ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കിരീടപ്രതീക്ഷ കാത്ത് ഇന്ത്യയുടെ കൗമാര താരമായ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. 12ാം റൗണ്ടിൽ അസർബൈജാന്റെ നിജാത് അബസോവിനെ കീഴടക്കിയ തമിഴ്നാട് താരം 7.5 പോയന്റുമായി ഒന്നാംസ്ഥാനത്താണ്. ഫിഡെയുടെ ബാനറിൽ മത്സരിക്കുന്ന റഷ്യൻ താരം യാൻ നെപ്പോമ്നിഷിയും അമേരിക്കയുടെ ഹികാരു നകാമുറയും 7.5 പോയന്റുമായി ഒന്നാംസ്ഥാനത്തുണ്ട്.
ഫ്രാൻസിന്റെ ഫിറൗസ അലിറേസയെയാണ് നകാമുറ തോൽപിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയുമായി നെപ്പോമ്നിഷി സമനില പാലിച്ചു. കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള റഷ്യൻ താരം പരാജയം ഒഴിവാക്കാനായാണ് അനായാസമായി സമനില വഴങ്ങിയത്. പ്രഗ്നാനന്ദക്ക് ആറു പോയന്റാണുള്ളത്. അമേരിക്കയുടെ ഫാബിയാനോ കരുവാന ഏഴു പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ വിദിത് ഗുജറാത്തിയെയാണ് 12ാം റൗണ്ടിൽ കരുവാന കീഴടക്കിയത്.
കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായ ഗുകേഷ് കറുത്ത കരുക്കളുമായി അബസോവിനെതിരെ തകർപ്പൻ മുന്നേറ്റമാണ് നടത്തിയത്. നിംസോ ഇന്ത്യൻ ഡിഫൻസ് ഗെയിമായിരുന്നു 17കാരനായ ഗുകേഷ് പുറത്തെടുത്തത്. പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി വനിതകളിൽ അന്ന മുസിചുക്കിനോട് തോറ്റു. കൊനേരു ഹംപിയും അലക്സാൻഡ്ര ഗോര്യാച്കിനയും സമനില പാലിച്ചു. ടൂർണമെന്റിൽ രണ്ട് റൗണ്ടുകൾ കൂടിയാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.