20 ലക്ഷം ദിർഹം നേടാം, ബൈക്ക് അബൂദബി ഫെസ്റ്റിവൽ

ശൈത്യകാല ആഘോഷങ്ങളിലേക്ക് കടക്കുന്ന അബൂദബി ത്രസിപ്പിക്കുന്ന വിനോദങ്ങൾക്കും വേദിയാവുകയാണ്. പ്രഥമ ബൈക്ക് അബൂദബി ഫെസ്റ്റിവലിന് ഒരുക്കങ്ങൾ‌ പുരോഗമിക്കവെ ജേതാക്കളെ കാത്തിരിക്കുന്നത് 20 ലക്ഷം ദിർഹം വരെ ക്യാഷ് പ്രൈസ് ആണ്. ഫെസ്റ്റിവലിന്‍റെ ഭാഗമായി രണ്ട് ലോകോത്തര സെക്ലിങ് പരിപാടികളാണ് അബൂബിയിൽ അരങ്ങേറുന്നത്. യു.സി.ഐ അർബൻ സൈക്ലിങ് ലോക ചാംപ്യൻഷിപ്പിന്‍റെ അഞ്ചാമത് എഡിഷനാണ് ഇവയിലൊന്ന്. യു.സി.ഐ അർബൻ സൈക്ലിങ് ചാംപ്യൻഷിപ്പിന് അത്യധികം ആവേശത്തോടെയാണ് കൊടിയിറങ്ങുന്നത്. ബി.എം.എക്സ് ഫ്രീ സ്റ്റൈൽ പാർക്ക്, ബി.എം.എക്സ് ഫ്രീസ്റ്റൈൽ ഫ്ലാറ്റ്ലാൻഡ്, ട്രയൽസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഈ ചാമ്പ്യൻഷിപ്പ്.

അബൂദബി ഗ്രാൻഡ് ഫോണ്ടോ മൽസരത്തിൽ 500 അമച്വർ അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. അബൂദബിയിൽ നിന്ന് അൽഐൻ വരെ 150 കിലോമീറ്റർ മൽസരത്തിലെ ജേതാക്കളെയാണ് 20 ലക്ഷം ദിർഹം സമ്മാനം കാത്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായാണ് സമ്മാനത്തുക വീതിച്ചു നൽകുക. അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷകർതൃത്വത്തിലാണ് അബൂദബി ഗ്രാൻ ഫോണ്ടോ ഫെസ്റ്റിവൽ അരങ്ങേറുന്നത്.

ലോകത്തിലെ 300 മുൻനിര അർബൻ സൈക്ലിസ്റ്റുകളാണ് ഫെസ്റ്റിവലിൽ സംബന്ധിക്കാൻ എത്തുന്നത്. ലോകത്തിലെ മുൻനിര സൈക്ലിങ് ഹബ്ബായി അബൂദബിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ 2021ൽ ശൈഖ് ഖാലിദ് രൂപം കൊടുത്ത ബൈക്ക് അബൂദബി പ്ലാറ്റ്ഫോം ആണ് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത്. യൂനിയൻ സൈക്ലിസ്റ്റ് ഇന്‍റർനാഷനലിന്‍റെ യു.സി.ഐ ബൈക്ക് സിറ്റി പദവി ലഭിച്ച് ഒരുവർഷത്തിനു ശേഷമാണ് അബൂദബി ഇത്തരമൊരു സൈക്ലിങ് മൽസരത്തിന് വേദിയാവുന്നതെന്ന പ്രത്യേകതയും പരിപാടിക്കുണ്ട്.

യു.സി.ഐ അർബൻ സൈക്ലിങ് ലോകചാംപ്യൻഷിപ്പിന് വേദിയൊരുക്കുന്നതിൽ തങ്ങൾക്ക് അത്യധികം അഭിമാനമുണ്ടെന്ന് അബൂദബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു. പശ്ചിമേഷ്യയിലെയും ഏഷ്യയിലും ആദ്യ യു.സി.ഐ ബൈക്ക് സിറ്റിയായ അബൂദബി കോവിഡാനന്തരം സൈക്ലിങ് ചാംപ്യൻഷിപ്പിന് വേദിയാവുന്നതിൽ യു.സി.ഐ പ്രസിഡന്‍റ് ഡേവിഡ് ലാപാർഷ്യന്‍റും സന്തോഷം പ്രകടിപ്പിച്ചു.

ആഗോള സൈക്ലിങ് ഹബ്ബായി മാറുന്ന അബൂദബി എമിറേറ്റിലെ ഹുദൈരിയാത്ത് ദ്വീപില്‍ 3500 കാണികളെ ഉള്‍ക്കൊള്ളുന്ന 109 കിലോമീറ്റര്‍ ട്രാക്ക് വെലോഡ്രോം പൂർത്തിയായി വരികയാണ്. പശ്ചിമേഷ്യയിലും ഏഷ്യയിലും തന്നെ യു.സി.ഐ പദവി നേടുന്ന നഗരം കൂടിയാണ് അബൂദബി. വികസിച്ചു വരുന്ന ട്രാക്കില്‍ ഏതു പ്രായക്കാര്‍ക്കും സൈക്കിളോടിക്കാം.

ബൈസിക്കിള്‍ നിര്‍മാണ കമ്പനിയായ കൊല്‍നാഗോയുടെ ഭൂരിഭാഗം ഓഹരിയും രണ്ടുവര്‍ഷം മുമ്പ് അബൂദബി വാങ്ങിയിരുന്നു. ഈ കമ്പനിയുടെ സൈക്കിളാണ് ടൂര്‍ ഡേ ഫ്രാന്‍സില്‍ ഇമാറാത്തി ടീമായ ടീം എമിറേറ്റ്സ് ഓടിച്ചത്. രണ്ടു സീസണുകളിലും ജേതാവായ ടീം എമിറേറ്റ്സിന്‍റെ റൈഡറായ തദേജ് പൊഗാക്കർ ഇത്തവണ റണ്ണര്‍ അപ്പായാണ് ഫിനിഷ് ചെയ്തത്.ബൈക്ക് സിറ്റി പദവി നേടിയ അബൂദബി ഈ വര്‍ഷം നവംബറില്‍ യു.സി.ഐ അര്‍ബന്‍ സൈക്ലിങ് ലോകചാംപ്യന്‍ഷിപ്പിന് വേദിയാവുന്നുണ്ട്. 2024ലും ഇതേ ലോകകപ്പ് അബൂദബിയിലാവും അരങ്ങേറുക.

Tags:    
News Summary - Bike Abu Dhabi Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.