ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെ വരാൻ പോകുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അജിൻക്യ രഹാനെ ഇന്ത്യൻ ടീമിനെ നയിച്ചേക്കും. നവംബർ 25 മുതൽ കാൺപൂരിൽ തുടങ്ങാൻ പോകുന്ന ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു.
ജോലിഭാരം പരിഗണിച്ച് ട്വന്‍റി20 നായകൻ രോഹിത്ത് ശർമയെയും മത്സരത്തിനിറക്കേണ്ടെന്ന് സെലക്ടർമാർ തീരുമാനിക്കുകയിരുന്നു. വ്യാഴാഴ്ച ചേർന്ന സെലക്ടർമാരുടെ യോഗത്തിലാണ് തുരുമാനം.
ടെസ്റ്റിലെ സ്ഥിരം താരങ്ങളായ ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, ശർദുൽ ഠാക്കൂർ എന്നിവർക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും.
കോഹ്ലിയുടെ അഭാവത്തിൽ രോഹിത്തിന് ആദ്യ ടെസ്റ്റിൽ നായക സ്ഥാനം നൽകി മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിക്കാൻ നിർദേശം വന്നിരുന്നു. എന്നാൽ ട്വന്‍റി20 നായക സ്ഥാനം കൂടി ലഭിച്ചതോടെ രോഹിത്തിന് കുറച്ച് കൂടി ഫ്രീയാക്കാൻ സെലക്ടർമാർ തീരുമാനിച്ചു.
സമീപകാലത്തെ രഹാനെയുടെ ഫോം ചർച്ചയായെങ്കിലും കോഹ്ലിയും രോഹിത്തുമില്ലാത്ത സാഹചര്യത്തിൽ സീനിയർ താരത്തെ കപ്പിത്താനാക്കാൻ സെലക്ടർമാർ നിർബന്ധിതരാകുകയായിരുന്നു.
കെ.എൽ. രാഹുലിനൊപ്പം ഓപണറുടെ റോളിലേക്ക് ശുഭ്മാൻ ഗില്ലിനെയോ മായങ്ക് അഗർവാളിനെയോ പരിഗണിച്ചേക്കും. വൃദ്ധിമാൻ സാഹയായിരിക്കും വിക്കറ്റ് കീപ്പർ. ഹനുമ വിഹാരിയെ മധ്യനിരയിൽ കളിപ്പിച്ചേക്കും. പേസർമാരായ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പേട്ടൽ എന്നീ സ്പിന്നർമാരും ബൗളിങ് നിരയിലുണ്ടാകും.
പുതിയ കോച്ചായി സ്ഥാനമേറ്റ രാഹുൽ ദ്രാവിഡ് ബയോ-ബബ്ലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി കളിക്കാരുമായി സംസാരിച്ചിരുന്നു. ദ്രാവിഡിനൊപ്പം ബൗളിങ് കോച്ചായി പരസ് മാംബ്രെയും ഫീൽഡിങ് കോച്ചായി ടി. ദിലീപും ടീമിനൊപ്പം ചേർന്നു. ബാറ്റിങ് കോച്ചായി വിക്രം റാത്തോഡിനെ നിലനിർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.