ഗുസ്തി ഫെഡറേഷന്‍റെ മേൽനോട്ടത്തിന് അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കണം; ഒളിമ്പിക് അസോസിയേഷന് കത്തയച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷന്‍റെ ചുമതല വഹിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ തീരുമാനിക്കാനും അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കേന്ദ്ര കായിക മന്ത്രാലയം ക‍ത്തയച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗുസ്തി ഫെഡറേഷനെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് കായികമന്ത്രാലയം കത്തയച്ചത്.

ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ഫെഡറേഷനെ പിരിച്ചുവിടുന്നത്. നേരത്തേ, ബ്രിജ് ഭൂഷൺ അധ്യക്ഷനായിരുന്ന സമയത്തും ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അന്ന് മേരി കോം ആയിരുന്നു സമിതിയുടെ അധ്യക്ഷ. സമാനരീതിയിൽ കായിക താരങ്ങളെ ഉൾപ്പെടുത്തിയുള്ള സമിതിയാകും അസോസിയേഷൻ രൂപവത്കരിക്കുക.

സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്പെൻഡ് ചെയ്തത്. മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണിന്‍റെ അടുത്ത അനുയായി സഞ്ജയ് സിങ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു. ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

പിന്നാലെ ബജ്റങ് പൂനിയ, വിരേന്ദർ സിങ് എന്നിവർ പത്മശ്രീ പുരസ്കാരം മടക്കിനൽകുമെന്നും അറിയിച്ചു. താരങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് കായികമന്ത്രാലയം കടുത്ത നടപടികളിലേക്ക് കടന്നത്. ഡബ്ല്യു.എഫ്‌.ഐ മുൻ ഭാരവാഹികളുടെ അടുത്ത അനുയായികൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി മന്ത്രാലയം അണ്ടർ സെക്രട്ടറി തരുൺ പരീക് ഒപ്പിട്ട കത്തിൽ പറയുന്നു.

Tags:    
News Summary - Centre Asks Indian Olympic Association To Form Panel To Run Wrestling Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.