ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ബംഗ്ലാദേശിന് വിജയിക്കാനുള്ള ഒരു വഴിയും നൽകാതെ തികഞ്ഞ ആധിപത്യത്തോടെയായിരുന്നു ഇന്ത്യ മത്സരം കയ്യിലാക്കിയത്. 280 റൺസിന്‍റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. എന്നാൽ കോച്ച് ഗംഭീറിനും നായകൻ രോഹിത്തിനും മെച്ചപ്പെടുത്താവുന്ന ഒരു പോയിന്‍റ് പറയുകയാണ് മുൻ ഇന്ത്യൻ ബാറ്ററും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഒരുപാട് വിമർശനങ്ങൾ നേരിടുന്ന കെ.എൽ രാഹുലിന് ബാറ്റ് ചെയ്യാൻ കുറച്ചുകൂടി സമയം നൽകാമായിരുന്നുവെന്നാണ് ചോപ്രയുടെ അഭിപ്രായം.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ 52 പന്ത് നേരിട്ട് 16 റൺസ് നേടി മടങ്ങിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ 19 പന്തിൽ 22 റൺസ് നേടി പുറത്താകാതെ നിന്നപ്പോഴായിരുന്നു ഇന്ത്യ ഇന്നിങ്സ് ഡിക്ലെയർ ചെയ്തത്. എന്നാൽ ഒന്നര ദിവസം ബാക്കി നിൽക്കെ അത് ചെയ്യേണ്ടതില്ലായിരുന്നുവെന്നാണ് ചോപ്രയുടെ അഭിപ്രായം. 'ഒന്നര ദിവസം ബാക്കിയുണ്ടായിരുന്നു, 280 റൺസിനാണ് നമ്മൾ വിജയിച്ചത്. നിങ്ങൾ ഫോളോ ഓണിനും അയച്ചില്ല. ഒരുപാട് സമയം ഉണ്ട് താനും മഴ വരുന്നതുമില്ല, പിന്നെ എന്തുകൊണ്ട് രാഹുൽ ഒരു 60-70 റൺസ് എത്തുന്നത് വരെ കാത്തിരുന്നില്ല? ഒരു സെഷനിന്‍റെ കാൽ ഭാഗം എങ്കിലും 19 പന്തിൽ 22 റൺസ് നേടിയവന് നൽകിയിരുന്നെങ്കിൽ അത് നിങ്ങളുടെ മത്സര ഫലത്തിന്‍റെയും അതോടൊപ്പം താരത്തിന്‍റെയും ഇമ്പാക്ട് വർധിപ്പിച്ചേനെ,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.
മുൻ കാലത്ത് സചിൻ ടെണ്ടുൽക്കർ 194ൽ ബാറ്റ് ചെയ്യുമ്പോൾ രാഹുൽ ദ്രാവിഡ് ഡിക്ലെയർ ചെയ്തതിനെ കുറിച്ചും ചോപ്ര സംസാരിച്ചു. 'മുമ്പ് സചിൻ ടെണ്ടുൽക്കർ 194 റൺസ് ബാറ്റ് ചെയ്യുമ്പോൾ രാഹുൽ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലെയർ ചെയ്തിരുന്നു. എന്നാൽ മത്സരം വിജയിച്ചതിന് ശേഷം മത്സരം ഇത്രയും പെട്ടെന്ന് വിജയിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഡിക്ലെയർ ചെയ്യില്ലായിരുന്നു എന്നാണ് ദ്രാവിഡ് പറഞ്ഞത്. ഞാൻ പറഞ്ഞ് വരുന്നത് രാഹുൽ 195ൽ ബാറ്റ് ചെയ്യുവായിരുന്നു എന്നല്ല. അവൻ സചിൻ ടെണ്ടുൽക്കറല്ല രാഹുൽ മാത്രമാണ്. അവനെ നിങ്ങൾ ആറാം സ്ഥാനത്തേക്ക് തള്ളി, ഒരു പ്രോപർ ബാറ്റർ ആ പൊസിഷനിൽ കളിക്കില്ല. മത്സര ഫലത്തെ ബാധിക്കാത്തതിനാൽ അവനെ കുറിച്ച് ഇന്ത്യ ചിന്തിക്കണമായിരുന്നു,' ആകാശ് ചോപ്ര പറഞ്ഞു.
രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന്‍റെയും ശുഭ്മൻ ഗില്ലിന്‍റെയും സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 287 റൺസ് നേടിയിരുന്നു. 515 റൺസായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ ആവശ്യമുണ്ടായിരുന്നത്. എന്നാൽ 234 റൺസ് എടുക്കന്നതിനിടെ ബംഗ്ലാദേശിന്‍റെ എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റും വീഴ്ത്തി ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച് ആർ അശ്വിനായിരുന്നു കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.