രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറി രണ്ട് ഇന്നിങ്സിലും അർധശതകം നേടിയ സർഫറാസ് ഖാന്റെ പ്രകടനം ഒന്നരപ്പതിറ്റാണ്ടായി ഒരു പിതാവും മകനും നടത്തിയ കഠിനാധ്വാനത്തിന്റെ ശുഭഫലമായിരുന്നു. നെറ്റ്സിൽ ദിവസവും 500 പന്തുകളാണ് സർഫറാസ് കളിക്കാറ്. ഇന്ത്യൻ ജഴ്സിയണിയുന്ന സ്വപ്നം കണ്ട പിതാവ് നൗഷാദ് ഖാന്റെ മേൽനോട്ടത്തിൽ തീവ്രപരിശീലനം തുടർന്ന താരം ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി തിളങ്ങുന്നുണ്ടെങ്കിലും ദേശീയ ടീമിലേക്ക് വിളിയെത്താൻ വൈകി. ഒടുവിൽ, രാജ്കോട്ടിൽ മുൻ നായകൻ അനിൽ കുംബ്ലെയിൽനിന്ന് ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങി സർഫറാസ്.
തൊപ്പി കൈമാറിക്കൊണ്ട് കുംബ്ലെ ഇങ്ങനെ പറഞ്ഞു: ‘‘താങ്കൾ കടന്നുവന്ന വഴിയിൽ ശരിക്കും അഭിമാനിക്കുന്നു. ഇത് നേടിയതിൽ താങ്കളുടെ പിതാവും കുടുംബവും അങ്ങേയറ്റം അഭിമാനിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ എല്ലാ കഠിനാധ്വാനവും ചെയ്തുവെന്ന് എനിക്കറിയാം. ചില നിരാശകൾ ഉണ്ടായെങ്കിലും ആഭ്യന്തര സീസണിൽ നിങ്ങൾ നേടിയ എല്ലാ റണ്ണുകളും നിങ്ങളെ ഇവിടെ എത്തിച്ചു.
ഒരുപാട് മനോഹരമായ ഓർമകൾ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ഒരു നീണ്ട കരിയറിന്റെ തുടക്കമാണ്. നിങ്ങൾക്ക് മുമ്പ് 310 പേർ മാത്രമേ (ഇന്ത്യൻ ടെസ്റ്റ് ടീമിൽ) കളിച്ചിട്ടുള്ളൂ. എല്ലാ ആശംസകളും”. സർഫറാസിനെപ്പോലൊരു തുടക്കക്കാരന് ഇതിൽപരം സന്തോഷവും അഭിമാനവും നൽകുന്ന വാക്കുകളില്ല. ഗാലറിയിലിരുന്ന് ജീവിതസഖി റുമാന സഹൂറും പിതാവ് നൗഷാദ് ഖാനും നിറകണ്ണുകളോടെ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കോവിഡ് ലോക്ഡൗൺ സമയത്ത് മുംബൈയിലെ ഓവൽ, ക്രോസ്, ആസാദ് മൈതാനങ്ങളിലുടനീളം ഓഫ്, ലെഗ്, ലെഫ്റ്റ് ആം സ്പിന്നർമാരെ നേരിട്ട് പ്രതിദിനം 500 ഡെലിവറികൾ കളിച്ചിരുന്നു സർഫറാസ്. ടോം ഹാർട്ട്ലി, ജോ റൂട്ട്, റെഹാൻ അഹ്മദ് തുടങ്ങിയ ബൗളർമാരെ അനായാസം നേരിടാൻ താരത്തെ പ്രാപ്തനാക്കിയത് ഈ പരിശീലനമാണ്. ലോക്ഡൗൺ കാലത്ത് 1600 കിലോമീറ്റർ സഞ്ചരിച്ച ഒരു കാർ യാത്ര നടത്തിയിരുന്നു സർഫറാസ്.
മുംബൈയിൽ നിന്ന് അംറോഹ, മുറാദാബാദ്, മീററ്റ്, കാൺപുർ, മഥുര, ഡറാഡൂൺ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. അവിടെ വിവിധ സ്വഭാവങ്ങളിലുള്ള പിച്ചുകളിൽ പരിശീലിച്ചു.
ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഗൗതം ഗംഭീർ, അഭിമന്യു ഈശ്വരൻ എന്നിവരുടെ പരിശീലകരും തങ്ങളുടെ ചെറിയ സംഭാവനകൾ നൽകി. അവരെല്ലാം സ്പിന്നർമാർക്കെതിരെ സർഫറാസിന്റെ നെറ്റ് സെഷനുകൾ ക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.