സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സേവാഗ്, രാഹുൽ ദ്രാവിഡ് എന്നീ വലിയ വലിയ താരങ്ങൾ ഇന്ത്യൻ ടീമിൽ നിന്നും പിൻവാങ്ങിക്കൊണ്ടിരിക്കുന്ന സമയം. ഇനി ക്രിക്കറ്റിൽ ഇവരൊന്നുമുണ്ടാകില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അവരെ തന്നെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്ന സമയം. ഒരുപാട് കഴിവുള്ള കളിക്കാർ ഇന്ത്യയിൽ ഒട്ടാകെയുള്ളതിനാൽ ഇന്ത്യൻ ടീമിന് കളിക്കാർക്ക് ഒരു കുറവ് ഒരിക്കലുമുണ്ടാകില്ല. എന്നാലും ആര്... എവിടെ... എന്നൊക്കെയുള്ള ചോദ്യം ഇന്ത്യൻ ടീമിന് ഒരു ചോദ്യമായി തന്നെ നിലനിന്നിരിക്കണം. ഈ ഒരു കാലയളവിലാണ് വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നീ ത്രിമൂർത്തികൾ ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖമായി മാറുന്നത്.
2013ൽ ആസ്ട്രേലിക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അങ്ങനെയൊന്നും മറക്കാൻ സാധ്യതയില്ല. ഇരു ടീമുകളും കട്ടക്ക് കട്ടക്ക് നിന്ന പരമ്പരയിൽ 3-2 എന്ന നിലയിൽ ഒടുവിൽ ഇന്ത്യ വിജയിക്കുകയായിരുന്നു. രോഹിത് ശർമ എന്ന അതികായൻ അദ്ദേഹത്തിന്‍റെ സകല പോട്ടെൻഷ്യലും ലോകത്തിന് മുന്നിൽ കാണിച്ച പരമ്പരയായിരുന്നു ഇത്. മൂവരും ഇന്ത്യയുടെ നെടും തൂണുകളായി വാണിരുന്ന കാലം. രോഹിത് പരാജയപ്പെട്ടാൽ ധവാനുണ്ടാകും ധവാൻ പരാജയപ്പെട്ടാൽ രോഹിത്തുംം ഇരുവരും പരാജയപ്പെട്ടാൽ വിരാട് കോഹ്ലിയുമുണ്ടാകും. ഇനി മൂവരും ഒരുമിച്ച് ഫോമായാലോ? അന്ന് എതിരാളികൾക്ക് ഒന്ന് കണ്ണ് ചിമ്മാനുള്ള അവസരം പോലുമുണ്ടാകില്ല. അത്തരത്തിൽ മൂവരും ഇന്ത്യൻ ടീമിനായി ഒരുപോലെ തകർത്തടിച്ച് കങ്കാരുക്കളെ ഇല്ലാതെയാക്കിയ മത്സരമാണ് ഈ പരമ്പരയിലെ രണ്ടാം മത്സരം.
ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയ ഇന്ത്യയെ അനായാസം പരാജയപ്പെടുത്തിയിരുന്നു. ജോർജ് ബെയ്‍ലിക്ക് കീഴിലുള്ള അന്നത്തെ ആസ്ട്രേലിയ വളരെ അപകടകാരികളായിരുന്നു. ആക്രമണമായിരുന്നു ബെയ്‍ലിയുടെ ശൈലി. എന്നാൽ സാക്ഷാൽ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ഇന്ത്യ ആസ്ട്രേലിയ വെല്ലുവിളിക്കാൻ പോന്നവർ തന്നെയായിരുന്നു. തുല്യശക്തികൾ ഏറ്റുമുട്ടിയ ഈ പരമ്പര അവസാനിച്ചപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി മാറുകയായിരുന്നു. പുനെയിൽ നടന്ന ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ എത് വിലകൊടുത്തും വിജയിച്ചേ മതിയാകൂ.
