ന്യൂഡൽഹി: 1983 ജൂൺ 25. ലോർഡ്സ് മൈതാനം. ഏകദിന ലോകകപ്പിൽ എല്ലാവരും വെസ്റ്റിൻഡീസിെൻറ ഹാട്രിക് കിരീടം കാത്തിരിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിനു പുറത്തായതോടെ വിൻഡീസ് കിരീടം ഉറപ്പിച്ചു. എന്നാൽ, കപിൽ ദേവും കൂട്ടരും കളി അവിടെ തുടങ്ങി.
വിഖ്യാത ബാറ്റ്സ്മാന്മാർ അടങ്ങുന്ന വിൻഡീസിനെ 140 റൺസിൽ ഒതുക്കി കൊയ്തെടുത്തത് 43 റൺസിെൻറ വിജയവും ലോകകപ്പും. 37 വർഷം മുമ്പുള്ള ഈ ദിവസമായിരുന്നു ലോക ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് തുടക്കമായതും. ഇന്ത്യയിൽ ഏറ്റവും ജനകീയ കായിക വിനോദമായി ക്രിക്കറ്റിനെ മാറ്റിയത് 1983ലെ കിരീടനേട്ടമാണ്.
ആദ്യം ബാറ്റ് ചെയ്ത് 183 റൺസിന് പുറത്തായപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നതായി ഫൈനലിൽ 38 റൺസെടുത്ത് ടോപ് സ്കോററായ കൃഷ്ണമാചാരി ശ്രീകാന്ത് ഓർത്തെടുക്കുന്നു. ''ഗോർഡൻ ഗ്രീനിഡ്ജും വിവിയൻ റിച്ചാർഡ്സും ക്ലൈവ് ലോയ്ഡും അടങ്ങുന്ന ബാറ്റിങ്നിരക്ക് 183 റൺസ് ഒന്നുമായിരുന്നില്ല.
ബൗളിങ്ങിന് ഇറങ്ങുംമുമ്പ് കപിൽ ഒറ്റക്കാര്യം മാത്രമാണ് പറഞ്ഞത്. അത് ജയിക്കണമെന്നായിരുന്നില്ല. നോക്കൂ,183 റൺസിന് പുറത്തായി. നമ്മൾ ചെറുത്തുനിൽക്കണം. മത്സരം എളുപ്പത്തിൽ വിട്ടുനൽകരുത് എന്ന് മാത്രമായിരുന്നു'' -ശ്രീകാന്ത് പറഞ്ഞു.
ഫൈനലിെൻറ തലേദിവസം കാര്യമായ സമ്മർദം ഒന്നും അറിയപ്പെട്ടിരുന്നില്ല. വിൻഡീസിനായിരുന്നു എല്ലാ സാധ്യതയും. 1975ലും 79ലും അവരായിരുന്നു വിജയികൾ. ക്രിക്കറ്റ് ബോർഡിെൻറ ഉന്നത ഉദ്യോഗസ്ഥർ ഫൈനലിെൻറ തലേദിവസംതന്നെ 25,000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
മൂന്നു വിക്കറ്റ് വീതമെടുത്ത മദൻലാലിെൻറയും അമർനാഥിെൻറയും മികവിലാണ് ഇന്ത്യ കിരീടം നേടിയത്. മൊഹീന്ദർ അമർനാഥായിരുന്നു ഫൈനലിലെ മികച്ച കളിക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.