‘ഐശ്വര്യ റായി’ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പാകിസ്താൻ താരം അബ്ദുൽ റസാഖ്

കറാച്ചി: ടെലിവിഷൻ ചർച്ചയിൽ പാകിസ്താൻ ടീമിന്റെ ദയനീയ പ്രകടനത്തെ വിമർശിക്കുന്നതിനിടെ ബോളിവുഡ് നടി ഐശ്വര്യ റായിയെ പരാമർശിച്ച് വിവാദത്തിലായ മുൻ പാക് ആൾറൗണ്ടർ അബ്ദുൽ റസാഖ് മാപ്പ് പറഞ്ഞു. ‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ല’ എന്നായിരുന്നു താരത്തിന്‍റെ പരാമർശം. ഇതിന് പിന്നാലെ മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.

ഇതോടെയാണ് താരം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. അതൊരു നാക്കുപിഴയായിരുന്നെന്നും അവരോട് മാപ്പ് ചോദിക്കുന്നെന്നും താരം പാകിസ്താൻ ടെലിവിഷൻ ചാനലായ സമ ടി.വിയിലൂടെ അറിയിച്ചു. ‘ഞങ്ങൾ ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു. എനിക്ക് നാക്ക് പിഴയുണ്ടായി, ഐശ്വര്യ റായിയുടെ പേര് തെറ്റായ രീതിയിൽ ഉപയോഗിച്ചു. ഞാൻ അവരോട് വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല’, റസാഖ് പറഞ്ഞു.

മുൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമർ ഗുൽ എന്നിവർ കൂടി പ​ങ്കെടുത്ത ചർച്ചയിലായിരുന്നു റസാഖിന്റെ വിവാദ പരാമർശം. ‘പി.സി.ബിയുടെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ കളിക്കുന്ന സമയത്ത് ക്യാപ്റ്റനെന്ന നിലയിൽ വ്യക്തമായ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള ആളായിരുന്നു യൂനുസ് ഖാൻ. മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതെനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. ഇവിടെയുള്ള എല്ലാവരും പാകിസ്താൻ ക്രിക്കറ്റ് ടീമിനെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. സത്യത്തിൽ, മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും നമുക്ക് എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചാൽ അതു നടക്കണമെന്നില്ല’, എന്നിങ്ങനെയായിരുന്നു റസാഖിന്റെ പരാമർശം. റസാഖിന്‍റെ വാക്കുകൾ കേട്ട് അഫ്രീദിയും ഗുല്ലും പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തിരുന്നു.

മുൻ പാക് താരം ശുഐബ് അക്തർ ഉൾപ്പെടെയുള്ളവർ റസാഖിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ‘റസാഖിന്റെ അനുചിതമായ തമാശയെ അങ്ങേയറ്റം അപലപിക്കുന്നു. ഒരു സ്ത്രീയെയും ഇങ്ങനെ അപമാനിക്കരുത്’, എന്നിങ്ങനെയായിരുന്നു അക്തറിന്റെ പ്രതികരണം. 

Tags:    
News Summary - Abdul Razzaq apologizes for 'Aishwarya Rai' reference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.