ടൊറന്റോ (കാനഡ): കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിലെ മൂന്നാംദിനം ഇന്ത്യൻ താരങ്ങളുടെ വീറുറ്റ പോരിൽ വിദിത് ഗുജറാത്തിക്കെതിരെ ആർ. പ്രഗ്നാനന്ദക്ക് ജയം. കഴിഞ്ഞ ദിവസം അമേരിക്കയുടെ സൂപ്പർ ഗ്രാന്റ്മാസ്റ്റർ ഹിക്കാരു നക്കാമുറയെ കീഴടക്കിയ വിദിതിന് കൂട്ടുകാരനെതിരെ ഫോമിലേക്കുയരാനായില്ല. 45 നീക്കങ്ങൾക്കൊടുവിലാണ് വിദിത് ഗുജറാത്തിക്കെതിരെ പ്രഗ്നനാനന്ദയുടെ ജയം.
വനിതകളിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി ബൽഗേറിയയുടെ നുർഗ്യൂൾസലിമോവയെ പരാജയപ്പെടുത്തി. വൈശാലിയും കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്നു. ചൈനയുടെ സോങ്‌യി ടാനെതിരെ ഇന്ത്യയുടെ കൊനേരു ഹംപി അനായാസ സമനില നേടി. പ്രഗ്നാനന്ദയെ രണ്ടാം ദിനം തറപറ്റിച്ച നാട്ടുകാരൻ കൂടിയായ ദൊമ്മരാജു ഗുകേഷിന് റഷ്യയുടെ ഇയാൻ നെപോംനിയാച്ചിയോട് സമനില വഴങ്ങേണ്ടിവന്നു. ഹികാരു നകാമുറ- നിജാത് അബാസോവ് (അസർബൈജാൻ), ഫിറോസ അലിരേസ (ഫ്രാൻസ്)-ഫാബിയാനോ കരുവാന (അമേരിക്ക) മത്സരങ്ങളും സമനിലയിലായി.
വനിതകളിൽ ചൈനയുടെ ടിൻജി ലെയ് -റഷ്യയുടെ അലക്‌സാന്ദ്ര ഗോറിയച്ച്‌കിന, റഷ്യയുടെ കാതറീന ലഗ്‌നോ- യുക്രെയ്‌നിന്റെ അന്ന മുസിചുകു മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. എട്ടു കളിക്കാർ പങ്കെടുക്കുന്ന ഡബിൾ റൗണ്ട് റോബിൻ ടൂർണമെന്റിൽ 11 റൗണ്ടുകൾകൂടി ബാക്കിയുള്ളപ്പോൾ പുരുഷന്മാരിൽ കരുവാന, ഗുകേഷ്, നെപോംനിയാച്ചി എന്നിവർ രണ്ട് പോയന്റ് വീതം നേടി മുന്നിലാണ്. ഒന്നര പോയന്റ് വീതമുള്ള വിദിത് ഗുജറാത്തിയും പ്രഗ്നാനന്ദയും തൊട്ടുപിന്നിലുണ്ട്. നകാമുറ, അലിറേസ, അബാസോവ് എന്നിവർക്ക് ഒരു പോയന്റാണുള്ളത്.
വനിത വിഭാഗത്തിൽ സോങ്‌യി ടാൻ രണ്ടര പോയന്റുമായി ഒറ്റക്ക് മുന്നിലാണ്. അലക്‌സാന്ദ്ര ഗോറിയച്ച്‌കിനക്ക് രണ്ട് പോയന്റുണ്ട്. ഒന്നര പോയന്റുമായി ഹംപി, വൈശാലി, ലഗ്‌നോ എന്നിവർ പിന്നാലെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.