വരുന്ന ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെ പാകിസ്താൻ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയാസ്പദമായിരിക്കുകയാണ്. പാകിസ്താനിൽ കളിക്കാൻ സന്നദ്ധമല്ലെന്ന നിലപാട് ഒരാഴ്ച മുമ്പ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. മറ്റേത് ക്രിക്കറ്റ് ടൂർണമെന്റുകളിലുമെന്നപോലെ എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും മുഖ്യ ആകർഷണീയതകളിലൊന്ന് ഇന്ത്യ-പാക് മത്സരങ്ങൾതന്നെയാണ്. രണ്ടു ടീമുകളും ഒരേ പൂളിലുമാണ്. അതിലൊരു രാജ്യത്ത് -അല്ലെങ്കിൽ യു.എ.ഇ പോലുള്ള നിഷ്പക്ഷ വേദികളിൽ - ഇരുരാജ്യങ്ങളും മത്സരിക്കാനിറങ്ങിയാൽ ടി.വി ചാനൽ കമ്പനികൾക്കും ഒപ്പം ഐ.സി.സിക്കും അതിലപ്പുറം ഒരു ചാകര വരാനില്ല. ഈ വ്യാപാരമൂല്യം ഒരുപക്ഷേ ക്രിക്കറ്റിന്റെ എല്ലാ ഭാവങ്ങളെയും കവച്ചുവെക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതും സത്യം.
ഇന്ത്യ ഐ.സി.സിയെ അറിയിച്ചത് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ല എന്നല്ല, പാകിസ്താനിലെ വേദികളിൽ കളിക്കില്ല എന്നാണ്. 2008ൽ കറാച്ചിയിൽ നടന്ന ഏഷ്യകപ്പിൽ കളിച്ചശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് പിച്ചിൽ ഇറങ്ങിയിട്ടേയില്ല. തമ്മിൽ മത്സര പരമ്പരകളും നടന്നിട്ടില്ല. 2023ൽ ഇന്ത്യ ആതിഥ്യം വഹിച്ച ലോകകപ്പിൽ ഒരുതവണ പാകിസ്താൻ കളിച്ചതൊഴിച്ചാൽ മറ്റു ഐ.സി.സി മത്സരങ്ങളും പുറംരാജ്യങ്ങളിലാണ് നടന്നത്. 2023ലെ പങ്കാളിത്തത്തോടുള്ള പ്രത്യുത്തരമെന്നോണം തങ്ങളുടെ ക്ഷണം സ്വീകരിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്.
2023ലെ ഏഷ്യൻ കപ്പിൽ സംയുക്ത ആതിഥേയരാജ്യമായ പാകിസ്താനെ ഒഴിവാക്കി ശ്രീലങ്കയിലായിരുന്നു ഇന്ത്യയുടെ മത്സരങ്ങളെല്ലാം. ഇക്കുറിയും അത്തരമൊരു സംവിധാനം വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അഥവാ ഇന്ത്യയുടെ മത്സരങ്ങൾ യു.എ.ഇയിൽ നടത്തുന്ന ഹൈബ്രിഡ് രീതിയാണ് ഇന്ത്യ ഐ.സി.സിക്ക് മുമ്പാകെ വെച്ചത്. ഇത് ആതിഥേയരായ പാകിസ്താനൊട്ട് സ്വീകാര്യമല്ല. സുരക്ഷാ കാരണങ്ങളാണ് പ്രധാനമായും ഇന്ത്യ ഉന്നയിക്കുന്നത് എന്ന അനുമാനത്തിൽ പഴുതടച്ച സുരക്ഷ വാഗ്ദാനം ചെയ്തും ഇന്ത്യക്ക് താൽപര്യമുള്ള വേദികളിൽ മത്സരങ്ങൾ ആവാമെന്നറിയിച്ചും എങ്ങനെയെങ്കിലും ഇന്ത്യയുടെ സാന്നിധ്യം ഉറപ്പുവരുത്താനാണ് പാകിസ്താന്റെ ശ്രമം. ഇന്ത്യൻ ടീമംഗങ്ങൾ പാകിസ്താനിൽ താമസിക്കുന്നത് ഒഴിവാക്കാൻ മത്സരങ്ങൾ ലാഹോറിൽ നടത്താമെന്നും അമൃത്സറിൽ താമസിച്ച് കളികൾക്ക് വന്നുപോകാമെന്നുമൊക്കെ പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആവർത്തിക്കുന്നു. 2009ൽ ലാഹോറിൽ ശ്രീലങ്കൻ ടീമിന്റെ ബസിനുനേരെ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഒരു പരിഗണനതന്നെയാണ്. സ്കൂളുകളിലും കമ്പോളങ്ങളിലും ആരാധനാലയങ്ങളിലുമെന്നു വേണ്ട പാകിസ്താന്റെ മുക്കുമൂലകളിൽ സ്ഫോടനങ്ങളും വെടിവെപ്പുകളുമൊക്കെ നിത്യമായ സാഹചര്യത്തിൽ വിശേഷിച്ചും.
