ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ഡെന്നിസ് ലില്ലി 1977 മാർച്ച് 13ന് ടെസ്റ്റ് ക്രിക്കറ്റ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ആസ്ട്രേലിയ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ 26 റൺസിന് ആറു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ 34.3 ഓവറിൽ 95 റൺസിന് പുറത്താക്കി പുതുചരിത്രമെഴുതി. 1949 ജൂലൈ 18ന് ആസ്ട്രേലിയയിലെ സുബിയാക്കോയിൽ ജനിച്ച ഡെന്നിസ് കീത്ത് ലില്ലി അഡ്ലെയ്ഡിൽ 1971 ജനുവരി 21ന് നടന്ന ആഷസ് പരമ്പരയിലെ ആറാമത്തെ ടെസ്റ്റിലാണ് തന്റെ കന്നി മത്സരം കളിച്ചത്. 13 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 70 മത്സരങ്ങൾ കളിച്ച ലില്ലി 355 വിക്കറ്റുകൾ വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. മണിക്കൂറിൽ 154.8 കിലോമീറ്ററായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ലില്ലിയുടെ ഏറ്റവും വേഗമേറിയ പന്ത്.
വെസ്റ്റിൻഡീസിനെതിരെ 1981ൽ 83 റൺസ് വിട്ടുകൊടുത്ത് ഏഴു വിക്കറ്റ് നേടിയതാണ് ടെസ്റ്റ് കരിയറിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റിൽ ഏഴു തവണ പത്തു വിക്കറ്റ് നേട്ടവും 23 തവണ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ സ്പെഷലിസ്റ്റ് ഫാസ്റ്റ് ബൗളറായി ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയ ലില്ലി 1973ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2009ൽ ഐ.സി.സി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ലില്ലിയെ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.