ലോകത്തിനുമേൽ മഹാമാരിയായി പെയ്ത, അനേകമനേകം ജീവനുകൾ കവർന്ന കോവിഡ് നിശ്ശബ്ദമാക്കിയ ഒരു കായികവർഷം കൂടിയാണ് വിടപറയുന്നത്. ആഘോഷങ്ങളുടെ വശ്യമുഹൂർത്തങ്ങൾക്ക് സാക്ഷിയാകേണ്ടിയിരുന്ന മൈതാനങ്ങൾ നിഗൂഢമായ മൗനത്തിലാണ്ടുപോയ ഒരു വർഷം ഇതുപോലെ ചരിത്രത്തിൽ വേറെയില്ല. ഒളിമ്പിക്സ് മുതൽ നാട്ടിൻപുറങ്ങളിലെ സെവൻസ് മൈതാനങ്ങളെവരെ ബാധിച്ച ആ മാന്ദ്യം 2020 അവസാനിക്കുമ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. മൈതാനങ്ങളുടെ ജീവനായ കാണികളെ ഒഴിവാക്കി ചില മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും പഴയ ആ പ്രതാപത്തിലേക്ക് എന്നാണിനി മൈതാനങ്ങൾ മടങ്ങിവരുക എന്ന ചോദ്യത്തിന് ഒരുത്തരവും ബാക്കിവെക്കാതെയാണ് ഈ വർഷം പിന്നിടുന്നത്.
2020 ലെ ഒളിമ്പിക്സ് ജപ്പാനിലെ ടോക്യോയിൽ ജൂലൈ മുതൽ ആഗസ്റ്റ് ഒമ്പതുവരെ നടക്കേണ്ടിതായിരുന്നു. പക്ഷേ, കോവിഡ് എല്ലാം തകർത്തു. പുതിയ ഏതാനും ഇനങ്ങൾകൂടി ഉൾപ്പെടുത്തിയതായിരുന്നു ടോക്യോ ഒളിമ്പിക്സ്. കൊറോണ തകർത്ത ഏറ്റവും വലിയ കായിക സ്വപ്നവും ഒളിമ്പിക്സായിരുന്നു. ഏതായാലും, 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടു വരെ ടോക്യോ നഗരത്തിൽ ഒളിമ്പിക്സ് നടത്താനാണ് തീരുമാനം. പക്ഷേ, അതിനായി അധികം ഫണ്ട് കണ്ടെത്തേണ്ട വിഷമസ്ഥിതിയിലാണ് ജപ്പാൻ. 1260 കോടി ഡോളറായിരുന്നു 2020 ഒളിമ്പിക്സിന് വേണ്ടിയിരുന്നതെങ്കിൽ ഇനിയത് നടത്താൻ 280 കോടി ഡോളർ അധികമായി കണ്ടെത്തേണ്ട പ്രതിസന്ധിയിലാണ് ജപ്പാൻ. പുതിയ സ്പോൺസർമാരെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ജപ്പാൻ നടത്തുന്നുണ്ട്.
കാൽപന്ത് കവർന്ന വൈറസ്
ലോക കപ്പ് ഫുട്ബാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവേശത്തോടെ കാൽപന്തു പ്രേമികൾ കാത്തിരിക്കുന്നത് യൂറോ കപ്പിനാണ്. പക്ഷേ, എല്ലാം ലോകം കീഴടക്കിയ കോവിഡ് കൊടുങ്കാറ്റിൽ കടപുഴകി. വമ്പന്മാരുടെ പോരാട്ടങ്ങൾ കണ്ട് കണ്ണുമിഴിക്കേണ്ട മൈതാനങ്ങൾ പന്തുരുളാതെ നിശ്ചലമായി കിടക്കുന്നു.
2020 ജൂൺ 12 മുതൽ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് തീരുമാനിച്ചിരുന്നത്. 2021 ജൂൺ 11 മുതൽ ജൂലൈ 11 വരെ തീയതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
മഴ പൊഴിയുന്ന മാനത്തിനു കീഴിൽ കുടചൂടിയിരുന്ന് ടെന്നിസ് കാണുന്നവരാണ് വിംബിൾഡണിലെ കാണികൾ. പക്ഷേ, കോവിഡ് പേമാരി ചെറുക്കാൻ ഒരു കുടയും കിട്ടാതായപ്പോൾ രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി വിംബിൾഡൺ ചാമ്പ്യൻഷിപ് ഉപേക്ഷിക്കേണ്ടിവന്നു.
