ഇങ്ങനെയാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അവന്‍ കാണില്ല; സൂപ്പര്‍താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. 2025ല്‍ പാകിസ്ഥാനില്‍ വെച്ചാണ് ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുക.

ടി-20 ക്രിക്കറ്റിലെ സൂപ്പര്‍താരവും നിലവിലെ നായകനുമായ സൂര്യകുമാര്‍ പക്ഷെ ഏകദിനത്തില്‍ ശരാശരിയിലും താഴെയുള്ള പ്രകടനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ടി-20 ടീമിന്റെ നായകനാകുന്ന സൂര്യകുമാര്‍ ഏകദിന ടീമില്‍ ഇടം നേടിയിട്ടില്ലായിരുന്നു. ഈ അവസരത്തിലാണ് താരം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ സാധ്യത ഇല്ലെന്ന് ചോപ്ര പറഞ്ഞത്.

നേരത്തെ ലങ്കന്‍ പരമ്പരക്ക് മുന്നോടിയായി നടത്തിയ പ്രസ്സ് മീറ്റില്‍ ടീം സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വാക്കുകളാണ് ചോപ്ര നീരീക്ഷിച്ചത്. സൂര്യയെ നിലവില്‍ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്.

'2023 ലോകകപ്പ് റണ്ണറപ്പ് ടീമിലും 2024 ടി-20 ലോകകപ്പ് വിജയിച്ച ടീമിലും അംഗമായിരുന്നു സൂര്യ, എന്നാല്‍ ഇന്ന് അയാള്‍ ഏകദിന ടീമിന്റെ പരിഗണനയിലില്ല. സൂര്യയെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം മികച്ച കളിക്കാരനാണ്, ടി-20യില്‍ ഇനിയും മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കും എന്നാല്‍ ഏകദിനത്തില്‍ നിലവില്‍ പരിഗണിക്കുന്നില്ല എന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിനത്തില്‍ നിന്നും പുറത്തായ സൂര്യയെ ഇനി ആ ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കേണ്ട,' തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

2023ല്‍ ഇന്ത്യയില്‍ അരങ്ങേറിയ ഏകദിന ലോകകപ്പ് ഫൈനലിലെ സൂര്യയുടെ പ്രകടനത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ആസ്ട്രേലിയക്കെതിരെ നടന്ന ഫൈനലില്‍ ഏഴാമനായി ക്രീസിലെത്തി 28 പന്തില്‍ 18 റണ്‍സായിരുന്നു താരം നേടിയത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.

Tags:    
News Summary - Akash Chopra says Suryakumar Yadav will not be playing 2025 champions trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.