ഇന്ത്യയുടെ മുറിവിൽ ഉപ്പുതേച്ച് ലബുഷെയ്ൻ! ഒന്നാം ടെസ്റ്റിനു മുമ്പേ വാക്ക്പോര് തുടങ്ങി ആസ്ട്രേലിയ

പെർത്ത്: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റിന് വെള്ളിയാഴ്ച പെർത്തിൽ തുടക്കമാകും.

കഴിഞ്ഞ നാലു പരമ്പരകളിലും ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഇതിൽ രണ്ടു പരമ്പര വിജയം ഓസീസ് മണ്ണിലാണെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ കളിക്കാനിറങ്ങുന്നത്. ചരിത്ര തോൽവി ഇന്ത്യയുടെ ആത്മവിശ്വാസം തകർത്തെന്നും ഇത് തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഓസീസ്. എന്നാൽ, പരമ്പരയിലൂടെ ശക്തമായി തിരിച്ചുവരാനാണ് ഗൗതം ഗംഭീറും സംഘവും തയാറെടുക്കുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മികവ് കാട്ടേണ്ടതുണ്ട്. നായകൻ രോഹിത് ശർമയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. പകരക്കാരിലൂടെ ഈ വിടവ് മറികടക്കാനാകുമെന്ന പ്രതീ‍ക്ഷയിലാണ് ഇന്ത്യ. ഇതിനിടെയാണ് ഇന്ത്യയെ മാനസ്സികമായി തളർത്താനുള്ള അടവുകളുമായി ഓസീസ് താരങ്ങളുടെ രംഗപ്രവേശനം. ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്നാണ് ഇന്ത്യയുടെ മുറിവിൽ ആദ്യം ഉപ്പുതേച്ചത്. ന്യൂസിലൻഡിനോടേറ്റ ടെസ്റ്റ് തോൽവി ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും ഇത് പരമ്പരയിൽ ആതിഥേയർക്ക് അനുകൂലമാകുമെന്നും താരം പറഞ്ഞു. ‘പ്രവചനം ശരിക്കും കഠിനമാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് അവർ കളിച്ചത്, സ്പിന്നിനെ തുണക്കുന്ന പിച്ചിൽ, ചരിത്രത്തിലില്ലാത്ത തോൽവി വഴങ്ങിയാണ് ഇന്ത്യ ഇവിടെ എത്തിയത്. തീർച്ചയായും തോൽവി ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്’ -താരം പ്രതികരിച്ചു.

അതേസമയം, ഏഷ്യൻ കരുത്തരായ ഇന്ത്യയെ ലബുഷെയ്ൻ പൂർണമായി തള്ളിക്കളയുന്നില്ല. മികച്ച ടീമാണ് ഇന്ത്യയെന്നും 2021ലെ ഓസീസ് പര്യടനത്തിൽ പ്രധാന താരങ്ങൾക്ക് പരിക്കേറ്റിട്ടും ഇന്ത്യ പരമ്പര നേടിയതും താരം ഓർമപ്പെടുത്തി. ലോകത്തിലെ മികച്ച ടീമുകളിലൊന്നായ ഇന്ത്യയെ ഒരിക്കലും ചെറുതായി കാണാനാകില്ലെന്നും താരം വ്യക്തമാക്കി. രോഹിത് ശർമയുടെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. നാലു മത്സരങ്ങളിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനാകു. മറ്റൊന്ന് സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെയാണ് ഏവരും ഉറ്റുനോക്കുന്നത്. കീവീസിനെതിരായ പരമ്പരയിൽ താരം തീർത്തും നിരാശപ്പെടുത്തിയിരുന്നു.

Tags:    
News Summary - Australia Begin Mind Games Ahead Of Perth Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.