ട്വൻറി 20 ലോകകപ്പ്
ആസ്ട്രേലിയയിൽ 2020ൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോക കപ്പിന് ഒറ്റ പന്തുപോലും എറിയാൻ കോവിഡ് അനുവദിച്ചില്ല. എന്തായാലും 2020ലെയും 2021ലെയും ട്വൻറി 20 ലോകകപ്പുകൾ ഒന്നിനു പിന്നാലെ മറ്റൊന്നായി നടത്താനാണ് ഐ.സി.സി തീരുമാനിച്ചിരിക്കുന്നത്. 2020ലെ ട്വൻറി 20 ലോകകപ്പ് 2021 നവംബറിൽ നടത്താനാണ് പദ്ധതി. 2021ലെ ലോകകപ്പ് 2022 ഒക്ടോബറിലായിരിക്കും നടക്കുക.
2020ലെ വേൾഡ് അത്ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പിനെയും സ്വിസ് ഓപൺ, ഓർലിയൻസ് മാസ്റ്റേഴ്സ്, മലേഷ്യ ഓപൺ, സിംഗപുർ ഓപൺ, ഇന്ത്യ ഓപൺ, ജർമൻ ഓപൺ, ചൈന മാസ്റ്റേഴ്സ് തുടങ്ങിയ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പുകളെയും കോവിഡ് വിഴുങ്ങി. അനിശ്ചിതമായി നീട്ടിവെച്ചിരിക്കുന്ന ഈ ടൂർണമെൻറുകൾ നടക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല.
അതിവേഗം ചരിത്രമെഴുതുന്ന ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് കടിഞ്ഞാണിട്ടു കളഞ്ഞു കോവിഡ്. ആസ്ട്രേലിയൻ, മൊണാക്കോ, ആസ്ട്രിയ, ഫ്രഞ്ച് ബഹ്റൈൻ, കനേഡിയൻ, ഡച്ച്, സ്പാനിഷ് തുടങ്ങിയ ഗ്രാൻഡ് പ്രീകളും മാറ്റിവെച്ചിരിക്കുകയാണ്. മോട്ടോ ഗ്രാൻഡ്പ്രീകളും അനിശ്ചിതാവസ്ഥയിലാണ്.
മടങ്ങിവരുമോ ആ കാണികൾ?
കോവിഡ് ബാധിച്ച കാലത്ത് ക്രിക്കറ്റ്, ഫുട്ബാൾ ലീഗ് മത്സരങ്ങൾ കടുത്ത നിയന്ത്രണങ്ങളോടെ നടത്തുകയുണ്ടായി. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഐ.പി.എല്ലിെൻറ 13ാമത് എഡിഷൻ കാണികളെ പൂർണമായി ഒഴിവാക്കി യു.എ.ഇയിൽ നടത്തി. ഐ.എസ്.എല്ലും കാണികളെ ഒഴിവാക്കി നടത്തുന്നു. പ്രീമിയർ ലീഗും ലാ ലിഗായും സീരി എയും കാണികളെ നിയന്ത്രിച്ചാണ് നടത്തുന്നത്. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും കാണികളെ നിയന്ത്രിച്ചുകൊണ്ട് പുനരാരംഭിച്ചിട്ടുണ്ട്.
പഴയ കാലം പോലെ മൈതാനങ്ങൾ കാണികൾക്കു മുന്നിൽ നിയന്ത്രണങ്ങളില്ലാതെ തുറക്കുന്നൊരു സമയം വരുമോ...? വീണ്ടും കളിചിരികളും പിരിമുറുക്കങ്ങളും കൊടിയേറുമ്പോൾ ആ പടവുകളിൽ പതിവായി ആർത്തുവിളിച്ചവരിൽ എത്രപേർ തിരികെയെത്തും...? അവരിലെത്ര പേരെ കോവിഡ് അപഹരിച്ചിട്ടുണ്ടാവും..? ഉത്തരങ്ങളില്ലാത്ത കാലം മുന്നിലേക്കിട്ടാണ് മുറിവേറ്റ ഈ കായിക വർഷം വിടചൊല്ലുന്നത്......
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.