ഒരു സെഞ്ച്വറി അകലെ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രം! സചിന്‍റെ റെക്കോഡ് മറികടക്കും...

പെർത്ത്: ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. വെള്ളിയാഴ്ച പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് അഞ്ചു ടെസ്റ്റുകളടങ്ങ‍ിയ പരമ്പരയിലെ ആദ്യ മത്സരം.

നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ ടെസ്റ്റ് പരമ്പരയിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ബോർഡർ ഗവാസ്കർ ട്രോഫി. നാലു മത്സരങ്ങളിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനാകു. മറ്റൊന്ന് സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെയാണ് ഏവരും ഉറ്റുനോക്കുന്നത്. കീവീസിനെതിരായ പരമ്പരയിൽ താരം തീർത്തും നിരാശപ്പെടുത്തി.

കരിയറിന്‍റെ സയാഹ്നത്തിൽ നിൽക്കുന്ന താരത്തിന് ടീമിൽ സ്ഥാനം ഉറപ്പാക്കണമെങ്കിൽ ഈ പരമ്പരയിൽ ഫോമിലേക്ക് ഉയരേണ്ടത് അനിവാര്യമാണ്. കീവീസിനു മുന്നിൽ ഇന്ത്യ 3-0ത്തിന് പരാജയപ്പെട്ട പരമ്പരയിൽ കോഹ്ലിയുടെ റൺ സമ്പാദ്യം 93 റൺസ് മാത്രമാണ്. കോഹ്ലി ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും ടീം മാനേജ്മെന്‍റും. അതേസമയം, ഒരു സെഞ്ച്വറി അകലെ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോഡാണ്.

ആസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർക്കൊപ്പം ഒന്നാമതാണ് കോഹ്ലി, ആറു സെഞ്ച്വറികൾ. ഒരു സെഞ്ച്വറി കൂടി നേടിയാൽ സചിനെ മറികടന്ന് കോഹ്ലിക്ക് ഒന്നാമതെത്താനാകും. നാലു സെഞ്ച്വറികൾ നേടിയാൽ ഓസീസ് മണ്ണിൽ 10 സെഞ്ച്വറികൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കോഹ്ലിക്ക് സ്വന്തമാക്കാനാകും.

കൂടാതെ, മറ്റൊരു നാഴികക്കല്ല് കൂടി കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ആസ്ട്രേലിയയിൽ ക്രിക്കറ്റിന്‍റെ വ്യത്യസ്ത ഫോർമാറ്റിൽ 11 സെഞ്ച്വറികൾ ഉൾപ്പെടെ 3426 റൺസാണ് താരം നേടിയത്. 74 റൺസ് കൂടി നേടിയാൽ 3,500 റൺസാകും. ഡെസ്മണ്ട് ഹെയ്ൻസ്, സർ വിവിയൻ റിച്ചാർഡ്സ് എന്നിവർക്കുശേഷം 3,500 റൺസ് നേടുന്ന മൂന്നാമത്തെ താരമാകും കോഹ്ലി.

ആസ്ട്രേലിയയിൽ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ബാറ്റർമാർ

വിരാട് കോഹ്ലി -ആറ്

സചിൻ തെണ്ടുൽക്കർ -ആറ്

സുനിൽ ഗവാസ്കർ -അഞ്ച്

വി.വി.എസ്. ല‍ക്ഷ്മൺ -നാലു

ആസ്ട്രേലിയയിൽ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ

ജാക് ഹോബ്സ് (ഇംഗ്ലണ്ട്) -ഒമ്പത്

വാല്ലി ഹാമ്മോണ്ട് (ഇംഗ്ലണ്ട്) -ഏഴ്

ഹെർബെർട്ട് സറ്റ്ക്ലിഫ് (ഇംഗ്ലണ്ട്) -ആറ്

വിരാട് കോഹ്ലി (ഇന്ത്യ) -ആറ്

സചിൻ തെണ്ടുൽക്കർ (ഇന്ത്യ) -ആറ്

Tags:    
News Summary - Virat Kohli Needs To Score Century In 1st Test Vs Australia To Create HISTORY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.