ഉള്ളതുപറഞ്ഞാൽ, ഇതിലെ വിഷയങ്ങൾ ക്രിക്കറ്റിൽ ഒതുങ്ങുന്നതല്ല; രാഷ്ട്രീയവും നയതന്ത്രപരവുമായ പശ്ചാത്തലവും ഇതിനുണ്ട്. രാഷ്ട്രീയ ഭിന്നതകളുണ്ടായിരിക്കെതന്നെ കളിക്കാർ പരസ്പരം സൗഹാർദത്തോടെ, സ്പോർട്സ്മാൻ സ്പിരിറ്റോടെ കളത്തിലിറങ്ങുക എന്ന തത്ത്വം ഇന്ത്യ-പാക് ക്രിക്കറ്റ് വിഷയത്തിൽ ചിലപ്പോൾ നടപ്പിലാവാറില്ല. അതിനുള്ള നിമിത്തങ്ങളും ഉണ്ടാവും. പക്ഷേ, ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യ 60 വർഷത്തെ ഇടവേളക്കുശേഷം പാകിസ്താനുമായി ഡേവിസ് കപ്പ് ടെന്നിസ് കളിച്ചിരുന്നു. കഴിഞ്ഞവർഷം സാഫ് കപ്പ് ഫുട്ബാൾ കളിക്കാനും പാകിസ്താൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. പക്ഷേ, ഫുട്ബാളും ടെന്നിസും പോലെയല്ല ക്രിക്കറ്റ്. ഇത്രയധികം ജനപ്രീതിയും ജനപങ്കാളിത്തവും ഇന്ത്യ-പാക് കാര്യത്തിൽ മറ്റൊരു കളിക്കുമില്ല. അതിനാൽ ഇവിടെ കളി(യേതര) നിയമങ്ങൾ ഒരർഥത്തിൽ വേറെയാണ്.
അത്ര എളുപ്പം മഞ്ഞുരുകുന്ന മട്ടിലല്ല കാര്യങ്ങൾ. ഇപ്പോൾ അന്തസ്സിന്റെ ചിഹ്നമായ ചാമ്പ്യൻസ് ട്രോഫി പകിട്ടുകളോടെ നടത്താൻ പാകിസ്താൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ചെറിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയാറാവുമെന്ന പ്രതീക്ഷയും വെക്കുന്നു. അതിന് തെളിവായി ഇസ്ലാമാബാദിൽ ഈയിടെ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ജയശങ്കർ പങ്കെടുത്തത് അനുസ്മരിക്കുന്നുണ്ടെങ്കിലും അത് ഉഭയകക്ഷി വിഷയമല്ല ബഹുകക്ഷി സമ്മേളനം മാത്രമാണെന്നാണ് വിശദീകരണം. പാകിസ്താൻ ആഭ്യന്തരമന്ത്രി സയ്യിദ് മുഹ്സിൻ നഖ്വി വിദേശകാര്യമന്ത്രി ജയശങ്കറുമായി ക്രിക്കറ്റ് കാര്യം സംസാരിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും വന്നിരുന്നു. പാക് ആഭ്യന്തരമന്ത്രി നഖ്വിയും ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ്ഷായും ആണിപ്പോൾ ക്രിക്കറ്റ് സംഘടനകളുടെ തലപ്പത്ത്. സർക്കാറുകൾ തുറന്ന മനസ്സോടെ കാര്യങ്ങൾ നോക്കിക്കാണാൻ തയാറായാൽ പാകിസ്താൻ ടീം ഇന്ത്യയിലും ഇന്ത്യൻ ടീം പാകിസ്താനിലും വീണ്ടുമിറങ്ങും. യുദ്ധസമാനമായ അന്തരീക്ഷം നിലനിന്നപ്പോൾപോലും ഇരുരാഷ്ട്രങ്ങളിലെയും കാണികൾ സ്വദേശത്തോ മൂന്നാം രാജ്യത്തോ നടക്കുന്ന നല്ല കളിക്ക് പക്ഷം മറന്ന് നന്നായി കൈയടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ആസ്വാദനരീതി ക്രിക്കറ്റിന്റെ ജനപ്രിയതക്ക് നൽകിയ സംഭാവന ഏറെ വലുതാണ്. അത്തരമൊരു സൗഹൃദാന്തരീക്ഷത്തിന്റെ വീണ്ടെടുപ്പിനാണ് അതിർത്തിക്കപ്പുറവും ഇപ്പുറവുമുള്ള കായികപ്രേമികൾ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.