ക്രിക്കറ്റിൽ പല വിചിത്രമായ ഔട്ടുകളും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു റണ്ണൗട്ടിന് വിധേയനായിരിക്കുകയാണ് വെസ്റ്റിൻഡീസ് താരം ആൻഡ്രെ റസ്സൽ. വെള്ളിയാഴ്ച ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് സംഭവം.
മിർപുരിൽ നടന്ന ബി.പി.എൽ മത്സരത്തിൽ ഖുൽന ടൈഗേഴ്സിനെതിരെ മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു റസൽ. തിസാര പെരേരയുടെ പന്ത് തേർഡ് മാന് നേരെ അടിച്ച റസൽ നോൺ സ്ട്രൈക്കിൽനിന്ന് മഹമ്മദുല്ലയെ റണ്ണിനായി വിളിച്ചു.
ഖുൽന ടൈഗേഴ്സിന്റെ മഹ്ദി ഹസൻ പന്ത് ഉടൻ തന്നെ പിടിച്ചെടുത്ത് സ്ട്രൈക്കറുടെ അറ്റത്തേക്ക് എറിഞ്ഞു. പന്ത് സ്റ്റമ്പിൽ തട്ടിയെങ്കിലും മഹമ്മദുല്ല കൃത്യസമയത്ത് ക്രീസിലെത്തിയിരുന്നു. എന്നാൽ, പന്ത് അവിടെ നിന്നില്ല.
അത് നോൺ സ്ട്രൈക്കറുടെ ഭാഗത്തേക്ക് നീങ്ങുകയും സ്റ്റമ്പിൽ കൊള്ളുകയും ചെയ്തു. ഈ സമയം റസ്സൽ ക്രീസിൽ എത്തിയിരുന്നില്ല. പതിയെ വന്നതാണ് റസ്സലിന് വിനയായത്. ഇതോടെ ഖുൽന ടൈഗേഴ്സ് താരങ്ങൾ ആഘോഷം തുടങ്ങി. റസ്സൽ നിരാശയോടെ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 'അവിശ്വസനീയം' എന്ന് വിശേഷിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ ഇത്തരമൊരു കാര്യം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു.
മത്സരത്തിൽ ഖുൽന ടൈഗേഴ്സ് അഞ്ച് വിക്കറ്റിന് ജയിച്ചു. 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഖുൽന ഒരു ഓവർ ബാക്കിനിൽക്കെ ധാക്കയുടെ സ്കോർ മറികടന്നു.
Andre Russell gets run-out in strangest possible way, Fans say 'unlucky'#AndreRussell #BBL11 pic.twitter.com/tSsNhuNAi4
— Tejas Sharma 4 (@TEJASSH17721670) January 22, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.