കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിനിരയായവര്‍ക്ക് അതിജീവനത്തിന്റെ കളിപാഠം പകര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്.സിയും തമ്മിലുള്ള കൊച്ചിയിലെ ആദ്യ മത്സരം ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ താരങ്ങളുടെ കൈപിടിച്ച് ആനയിച്ചത് ദുരിതബാധിത പ്രദേശത്തെ 22 കുട്ടികളാണ്.
വണ്ണാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കൈ ഗവ. എല്‍.പി സ്‌കൂള്‍, മേപ്പാടി ഗവ. എച്ച്.എസ് എന്നിവിടങ്ങളിലെ 33 കുട്ടികളും രക്ഷിതാക്കളുമടക്കം എഴുപതോളം പേരാണ് കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളജ് അസി. പ്രഫസര്‍ ഷാഫി പുല്‍പ്പാറയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ ആദ്യമത്സരാവേശത്തില്‍ പങ്കുചേരാനെത്തിയത്. താരങ്ങളെ ആനയിച്ചവരെ കൂടാതെ ബാക്കി 11 കുട്ടികള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, പഞ്ചാബ് എഫ്.സി താരങ്ങളെ സ്വീകരിക്കാനും അണിനിരന്നു.
ശനിയാഴ്ച രാവിലെ 5.30ന് കോഴിക്കോട് നിന്ന് തിരിച്ച കുട്ടികള്‍ കോഴിക്കോട് ടൗണിലെ യാത്രക്കും ഷോപ്പിങ്ങിനും ശേഷം വൈകിട്ടോടെയാണ് കൊച്ചിയിലേക്ക് തിരിച്ചത്. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെത്തിയ കുട്ടികളും രക്ഷിതാക്കളും മാറമ്പിള്ളി എം.ഇ.എസ് കോളജില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം മെട്രോയില്‍ കലൂരിലേക്കെത്തി. ഐ.എം.എ ഹൗസില്‍ നടന്ന ഓണാഘോഷത്തിനും കലാപരിപാടിക്കും ഓണസദ്യക്കും ശേഷം സ്റ്റേഡിയത്തിലേക്കെത്തിയ കുട്ടികള്‍ ട്രയലിനിറങ്ങി.
ശേഷം മത്സരത്തിന് മുമ്പായി താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയ കുട്ടികള്‍ കൊച്ചിയിലെ മത്സരാവേശത്തില്‍ അതിജീവനത്തിന്റെ പുതുപാഠം രചിച്ചാണ് മടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി, ഫ്യൂച്ചര്‍ എയ്‌സ് ഹോസ്പിറ്റല്‍, പി.ആര്‍.സി.ഐ കൊച്ചി ചാപ്റ്റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കുട്ടികളെ കൊച്ചിയിലെ സ്റ്റേഡിയത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.