vignesh puthur

'നീ കൊള്ളാമെടാ മോനെ'; വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിച്ച് ധോണി, ആരാധന വെളിപ്പെടുത്തി മലയാളി താരം

.പി.എല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ നാലുവിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. റണ്ണെടുക്കാൻ മറന്ന മുംബൈയെ അഞ്ചു പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. രചിൻ രവീന്ദ്രയുടെയും (65) ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദിന്റെയും (53) ഇന്നിങ്സാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്.

മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഇന്നലെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു. ആദ്യ കളിയിൽ തന്നെ മൂന്ന് വിക്കറ്റുമായി സ്വപ്നതുല്യ നേട്ടമാണ് മലപ്പുറം സ്വദേശിയായ ഈ 24കാരൻ സ്പിന്നർ കൈവരിച്ചത്. രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

 

26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കി വിഘ്നേഷ് തന്‍റെ വരവറിയിക്കുകയും ചെയ്തു.

മത്സരശേഷം ചെന്നൈയുടെ സൂപ്പർ താരം എം.എസ്. ധോണി വിഘ്നേഷിനടുത്തെത്തി തോളിൽ തട്ടി അഭിനന്ദിച്ചത് വൈകാരിക നിമിഷങ്ങളായി. കളിക്കാർ പരസ്പരം കൈകൊടുക്കുന്നതിനിടെ വിഘ്നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിച്ചു. ഈ സമയത്ത് വിഘ്നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. സ്‌നേഹത്തോടെ ധോണി താരത്തെ ചേര്‍ത്തുപിടിക്കുന്നതും കാണാനായി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ഇന്നലത്തെ മത്സരത്തിൽ താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ചെന്നൈയെ ഓപണർ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക് വാദും ചേർന്ന് അനായാസ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിഗ്നേഷ് പുത്തൂർ മത്സരം ത്രില്ലർ മോഡിലേക്ക് മാറ്റിയത്.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് വിഘ്നേഷ്. കേരളത്തിനായി സീനിയർ ലെവലിൽ പോലും കളിച്ചിട്ടില്ലാത്ത വിഘ്നേഷിനെ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി നടത്തിയ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 

Tags:    
News Summary - MS Dhoni listens to Vignesh Puthur, then makes his day with million-dollar gesture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.