ട്വന്‍റി20 ലോകകപ്പ് സെമി ഫൈനൽ മത്സരം ബുധനാഴ്ച തുടങ്ങാനിരിക്കെ, ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എബി ഡി വില്ലിയേഴ്സ്. ആദ്യ സെമിയിൽ ന്യൂസിലാൻഡും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടും.
വ്യാഴാഴ്ച രണ്ടാം സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്. ഇതിനിടെയാണ് ഫൈനലിൽ എത്തുന്ന ടീമുകളെ പ്രവചിച്ച് ഡി വില്ലിയേഴ്സ് രംഗത്തുവന്നത്. ഇന്ത്യയും ന്യൂസിലാൻഡും കലാശപ്പോരിൽ ഏറ്റുമുട്ടുമെന്ന് താരം പറയുന്നു. കീവീസിനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം തവണ ലോക കിരീടം നേടുമെന്നും താരം പ്രവചിക്കുന്നു.
'ഇന്ത്യയും ന്യൂസിലാൻഡും ഫൈനൽ കളിക്കും. ഇന്ത്യ ജയിക്കുമെന്ന് ഞാൻ കരുതുന്നു' -ന്യൂസ് ഏജൻസിയായ എ.എൻ.ഐയോട് താരം വെളിപ്പെടുത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ കീവീസിനെതിരെ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ കീവീസിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
കൂടാതെ, ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റിരുന്നു. ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങളും നന്നായി കളിക്കുന്നുണ്ട്. സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും മികച്ച ഫോമിലാണ്. രോഹിത് ശർമ ഏതു സമയവും ഫോമിലേക്ക് ഉയരും. ബാറ്റിങ് ലൈനപ്പും ടീമും കഴിവുറ്റതാണ്.
ഏറ്റവും വലിയ പരീക്ഷണമായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ, അവർ മികച്ച കളി പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ്. സെമിയിൽ ജയിച്ചാൽ അവർ കപ്പ് ഉയർത്തുമെന്നും ഡി വില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.