ടോക്യോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം ഇന്ത്യക്ക് ജയവും തോൽവിയും. പുരുഷ സിംഗ്ൾസിൽ കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവായ ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവർ ജയത്തോടെ തുടങ്ങി. വനിത ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും ഇന്ത്യൻ ടീമുകൾ മുന്നേറിയപ്പോൾ ബി. സായ് പ്രണീത് പുരുഷ സിംഗ്ൾസിലും മാളവിക ബൻസോദ് വനിത സിംഗ്ൾസിലും ആദ്യറൗണ്ടിൽ തോറ്റുപുറത്തായി.
കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവായ ലക്ഷ്യ സെൻ ഡെന്മാർക്കിന്റെ സീനിയർ താരമായ ഹാൻസ് ക്രിസ്റ്റ്യൻ വിറ്റിൻഗസിനെയാണ് ആദ്യ റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 21-12, 21-11. അയർലൻഡിന്റെ നട്ട് ങുയാനെ 22-20, 21-19 ന് ശ്രീകാന്തും ഓസ്ട്രിയയുടെ ലൂകാ റാബെറെ 21-12, 21-11ന് പ്രണോയിയും വീഴ്ത്തി. ലോക നാലാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ ചൗ ടിയാൻ ചെന്നിനാണ് സായ് പ്രണീതിനെ ഒന്നാം റൗണ്ടിൽ കീഴടക്കിയത് (21-15, 15-21, 21-15).
വനിത ഡബ്ൾസിൽ അശ്വനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യം മാലദ്വീപ് താരങ്ങളും സഹോദരിമാരുമായ ആമിനത്ത് നബീഹ-ഫാത്തിമ നബ ജോടിയെ പരാജയപ്പെടുത്തി. സ്കോർ: 21-7, 21-9. മിക്സഡ് ഡബ്ൾസിൽ താനിഷ ക്രാസ്റ്റോ-ഇഷാൻ ഭട്നാഗർ സഖ്യം ജർമനിയുടെ പാട്രിക് ഷിയേൽ-ഫ്രാൻസിസ്ക വോക്ക്മാൻ കൂട്ടുകെട്ടിനെ തോൽപിച്ചു (21-13, 21-13). പുരുഷ ഡബ്ൾസിൽ ബി. സുമീത് റെഡ്ഡി-മനു അത്രി സഖ്യത്തിന് ആദ്യറൗണ്ടിൽ തോൽവിയായിരുന്നു ഫലം. വനിത സിംഗ്ൾസിൽ ഡെന്മാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സനോടായിരുന്നു മാളവിക ബൻസോദ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.