ആദ്യ ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 359 എന്ന കൂറ്റൻ സ്കോർ നേടി. ആസ്ട്രേലിയൻ ബാറ്റിങ് പടയിലെ ആദ്യ അഞ്ച് പേരും അർധസെഞ്ച്വറി നേടിയിരുന്നു. ആദ്യ പകുതി കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീം ഇത് ചെയ്സ് ചെയ്യുമോ, ഇത് സാധ്യമാണോ എന്നുള്ള ഒരുപാട് ചിന്തകൾ ആരാധകരുടെ ഇടയിൽ തന്നെ ഉണ്ടായിരിക്കണം. എന്നാൽ ഇന്ത്യൻ ടോപ് ഓർഡറിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. ധവൻ-രോഹിത് എന്നിവർ ഓപ്പൺ ചെയ്ത ഇന്ത്യൻ ഇന്നിങ്സിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിങ്ക് സിറ്റിയായ ജയ്പൂർ അന്ന് ചുവപ്പ് നിറമായി മാറി, ആസ്ട്രേലിയൻ രക്തക്കറയുടെ ചുവപ്പ്.
മത്സരം അവസാനിച്ചപ്പോൾ 43.3 ഓവറിൽ 362 റൺസുമായി ഇന്ത്യ വിജയിച്ചിരിക്കുന്നു. ഇന്ത്യൻ ബാറ്റിങ് ത്രിമൂർത്തികൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. രണ്ടും കൽപിച്ച് കച്ചക്കെട്ടിയിറങ്ങി ആക്രമിച്ച് കളിച്ച മൂന്ന് പേരിൽ രണ്ട് പേർ ശതകം തികച്ചപ്പോൾ ഒരാൾ 95 റൺസും നേടി. രോഹിത് ശർമ 123 പന്ത് നേരിട്ട് 17 ഫോറും നാല് സിക്സറുമടിച്ച് 141 റൺസ് നേടിയപ്പോൾ ശിഖർ ധവാൻ 14 ഫോറിന്‍റെ അകമ്പടിയോടെ 86 പന്തിൽ 95 റൺസ് നേടി. വിരാട് കോഹ്ലി 52 പന്ത് നേരിട്ട് എട്ട് ഫോറും ഏഴ് സിക്സറുമടിച്ച് 100 റൺസാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ സ്കോർബോർഡിൽ 176 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു ധവാൻ പുറത്താകുന്നത്. ഒരു വിക്കറ്റ് നേടിയതിൽ ആസ്ട്രേലിയ ചെറിയ ആശ്വാസം കണ്ടെത്തിയിരിക്കണം. എന്നാൽ അതിന് ശേഷമെത്തിയത് വിരാട് കോഹ്ലിയായിരുന്നു. വളരെ അഗ്രസീവായ താരമായിരുന്നു കോഹ്ലിയന്ന്, വെറും 24 വയസ്സുള്ള വിരാടിന് അന്ന് തന്നെ ഒരു ഇതിഹാസ സ്റ്റാറ്റസ് ഉണ്ടായിരുന്നു. ആ വിരാട് അക്ഷരാർത്ഥത്തിൽ ആളിക്കത്തുകയായിരുന്നു. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഇന്നും വിരാട് അന്ന് 52 പന്തിൽ നേടിയ സെഞ്ച്വറിയാണ്. വിരാട്-രോഹിത്-ധവാൻ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന് എന്തായിരുന്നുവെന്ന് ഈ മത്സരത്തിലെ സ്കോർകാർഡും ഈ പരമ്പരയുടെ റിസൾട്ടും മതിയാകും. ഇന്ന് ഈ മത്സരം നടന്നിട്ട് 11 വർഷമാകുന്നു. ഒരുപാട് നല്ല ഓർമകളിലേക്ക് ക്രിക്കറ്റ് ആരാധകരെ കൊണ്ടെത്തിക്കുന്ന 11 വർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.