കാബൂൾ: ഓപണിങ് വിക്കറ്റിൽ ഇരട്ട സെഞ്ച്വറി തിളക്കവുമായി അഫ്ഗാൻ കൂട്ടുകെട്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് ബാറ്റിങ് വെടിക്കെട്ട് തീർത്ത റഹ്മാനുല്ല ഗുർബാസും ഇബ്റാഹിം സദ്റാനും ചേർന്ന് ഒന്നാം വിക്കറ്റിൽ 256 റൺസ് അടിച്ചുകൂട്ടിയത്. ആദ്യം മടങ്ങിയ സദ്റാൻ പതിയെ കളിച്ച് 119 പന്തിൽ 100 റൺസ് പൂർത്തിയാക്കിയപ്പോൾ 125 പന്ത് മാത്രം നേരിട്ട ഗുർബാസ് 145 റൺസുമായാണ് തിരിച്ചുകയറിയത്. പിന്നീടെത്തിയവരിൽ രണ്ടുപേരൊഴികെ എല്ലാവരും രണ്ടക്കം കാണാതെ മടങ്ങിയിട്ടും 50 ഓവർ പൂർത്തിയാകുമ്പോൾ ടീം 332 റൺസ് എന്ന കൂറ്റൻ ലക്ഷ്യം എതിരാളികൾക്ക് മുന്നിൽവെച്ചിരുന്നു.
പരമ്പരയിലെ ആദ്യ ഏകദിനം ജയിച്ച് മേൽക്കൈ നേടിയ അഫ്ഗാനികൾ അതേ ഊർജവുമായാണ് രണ്ടാം ഏകദിനത്തിലും ഇറങ്ങിയത്. എട്ടു സിക്സറും 13 ഫോറുമടക്കം ആക്രമണോത്സുക ബാറ്റിങ്ങുമായി ഗുർബാസ് നിറഞ്ഞാടിയപ്പോൾ പതിയെ കളിച്ചും ആവശ്യത്തിന് പ്രഹരിച്ചുമായിരുന്നു സദ്റാൻ ബാറ്റിങ്. ബംഗ്ലാ നിരയിൽ ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ രാജിയും പിൻവാങ്ങലും തീർത്ത ആധി ഒഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഇരുവരുടെയും പ്രകടനം.
ബംഗ്ലാദേശിനെതിരെ ഏതു വിക്കറ്റിലും ടീമുകൾ നേടുന്ന ഏറ്റവും ഉയർന്ന നാലാം കൂട്ടുകെട്ടാണിത്. മുമ്പ് ഇശാൻ കിഷൻ- വിരാട് കോഹ്ലി കൂട്ടുകെട്ട് 290 റൺസ് അടിച്ചതാണ് ഏറ്റവും ഉയർന്നത്. അഫ്ഗാൻ നിരയിൽ 2010ൽ കരീം സാദിഖ്- മുഹമ്മദ് ഷഹ്സാദ് സഖ്യം 218 റൺസ് നേടിയതാണ് ഇതുവരെയും നിലനിന്ന റെക്കോഡ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അതിവേഗം വിക്കറ്റ് വീണ് കൂടാരം കയറിയത് അഫ്ഗാന് വിജയ വഴി എളുപ്പമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.