‘വീരുവിന്റെ വഴിയേ ആര്യവീർ’; വെടിക്കെട്ട് ​ഇരട്ടസെഞ്ച്വറിയുമായി സെവാഗിന്റെ മകൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വെടിക്കെട്ട് വീരൻ വീരേന്ദർ സെവാഗി​​ന്റെ വഴിയേ മകൻ ആര്യവീർ. കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മേഘാലയക്കെതിരെ ഡൽഹിക്കുവേണ്ടി പാഡുകെട്ടിയിറങ്ങിയ 15കാരനായ ആര്യവീർ അപരാജിത ഇരട്ട സെഞ്ച്വറിയിലേക്ക് റണ്ണൊഴുക്കിയാണ് പിതാവിന്റെ ക്രിക്കറ്റ് വീ​ര്യമാണ് തന്റെ സിരകളിലൊഴുകുന്നതെന്ന് ക്രീസിൽ തെളിയിച്ചുകാട്ടിയത്.

ബുധനാഴ്ച ഷില്ലോങ്ങിലെ എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ഒന്നാമിന്നിങ്സിൽ മേഘാലയ 260 റൺസെടുത്ത് പുറത്താവുകയായിരുന്നു. തുടർന്ന് ​ബാറ്റിങ്ങിനിറങ്ങിയ ഡൽഹി രണ്ടാം ദിവസമായ വ്യാഴാഴ്ച കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 468 റൺസെന്ന അതിശക്തമായ നിലയിലാണ്. എട്ടുവിക്കറ്റ് ശേഷിക്കേ 208 റൺസിന്റെ ലീഡ് സന്ദർശകർ സ്വന്തമാക്കിക്കഴിഞ്ഞു.

പിതാവിനെപ്പോലെ ഓപണറായിറങ്ങിയ ആര്യവീർ 229 പന്തിൽ 200 റൺസുമായാണ് പുറത്താകാതെ നിൽക്കുന്നത്. നടു​ത്തളം അടക്കിവാണ ഇന്നിങ്സിൽ 34 ഫോറുകളും രണ്ടു സിക്സറുകളും ഉൾപ്പെടുന്നു. ഒന്നാം വിക്കറ്റിൽ അർണവ് എസ്. ബുഗ്ഗയുമൊത്ത് 180 റൺസ് കൂട്ടുകെട്ടിൽ ആര്യവീർ പങ്കാളിയായിരുന്നു. 91 പന്തിൽ പുറതതൊകാതെ 98 റൺസ് നേടിയ ധന്യ നക്റയാണ് സ്റ്റംപെടുക്കുമ്പോൾ ആര്യവീറിനൊപ്പം ക്രീസിൽ.

ഒക്ടോബറിൽ വിനൂ മങ്കാദ് ട്രോഫിയിൽ അരങ്ങേറിയ ആര്യവീർ 49 റൺസെടുത്ത് മണിപ്പൂരിനെതിരെ ടീമിനെ ആറു വിക്കറ്റ് ജയത്തിലേക്ക് നയിച്ചിരുന്നു. ഐ.പി.എല്ലിൽ കളിക്കുകയാണ് മകന്റെ ലക്ഷ്യമെന്ന് സെവാഗ് ഈയിടെ പ്രതികരിച്ചിരുന്നു

Tags:    
News Summary - Virender Sehwag's son Aaryavir slams double century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.