മുംബൈ: യുവ ക്രിക്കറ്റ് താരങ്ങളെല്ലാം രാഹുൽ ദ്രാവിഡിനൊപ്പം പ്രവർത്തിക്കാൻ സ്വപ്നം കാണുന്നവരാണ്. യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും അവസരം നൽകാനും ദ്രാവിഡ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇന്ത്യ 2018ൽ അണ്ടർ -19 ലോക കിരീടം നേടുമ്പോൾ ദ്രാവിഡായിരുന്നു മുഖ്യ പരിശീലകൻ. അഭിഷേക് ശർമയും അന്ന് ടീമിലുണ്ടായിരുന്നു. അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യൻ യുവനിര ഫൈനലില്‍ ആസ്‌ട്രേലിയയെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് കിരീടം ചൂടിയത്. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനുമുന്നോടിയായി ദ്രാവിഡ് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ സംസാരിച്ച അനുഭവം ഓർത്തെടുത്തിരിക്കുകയാണ് ഇപ്പോൾ അഭിഷേക്. ഏഷ്യ കപ്പിൽ ബംഗ്ലാദേശിനോട് തോറ്റതിനു പിന്നാലെയാണ് ഇരു ടീമുകളും ലോകകപ്പിലും നേർക്കുനേർ വരുന്നത്.
ഏഷ്യ കപ്പ് മത്സരത്തിനിടെ ബംഗ്ലാദേശ് താരങ്ങൾ പലപ്പോഴും പ്രകോപനം സൃഷ്ടിച്ചിരുന്നു. പെരുമാറ്റം പലപ്പോഴും താരങ്ങളെ മാനസ്സികമായി സമ്മർദത്തിലാക്കി. ലോകകപ്പിലും ബംഗ്ലാദേശ് താരങ്ങൾ പ്രകോപനം സൃഷ്ടിച്ചാൽ അതുപോലെ തിരിച്ചുകൊടുക്കാനാണ് ദ്രാവിഡ് അന്ന് താരങ്ങൾക്ക് നിർദേശം നൽകിയത്. ‘അണ്ടർ -19 ഏഷ്യ കപ്പിൽ ഞങ്ങൾ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ലോകകപ്പിൽ വീണ്ടും അവരെ നേരിടാനിരിക്കെ, ദ്രാവിഡ് ഞങ്ങൾക്ക് ഒരു ഉപദേശം തന്നു. കളത്തിൽ അവർ പ്രകോപനം സൃഷ്ടിച്ചാൽ നിങ്ങൾ തിരിച്ചും അതുപോലെ പെരുമാറുക. അദ്ദേഹത്തിൽനിന്ന് ആരും അത്തരത്തിലൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ വളരെ ആവേശത്തോടെയാണ് ആ മത്സരത്തിനിറങ്ങിയത്’ -അഭിഷേക് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ 131 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 134 റണ്‍സിന് പുറത്തായി. തന്‍റെ ബാറ്റിങ് മികവ് കാണിക്കാൻ ആ ടൂർണമെന്‍റിൽ അധികം അവസരമൊന്നും അഭിഷേകിന് ലഭിച്ചിരുന്നില്ല. അവസാന നിരയിലാണ് താരം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. മൂന്നു ഇന്നിങ്സുകളിൽനിന്നായി 78 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ആറു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റും നേടി.
ദ്രാവിഡിനെ കൂടാതെ, മുൻ സൂപ്പർ ഓൾ റൗണ്ടർ യുവരാജ് സിങ്ങും അഭിഷേകിന്‍റെ കരിയറിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സിംബാബ് വെക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയിട്ടും അഭിഷേകിന് ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.