തിരുവനന്തപുരം: വിവാദങ്ങളും അവസാന മത്സരത്തിലെ ഒഴിഞ്ഞ ഗാലറിയും കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിന്റെ ഭാവിക്ക് തിരിച്ചടിയാകുന്നു. ഇന്ത്യ വേദിയാകുന്ന ക്രിക്കറ്റ് ലോകകപ്പിനും ഐ.പി.എൽ മത്സരങ്ങൾക്കും കാര്യവട്ടത്തെ പരിഗണിക്കാത്തത് ഇക്കാര്യങ്ങൾകൂടി പരിഗണിച്ചെന്നാണ് വിവരം.
സ്പോർട്സ് ഹബ്ബിൽ അവസാനം നടന്ന ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ ചരിത്രവിജയം നേടിയെങ്കിലും ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന’ മന്ത്രിയുടെ പ്രസ്താവന ഉയർത്തിയ വിവാദവും ശുഷ്കമായ ഗാലറിയും തിരിച്ചടിയാകുന്നതായാണ് പിന്നീടുള്ള സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
കാണികൾ കുറഞ്ഞതിന്റെ ഉത്തരവാദിത്വം മന്ത്രി കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) തലയിൽ കെട്ടിവെച്ചതും ശ്രീലങ്കൻ ടീമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതുമെല്ലാം സ്പോർട്സ് ഹബ്ബിന്റെ ഭാവിക്ക് തിരിച്ചടിയായെന്ന് അനുമാനിക്കാം. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാൻ പണം മുടക്കി ടിക്കറ്റെടുത്തത് 6201പേർ മാത്രമായിരുന്നു.
13,000 പേർക്ക് നൽകിയ സൗജന്യ പാസ് ഉപയോഗിച്ചത് 10,000ത്തോളം പേരും. കളി കണ്ടത് 16,210 പേർ മാത്രം. അഞ്ച് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രം നടന്ന സ്റ്റേഡിയത്തിന് വിവാദങ്ങൾ പുത്തരിയല്ല. നികുതി സംബന്ധിച്ച തർക്കങ്ങളും ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സര സമയത്ത് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും വിവാദമായി.
അവസാന വിവാദങ്ങളിൽ ബി.സി.സി.ഐക്ക് അതൃപ്തിയുണ്ടായിരുന്നു. ബി.സി.സി.ഐക്ക് കെ.സി.എ വിശദീകരണം നൽകിയെങ്കിലും ഫലംകണ്ടില്ലെന്നുവേണം കരുതാൻ.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈയുടെ ഹോം ഗ്രൗണ്ടായി കാര്യവട്ടം സ്പോർട്സ് ഹബ്ബ് മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടത്തിൽ ആ അവസരം നഷ്ടപ്പെട്ടു. ഇക്കുറി കാര്യവട്ടം പരിഗണിക്കപ്പെട്ടില്ല. അണ്ടർ 19 അന്തർദേശീയ മത്സരങ്ങൾ, ഇന്ത്യ എ, ഇംഗ്ലണ്ട് എ, ദക്ഷിണാഫ്രിക്ക എ ടീമുകളുടെ മത്സരങ്ങൾ, രഞ്ജി ട്രോഫി, സെയ്ദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റുകൾ എന്നിവക്കെല്ലാം വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്തായെന്ന് വ്യക്തമാക്കുന്ന നിലക്കാണ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.