്തെ 21-16, 24-26, 13-21 സ്കോറിനാണ് 18ാം റാങ്കുകാരിയായ മിയ വീഴ്ത്തിയത്. ആദ്യ ഗെയിമിൽ 6-3െൻറ മികച്ച ലീഡോടെ തുടങ്ങിയ സിന്ധു അനായാസം കളി പിടിച്ചെടുത്തു. രണ്ടാം ഗെയിമും അതുവഴിതന്നെയായിരുന്നു. 11-8ന് സിന്ധു ലീഡ് ചെയ്യവെ, അപ്രതീക്ഷിത കുതിപ്പിൽ ഡാനിഷ് യുവതാരം തിരിച്ചെത്തി (15-14). ശേഷം ആ കളി ടൈബ്രേക്കറിലേക്ക് നയിച്ച മിയ ഗെയിം ജയിച്ച് ഒപ്പമെത്തി. തുടർന്ന് അവസാന ഗെയിമിൽ സിന്ധു പതറിയപ്പോൾ, വ്യക്തമായ മേധാവിത്വത്തോടെ കളി പിടിച്ചു.
പുരുഷ സിംഗ്ൾസിൽ സായ് പ്രണീത് പുറത്തായി. തായ്ലൻഡിെൻറ കാൻറഫൻ വാങ്ചറോൺ ആണ് 21-16, 21-10 സ്കോറിന് പ്രണീതിനെ മടക്കിയത്. വനിത ഡബ്ൾസിൽ അശ്വിൻ പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം പുറത്തായി. അതേസമയം, മിക്സഡ് ഡബ്ൾസിൽ റാങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
സൈനക്കും പ്രണോയിക്കും കളിക്കാം
ബാങ്കോക്ക്: ആദ്യം നെഗറ്റിവ്, പിന്നെ പോസിറ്റിവ്, ഒടുവിൽ ശരിക്കും നെഗറ്റിവ്. മാറിമറിഞ്ഞ കോവിഡ് പരിശോധന ഫലത്തിനൊടുവിൽ ഇന്ത്യയുടെ സൈന നെഹ്വാളിനും എച്ച്.എസ് പ്രണോയിക്കും നെഗറ്റിവ് സർട്ടിഫിക്കറ്റോടെ കളത്തിലിറങ്ങാൻ അനുമതി. ഇവരുടെ മാറ്റിവെച്ച മത്സരം ബുധനാഴ്ച നടക്കും. അതേസമയം, സൈനയുടെ ഭർത്താവും ഇന്ത്യൻ താരവുമായ പി. കശ്യപിന് കോവിഡ് പരിശോധന ഫലം വരുന്നതുവരെ കാത്തിരിക്കണം.
തായ്ലൻഡ് ഓപൺ വനിത സിംഗ്ൾസിൽ കളത്തിലിറങ്ങാൻ ഒരുങ്ങവെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം. മത്സരത്തിന് മുന്നോടിയായി നടന്ന കോവിഡ് ടെസ്റ്റിൽ സൈനയും പ്രണോയും പോസിറ്റിവായി. ഇതോടെ ഇവരുടെ മത്സരം റദ്ദാക്കിയതായി ബി.ഡബ്ല്യൂ.എഫ് അറിയിപ്പെത്തി. ഇന്ത്യൻ ക്യാമ്പിലും മറ്റും ആശങ്കയായി. നേരത്തേ നടന്ന പരിശോധനകൾ നെഗറ്റിവായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നടന്ന പരിശോധനയിൽ പ്രണോയും രണ്ടു വിദേശതാരങ്ങളും നെഗറ്റിവായെങ്കിലും ഒന്നരമാസം മുമ്പ് കോവിഡ് വന്ന് മാറിയ സൈന പോസിറ്റിവായി തുടർന്നു.
ശേഷം തായ് സർക്കാറിെൻറ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി ചേർന്നാണ് സൈനയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കിയത്. നേരത്തേ കോവിഡ് ബാധിച്ചതിെൻറ ആൻറിബോഡി ശരീരത്തിൽ അവശേഷിക്കുന്നതിനാലാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റിവായതെന്നായിരുന്നു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.