കൊളംബോ: ലോകത്തെ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ. ഏഷ്യാ കപ്പിൽ അവർ മുഴുവൻ സ്ക്വാഡിനെ അണി നിരത്തിയിട്ടും തകർപ്പൻ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്‌ലിക്ക് മുൻപിൽ ലോകോത്തര ബൗളിങ് നിര ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടിയ (122*) വിരാട് കോഹ്‌ലി നടന്നുകയറിയത് റെക്കോർഡ് നേട്ടത്തിലേക്കായിരുന്നു. സക്ഷാൽ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡാണ് കോഹ്‌ലി പിന്നിട്ടത്. ലോകത്ത് എറ്റവും വേഗത്തിൽ 13000 റൺസ് നേടുന്ന താരമായി കോഹ്‌ലി. സച്ചിൻ തന്റെ 321-ാം ഇന്നിംഗ്‌സിൽ ആയിരിന്നു ഈ നേട്ടം കൈവരിച്ചതെങ്കിൽ കോഹ്‌ലി 267-ാം ഇന്നിംഗ്‌സിൽ 13000 പിന്നിട്ടു. ലോകത്ത് ഏറ്റവും വേഗത്തിൽ 8000, 9000, 10000, 11000, 12000 റൺസ് തികച്ചതും കോഹ്‌ലി തന്നെയാണ്.
ഏകദിനത്തിൽ 13,000 റൺസ് പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും താരമാണ് കോഹ്ലി. 445 ഏകദിനങ്ങൾ കളിച്ച മുൻ ശ്രീലങ്കൻ ഓപണർ സനത് ജയസൂര്യയാണ് (13430) കോഹ്‌ലിക്ക് തൊട്ടുമുകളിൽ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ്. 463 ഏകദിനങ്ങളിൽ നിന്ന് 18426 റൺസാണ് ഇതിഹാസ താരത്തിന്റെ സമ്പാദ്യം. 404 ഏകദിനങ്ങളിൽ നിന്ന് 14234 റൺസെടുത്ത ശ്രീലങ്കയുടെ കുമാർ സംഗകാരയാണ് രണ്ടാമത്. മുൻ ആസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങാണ് മൂന്നാമത്. 375 മത്സരങ്ങളിൽ നിന്ന് 13704 റൺസാണ് പോണ്ടിങ് നേടിയത്.
അതേ സമയം, സെഞ്ച്വറികളുടെ എണ്ണത്തിൽ കോഹ്‌ലി സാക്ഷാൽ സച്ചിൻ ടെൺഡുൽക്കറിന് തൊട്ടരികെയെത്തി. 49 സെഞ്ച്വറി നേടി ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന സച്ചിന് പിറകെ 47 സെഞ്ച്വറിയുമായി കോഹ്‌ലിയുണ്ട്. ഈ വർഷം തന്നെ എകദിനത്തിൽ 50 സെഞ്ച്വറി എന്ന മാന്ത്രിക സംഖ്യ കോഹ്ലിക്ക് സ്വന്തമാക്കാൻ കഴിഞ്ഞേക്കും. 30 സെഞ്ച്വറിയുമായി മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.