അവസാന സെഞ്ച്വറി നേടിയിട്ട് ആയിരം ദിവസം; കോഹ്‌ലിയെ ട്രോളി ഇംഗ്ലണ്ട് ഫാൻ ഗ്രൂപ്പ്; ഇന്ത്യൻ ആരാധകരുടെ കിടിലൻ മറുപടി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ ഇന്ത്യയുടെ വിരാട് കോഹ്‌ലി ഫോം കണ്ടെത്താനായി പാടുപെടുകയാണ്. താരത്തിന്‍റെ ബാറ്റിൽനിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് ഇന്നേക്ക് ആയിരം ദിവസങ്ങൾ പിന്നിട്ടു. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് സൂപ്പർതാരം അവസാനമായി സെഞ്ച്വറി നേടിയത്.

ഈ കാലയളവിൽ നിരവധി തവണ അർധ സെഞ്ച്വറി കുറിക്കുകയും 70നു മുകളിൽ റൺസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മൂന്നക്കം കടക്കാൻ മാത്രം താരത്തിനായില്ല. കോഹ്‌ലിയുടെ ഫോമില്ലായ്മയെ വിമര്‍ശിച്ച് നിരവധി സീനിയർ താരങ്ങളും ഇതിനിടെ രംഗത്തുവന്നിരുന്നു. എന്നാൽ, വെള്ളിയാഴ്ച താരത്തിന്‍റെ അവസാന സെഞ്ച്വറിയെ ഓർമിപ്പിച്ച് നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

എതിർടീമുകളെ വിറപ്പിക്കുന്നതിൽ പേരുകേട്ടവരാണ് ഇംഗ്ലണ്ടിന്‍റെ ആരാധക സംഘമായ ബാർമി ആർമി. അവരുടെ ട്വിറ്റർ പേജിൽ വിരാട് കോഹ്‌ലിയെ ട്രോളുന്ന കുറിപ്പ് ആരാധകരെ ശരിക്കും ചൊടിപ്പിച്ചു. കോഹ്‌ലിയുടെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത ആയിരം ദിനങ്ങൾ എന്ന കുറിപ്പാണ് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചത്.

പിന്നാലെ പോസ്റ്റിനു താഴെ ഇന്ത്യൻ ആരാധകരുടെ രസകരമായ മറുപടികളും നിറഞ്ഞു. ഇന്ത്യയിൽ ഏതെങ്കിലും ഫോർമാറ്റിൽ ഇംഗ്ലണ്ട് ഒരു പരമ്പര നേടിയിട്ട് 3,532 ദിവസങ്ങളായെന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഫോം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം. അതിനുള്ള കഠിന പ്രയത്നത്തിലാണ്. ഇന്ത്യ രണ്ടാം ഐ.സി.സി ട്വന്‍റി20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കോഹ്‌ലി ഫോം നിർണായകമാകും.

2007ലാണ് ഇന്ത്യ അവസാനമായി ടൂർണമെന്റിൽ വിജയിച്ചത്. 2022ലെ ഏഷ്യാ കപ്പിൽ കോഹ്‌ലി ഫോം കണ്ടെത്തിയില്ലെങ്കിൽ അത് താരത്തിന്‍റെ ഭാവിയെ കുറിച്ച് നിരവധി ചോദ്യങ്ങളുയർത്തും. എന്നാൽ, കോഹ്‌ലിയുടെ മോശം ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും താരം ഉടൻ തന്നെ ഫോം കണ്ടെത്തുമെന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രതികരിച്ചത്.

Tags:    
News Summary - 1000 days since Virat Kohli's last ton: Barmy Army takes DIG at batter, India fans give fitting reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.