'ആസ്ട്രേലിയക്കാരുടെ ആ പ്രവൃത്തി ഞെട്ടിച്ചു, പിന്നീട് ന്യൂട്രൽ കമന്‍ററി ചെയ്യില്ലെന്ന് തീരുമാനിച്ചു'; ആകാശ് ചോപ്ര

2018ൽ ഇന്ത്യയും ആസ്ട്രേലിയയും നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി ഏറെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ്. ടെസ്റ്റ് പരമ്പരകളിൽ ഓസീസിനെതിരെ ഇന്ത്യയുടെ ആധിപത്യം കൃത്യമായി അടയാളപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. 2014-15ൽ അരങ്ങേറിയ പരമ്പരക്ക് ശേഷം പിന്നീട് നാല് ടെസ്റ്റ് പരമ്പരയിലും ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസ് ഇന്ത്യയെ തകർക്കുകയായിരുന്നു. 2018ൽ ഇന്ത്യ നേടിയ പരമ്പരയിലെ ചില കാര്യങ്ങൾ ഓർത്തെടുക്കുകയാണ് മുൻ ഇന്ത്യൻ ബാറ്ററും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ആസ്ട്രേലിയൻ ചാനലുകാർ ഇന്ത്യൻ ടീമിനെ മോശക്കാരാക്കി ചിത്രീകരിച്ചതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

'2018 ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ സമയത്ത് ഞാൻ ചാനൽ 7 നു വേണ്ടി കമന്ററി പറയാൻ ഉണ്ടായിരുന്നു. സാധാരണ ​ഗതിയിൽ ഒരു രാജ്യത്തെയും പ്രത്യേകം സപ്പോർട്ട് ചെയ്യാതെ ന്യൂട്രൽ കമന്ററി പറച്ചിലാണ് നമ്മുടെ ജോലി. അന്ന് ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിൽ തോറ്റു പിന്നീട് മൂന്നാമത്തെ മത്സരവും ഇന്ത്യയാണ് വിജയിച്ചത്. മൂന്നാം ടെസ്റ്റ് ആയപ്പോഴേക്കും എനിക്ക് മനസിലായ കാര്യം ആസ്ട്രേലിയയിൽ നിങ്ങൾക്ക് ജയിക്കണമെങ്കിൽ, അവരുടെ ടീമിനോട് മാത്രമല്ല, മാധ്യമസംഘം അടക്കമുള്ള അവരുടെ മുഴുവൻ രാജ്യത്തോട് തന്നെ പോരാടണം എന്നാണ്,' സ്ലോ​ഗേഴ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചോപ്ര പറയുന്നത് ഇങ്ങനെ.

ബ്രോഡ്കാസ്റ്റർമാർ ഇന്ത്യൻ താരങ്ങളെ മോശക്കാരാക്കി വീഡിയോ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് റിക്കി പോണ്ടിങ്ങിനെ പോലുള്ള താരങ്ങൾ ഇത് ഏറ്റെടുത്ത് കമന്‍ററി ബോക്സിൽ ഇരുന്ന് ഇന്ത്യൻ താരങ്ങളെ ക്രൂശിക്കുമെന്നും ചോപ്ര പറഞ്ഞു.

'ഇന്ത്യൻ കളിക്കാരെ ലക്ഷ്യമിട്ടുള്ള വാർത്തകൾ കൊടുക്കുന്നതായിരുന്നു ഓസീസ് ബ്രോഡ്കാസ്റ്റർമാർ പ്രധാനമായും ചെയ്തത്. അവർ അത്തരം വീഡിയോകൾ റിലീസ് ചെയ്യുകയും ചെയ്തു. പെർത്ത് ടെസ്റ്റിന്റെ സമയത്ത് ഇഷാന്ത് ശർമയും രവീന്ദ്ര ജഡേജയും മാത്രം കട്ട് ചെയ്ത് 'കളിക്കളത്തിൽ വാക്കേറ്റത്തിലേർപ്പെട്ട് ഇന്ത്യൻ താരങ്ങൾ' എന്ന രീതിയിൽ വീഡിയോ പുറത്തുവിട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന റിക്കി പോണ്ടിങ് പറഞ്ഞത് ഒരു 'ചെറിയ കുരുവിൽ നിന്നും ഒരു മല ഉണ്ടാക്കാൻ പോകുന്നു' എന്നായിരുന്നു. പിന്നീട് അത് കമന്‍ററി ബോക്സിൽ കൊണ്ടുവന്ന് ചർച്ചയും തുടങ്ങി. ഇന്ത്യൻ താരങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു അത്. പിറ്റേന്ന് പത്രത്തിന്‍റെ മുൻ പേജിലും ഇത് വന്നു. അത് കൊണ്ട് അന്ന് ഞാൻ പഠിച്ച പാഠമാണ്, ആസ്ട്രേലിയയിൽ ന്യൂട്രൽ കമന്ററി ഉപേക്ഷിക്കുക എന്നത്,' ചോപ്ര കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനം ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഓസീസ് മണ്ണിൽ വെച്ച് അരങ്ങേറും. കഴിഞ്ഞ രണ്ട് പരമ്പരകൾ ആവർത്തിക്കാൻ ഇന്ത്യ കച്ചക്കെട്ടുമ്പോൾ സ്വന്തം മണ്ണിൽ ഇന്ത്യയോട് ഇനി തോൽക്കില്ലെന്ന് നിശ്ചയമെടുത്തായിരിക്കും ഓസീസ് വരിക.

Tags:    
News Summary - akash chopra says his experience of border gavaskar trophy 2018-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.