ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെ ഓപ്പണർമാരെ കുറിച്ച് പ്രധാന പരിശീലകൻ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. പെർത്തിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഉണ്ടാകില്ല എന്ന അഭ്യൂഹങ്ങൾ പരക്കെയാണ് ഗംഭീർ അതേ കുറിച്ച് സംസാരിച്ചത്. രോഹിത് ശർമ ഇല്ലെങ്കിൽ അഭിമന്യു ഈഷ്യറോ കെ.എൽ രാഹുലോ ഓപ്പണിങ് റോളിലെത്തിയേക്കാം എന്നായിരുന്നു ഗംഭീർ പറഞ്ഞത്.
രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയായിരിക്കും നായകനെന്നും എന്നാൽ ഓപ്പണിങ്ങിൽ ശുഭ്മൻ ഗിൽ വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര പറയുന്നു.
'ഈ ഒരു സമയത്തുള്ള ഏറ്റവും വലിയ സംശയമാണ് രോഹിത് ശർമ ആദ്യ മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്ന്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിയിക്കാമെന്നാണ് ഗംഭീർ പറഞ്ഞത്. രോഹിത് ഇല്ലെങ്കിൽ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയായിരിക്കും നായകൻ എന്ന കാര്യത്തിൽ സംശയമില്ല.
രണ്ടാമത്തെ ചോദ്യം ആരായിരിക്കും ഓപ്പണിങ് റോളിൽ എത്തുക എന്നായിരുന്നു. അഭിമന്യു ഈഷ്വർ, കെ.എൽ രാഹുൽ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഗംഭീർ പറഞ്ഞത്. അവർ ശുഭ്മൻ ഗില്ലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. ഗില്ലനെ ഓപ്പണിങ് റോളിലെത്തിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഗിൽ നിലവിൽ ചെയ്യുന്നത് തന്നെ ചെയ്യുമെന്നാണ് ഗംഭീർ പറഞ്ഞത്. അത് ശരിയായ കാര്യമാണ്,' ചോപ്ര പറഞ്ഞു.
ഈ മാസം 22നാണ് ആസ്ട്രേലിയക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം അരങ്ങേറുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ പെർത്താണ് വേദിയാകുന്നത്. ഇന്ത്യൻ ടീമിനും കോച്ച് ഗംഭീറിനും വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്. ന്യൂസിലാൻഡിനെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരവും തോറ്റ നാണക്കേടിന് ശേഷം ഇന്ത്യൻ ടീം കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അഞ്ചിൽ നാല് മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.