‘‘അടിപൊളി ചേട്ടൻ...’’ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരായ നാലാമത്തെയും അവസാനത്തെയും മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യൻ ഓപണർ സഞ്ജു സാംസണിനെ അഭിനന്ദിച്ചുള്ള രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണിത്. സഞ്ജുവിന്റെ ഫോട്ടോകളും അനിമേറ്റഡ് വിഡിയോകളുമടക്കം മലയാളത്തിലെ ഹിറ്റ് പാട്ടുകൾക്കൊപ്പം പങ്കുവെച്ചാണ് രാജസ്ഥാൻ അവരുടെ നായകനെ ആഘോഷിക്കുന്നത്. ആ അഭിനന്ദനങ്ങളൊന്നും ഒട്ടും ഓവറല്ലെന്നതിൽ ആർക്കും തകർക്കമുണ്ടാവില്ല. ടീമിൽ സ്ഥിരം ടിക്കറ്റ് ഉറപ്പിക്കുന്ന വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യ സ്വന്തമാക്കിയ കഴിഞ്ഞ രണ്ട് പരമ്പരകളിലായി സഞ്ജുവിന്റെ ബാറ്റിൽ പിറന്നത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറി നേടിയാണ് താരം അടിച്ചുകേറി വന്നത്. സമ്മർദം നൽകാതെ സഞ്ജുവിനെ തുറന്നുവിട്ടാൽ അദ്ഭുതങ്ങൾ സമ്മാനിക്കുന്ന പ്രതിഭ പുറത്തുചാടുമെന്ന് ഐ.പി.എൽ തെളിയിച്ചതാണ്. ടോപ് ഓർഡർ സ്ഥാനത്തേക്ക് ഇടിച്ചുകയറാൻ ഏറെ പ്രയാസമുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇനി മാറ്റാനാവത്ത പേരായി നിലകൊള്ളുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജുവിന്റെ കടുത്ത വിമർശകർക്ക് ഇനി കുറച്ചുകാലം വിശ്രമിക്കാം...
ഒരു പരീക്ഷണത്തിനാണ് സഞ്ജുവിനെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഓപണിങ് സ്ഥാനത്തേക്ക് ബാറ്റുമായി പറഞ്ഞയച്ചത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും തീരുമാനമായിരുന്നു സഞ്ജുവിന് തുടർച്ചയായ ഏഴ് കളികളിൽ ഓപണിങ് സ്ഥാനം നൽകുക എന്നത്. ഈ കളികളിൽ എന്തുതന്നെ സംഭവിച്ചാലും സഞ്ജു ടീമിൽനിന്ന് പുറത്താകില്ലെന്ന് അവർ മലയാളി താരത്തിന് ഉറപ്പും നൽകിയിരുന്നു. ഈ പിന്തുണ സഞ്ജുവിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി. അതിന്റെ ഫലമാണ് ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്ക് എതിരെയുമുള്ള പരമ്പരകളിൽ സഞ്ജുവിൽ കണ്ടത്. പരീക്ഷണ അടിസ്ഥാനത്തിൽ ഓപണിങ് സ്ഥാനം ലഭിച്ച സഞ്ജു വെറും ഏഴ് കളികൊണ്ട് തന്റെ ഓപണിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു.
2026ലാണ് അടുത്ത ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ലോകകപ്പുവരെ ട്വന്റി20യിൽ ഇന്ത്യയുടെ ഓപണർ സഞ്ജുവായിരിക്കുമെന്ന് അവസാന രണ്ട് പരമ്പരകൾ കഴിഞ്ഞതോടെ ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. ‘വേറെ ലെവൽ’ ഫോമിൽ കളിക്കുമ്പോൾ ഇനി മറ്റൊരു ഓപണറെ ഇന്ത്യക്ക് തേടേണ്ടതില്ലെന്ന സൂചനയാണ് സഞ്ജു നൽകിയത്. ബംഗ്ലാദേശിന് എതിരായ പരമ്പരക്ക് മുമ്പ് യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലുമായിരുന്നു ടീം ഇന്ത്യയുടെ ഓപണർമാർ. എന്നാൽ, സഞ്ജുവിന്റെ ഫോമിൽ ഇവരിൽ ഒരാൾക്ക് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായേക്കും.
പെട്ടിയിലാക്കി റെക്കോഡ്
ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കും എതിരെ നടന്ന ഇന്ത്യയുടെ പരമ്പരക്കുശേഷം നിരവധി റെക്കോഡുകളാണ് സഞ്ജു തന്റെ പെട്ടിയിലാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി മാറിയതാണ് അതിൽ പ്രധാനം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്ട്ടിനുശേഷം ട്വന്റി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു ആയി. ട്വൻറി20 ഫോർമാറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ 50നു മുകളിൽ സ്കോറുകൾ നേടിയ വിക്കറ്റ് കീപ്പർ ബാറ്ററായും മാറി. അടുത്തടുത്ത മാച്ചുകളിൽ അന്താരാഷ്ട്ര ട്വന്റി20 സെഞ്ചുറികൾ നേടുന്ന ലോകത്തെ നാലാമത്തെ താരം, ഒരു ഇന്നിങ്ങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരം തുടങ്ങി നിരവധി റെക്കോഡുകളാണ് താരം അഞ്ച് മത്സരങ്ങൾക്കിടെ അടിച്ചുകൂട്ടിയത്. തിലക് വർമക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന പാർട്ട്ണർഷിപ്പും സ്വന്തമാക്കി. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവർക്ക് ശേഷം ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരവും സഞ്ജുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.