ഐ.പി.എൽ ഫൈനൽ മത്സരം മഴകൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ചെന്നൈ സൂപ്പർകിങ്സും ആരാധകരും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരമാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. ഇന്നും മഴമുടക്കിയാൽ പോയിന്റ് അടിസ്ഥാനത്തിൽ മുന്നിലുള്ള ഗുജറാത്ത് ടൈറ്റൻസ് ജേതാക്കളാകും.
ചെന്നൈ നായകനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിലൊരാളുമായ എം.എസ്.ധോണിയുടെ കരിയറിലെ മഴ പരീക്ഷിച്ച നിർണായകമായ മൂന്ന് മത്സരങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ഇന്ത്യ vs ഇംഗ്ലണ്ട് (ചാമ്പ്യൻസ് ട്രോഫി, 2013):
ബർമിംഗ്ഹാമിൽ നടന്ന 2013 ചാമ്പ്യൻസ് ട്രോഫി ഫൈനൽ, കനത്ത മഴ തുടർന്ന് മത്സരം 20 ഓവർ വീതമാക്കി വെട്ടിച്ചുരുക്കി. പിച്ചിലെ ഈർപ്പം പ്രയോജനപ്പെടുത്താൻ ഇംഗ്ലണ്ട് നായകൻ അലസ്റ്റർ കുക്ക് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. നാലാം ഓവറിൽ രോഹിത് ശർമയെ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കി ഞെട്ടിച്ചു. വിരാട് കോഹ്‌ലിയും (43), ശിഖർ ധവാനും (31), രവീന്ദ്ര ജഡേജയും (33) ചേർന്ന് ഇന്ത്യയെ 129 റൺസ് എന്ന മാന്യമായ സ്‌കോറിലെത്തിച്ചു.
മറുപടി ബാറ്റിങ് തുടക്കം പാളിയെങ്കിലും ഇയോൻ മോർഗനും രവി ബൊപ്പാരയും ചേർന്ന് ടീമിനെ വിജയത്തോടടുപ്പിച്ചു. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രവിചന്ദ്ര അശ്വിൻ ഒമ്പത് റൺസ് മാത്രം വഴങ്ങി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഈ വിജയത്തോടെ, 2007 ട്വന്റി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ഉൾപ്പെടെ മൂന്ന് ഐ.സി.സി ഇവന്റുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനായി എം.എസ് ധോണി മാറി.
ചെന്നൈ vs ബാംഗ്ലൂർ (ചാമ്പ്യൻസ് ലീഗ് ട്വന്റി-20, 2010-11) :
2010-11 ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20യുടെ ആദ്യ സെമിയിൽ ഏറ്റുമുട്ടിയത് ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു. ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2.5 ഓവർ ആയപ്പോഴേക്കും മഴ കളിമുടക്കി. മൂന്നുമണിക്കൂറോളം നിർത്തിവെച്ച് കളി പുനരാരംഭിച്ചത് 17 ഓവറായി ചുരുക്കിയാണ്. സുരേഷ് റെയ്‌ന 48 പന്തിൽ 94* റൺസ് നേടി ചെന്നൈയെ 174/4 മികച്ച ടോട്ടലിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് 16.2 ഓവറിൽ 123 റൺസിന് പുറത്തായി. എം.എസ് ധോണിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയമായിരുന്നു ഇത്.
ഇന്ത്യ vs ന്യൂസിലാൻഡ് (എകദിന ലോകകപ്പ്, 2019):
2019 ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ -ന്യൂസിലൻഡുമായാണ് കൊമ്പുകോർത്തത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് കെയ്ൻ വില്യംസൻ (67) റോസ് ടെയ്‌ലർ (74) എന്നിവരുടെ മികവിൽ മാന്യമായ സ്കോറിലെത്തി. റോസ് ടെയ്‌ലർ പുറത്താകുന്നതിന് മുൻപ് 47ാം ഓവറിലാണ് മഴയെത്തുന്നത്. എന്നാൽ ആ ദിവസം മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും കളിയൊന്നും സാധ്യമാകാത്തതിനാൽ റിസർവ് ദിനത്തിലേക്ക് മാറ്റി. ന്യൂസിലൻഡ് 50 ഓവറിൽ 239/8 എന്ന സ്‌കോർ നേടി. എന്നാൽ മറുപടി ബാറ്റിങ്ങിൽ ടീം ഇന്ത്യയുടെ മുൻനിര അമ്പേ പരാജയപ്പെട്ടു. ധോണിയും (50) രവീന്ദ്ര ജഡേജയും (77) ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്ത്യയുടെ ഇന്നിങ്സ് 221 ൽ അവസാനിച്ചു. 216 ൽ നിൽകെ ധോണിയെ ഒന്നാന്തരം റണ്ണൗട്ടിലൂടെ ഗുപ്ടിൽ പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ മൂന്നാം ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.