രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം; ഷമിയെ ബോർഡർ-ഗവാസ്കർ ട്രോഫിക്ക് പരിഗണിച്ചേക്കും

ഇൻഡോർ: ഒരു വർഷത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ പുറത്തെടുത്തത് തകർപ്പൻ പ്രകടനം. മധ്യപ്രദേശിനെതിരെ ബംഗാളിന് 11 റൺസ് ജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച 34കാരൻ രണ്ട് ഇന്നിങ്സിലുമായി ആകെ ഏഴ് വിക്കറ്റ് വീഴ്ത്തി.

ഇതോടെ ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഷമിയെ പരിഗണിക്കാനും സാധ്യതയേറി. മധ്യപ്രദേശിനെതിരായ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ 19 ഓവർ പന്തെറിഞ്ഞ ഷമി 54 റൺസ് വഴങ്ങിയാണ് നാലുപേരെ മടക്കിയത്. രണ്ടാം ഇന്നിങ്സിൽ ബംഗാളിനായി 36 പന്തിൽ 37 റൺസടിച്ച് ബാറ്റ് കൊണ്ടും മിന്നി താരം. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് ആവേശകരമായ കളിയിൽ 326ന് പുറത്തായി. 24.2 ഓവറിൽ 102 റൺസ് വിട്ടുനൽകിയാണ് ഷമി മൂന്ന് വിക്കറ്റെടുത്തത്.

അതേസമയം, ടെസ്റ്റ് പരമ്പരക്കായി തയാറെടുക്കുന്നതിനിടെ സൂപ്പർതാരം ശുഭ്മൻ ഗില്ലിന്‍റെ തള്ള വിരലിന് പരിക്കേറ്റത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. പരിശീലന മത്സരത്തിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന്‍റെ കൈവിരലിന് പരിക്കേറ്റത്.

22ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ താരം കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. രണ്ടാം ടെസ്റ്റിനു മുമ്പായി താരം പരിക്കിൽനിന്ന് മോചിതനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്‍റ്. തള്ളവിരലിൽ ചെറിയ പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞദിവസം പരിശീലനത്തിനിടെ കെ.എൽ. രാഹുലിനും വിരാട് കോഹ്ലിക്കും പരിക്കേറ്റിരുന്നു. എന്നാൽ, ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഒന്നാം ടെസ്റ്റിൽ കളിക്കുമെന്നും ടീം അധികൃതർ വ്യക്തമാക്കി. നായകൻ രോഹിത് ശർമ ഒന്നാം ടെസ്റ്റിനുണ്ടാകില്ലെന്നാണ് സൂചന.

രോഹിത്തിനും ഭാര്യ റിതിക സജദേഹിനും ആൺകുഞ്ഞ് പിറന്നിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം ഏതാനും ദിവസങ്ങളായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയാണ്. രോഹിത്തിന്‍റെ അഭാവത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം രാഹുൽ ഇന്ത്യക്കായി ഓപ്പൺ ചെയ്തേക്കും. അതേസമയം, രോഹിത്ത് മുംബൈയിൽ ബാറ്റിങ് പരിശീലനം തുടരുന്നുണ്ടെങ്കിലും താരത്തിന്‍റെ ആദ്യ ടെസ്റ്റിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.

റിതിക ഗർഭിണിയായ വിവരം ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. പെർത്ത് ടെസ്റ്റിൽ രോഹിത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് അനിശ്ചിതത്വമുണ്ടായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

Tags:    
News Summary - Muhammed Shami may be considered for the Border-Gavaskar Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.