'ധോണി നെറ്റ്സിൽ ബാറ്റ് ചെയ്യില്ല, ദിനേഷ് കാർത്തിക്കിന് പന്ത് എറിയും, ഞാൻ ഓർക്കും ഇയാളാരാണ്'; ധോണിയെ കുറിച്ച് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. അദ്ദേഹത്തിന്‍റെ സ്കില്ലുകളെ പറ്റിയും മഹാത്മ്യത്തെ കുറിച്ചും വാതോരാതെ ഒരുപാട് പേർ സംസാരിക്കാറുണ്ട്. ധോണിയുടെ നേതൃത്വ മികവും തേജോവലയുവുമെല്ലാം എല്ലാ കാലത്തും ചർച്ചയാണ്. എന്നാൽ ധോണിയെ കുറിച്ച് ഇതുവരെ കേൾക്കാത്ത കഥയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്ററും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ധോണി ഇന്ത്യൻ ക്രിക്കറ്റിലേക്ക് അരങ്ങേറുന്നതിന് മുമ്പ് ആകാശ് ചോപ്ര ധോണിയുടെ റൂം മേറ്റായിരുന്നു.

രാജ് ഷമനിയുടെ യൂട്യൂബ് പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം 2004 കാലത്തെ തന്‍റെ ഓർമകൾ പുതുക്കുന്നത്. 2004ൽ ഇന്ത്യ എക്ക് വേണ്ടി സിംബാബ് വെക്കെതിരെയും കെനിയക്കെതിരെയും കളിക്കാൻ ധോണിയും ആകാശ് ചോപ്രയും ഒന്നിച്ചിരുന്നു. അന്ന് ചോപ്ര ഇന്ത്യക്കായി അരങ്ങേറിയിരുന്നു എന്നാൽ ധോണി ആഭ്യന്തര താരം മാത്രമാണ്. ഇരുവരും ബെഗളൂരുവിൽ ഒരു ക്യാമ്പിൽ പങ്കെടുത്തപ്പോഴുള്ള ക്യാമ്പിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

'ഞാനും ധോണിയും ഒരു വിചിത്രമായ ബന്ധമാണ് ഉണ്ടായത്, അന്ന് ബെംഗളൂരുവിൽ ഒരു ക്യാമ്പിൽ ഞാനും അദ്ദേഹവും ഒരു റൂമിലായിരുന്നു. ഞാൻ ധോണിയെ ഒരു ദിയോദർ ട്രോഫിയിൽ മാത്രമെ കണ്ടിട്ടുള്ളൂ, അന്ന് അദ്ദേഹം ഒരുപാട് റൺസ് നേടിയിരുന്നു. എന്നാൽ അവനോട് ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. പിന്നീട് റൂം മേറ്റുകളായപ്പോൾ വ്യത്യസ്തമായ ഒരു ധോണിയെ ആണ് ഞാൻ കണ്ടത്. എന്‍റെ സ്വകാര്യങ്ങൾക്ക് അനുസരിച്ച് നിൽക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലായിരുന്നു. ഞാൻ വെജിറ്റീരിയനായത് കൊണ്ട് അദ്ദേഹവും ഒരു മാസം വെജിറ്റീരയൻ മാത്രം കഴിച്ചു,' ചോപ്ര പറഞ്ഞു.

ധോണിയൊരു കെയർ ഫ്രീ എന്നാൽ ഒരു കെയർലെസ് ആയിട്ടുള്ള താരമാണെന്നും ചോപ്ര പറയുന്നു. ധോണി നെറ്റ്സിൽ ബാറ്റ് ചെയ്യാറില്ലെന്നും എന്നാൽ ഗ്രൗണ്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ബാറ്റിങ് കണ്ട് ഞെട്ടാറുണ്ടെന്നും ചോപ്ര പറഞ്ഞു.

'വളരെ വ്യത്യസ്തമായ ധോണിയെയാണ് അവിടെ ഞാൻ കണ്ടത്. കെയർഫ്രീയാണ് എന്നാൽ കെയർലെസ് ആയിട്ടുള്ള മനുഷ്യൻ. അദ്ദേഹം എവിടെയാണന്നതിൽ ഒരുപാട് കോൺഫിഡന്റും അത് പോലെ സന്തോഷവുമുള്ള താരമാണ് ധോണി. എന്നാൽ കെനിയക്കെതിരെ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തെ ആരോ കൈവശപ്പെടുത്തിയിരിക്കുന്നത് പോലെയായിരുന്നു അന്ന് ബാറ്റ് വീശിയത്. ഇതിന് മുമ്പ് ഒരു ബൗളറിലെനിതിരെ റിവേഴ്സ് സ്വീപ്പ് കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പാകിസ്താന് വേണ്ടി കളിച്ച ഇഫ്തിഖാൻ അഞ്ജും എന്ന താരമുണ്ടായിരുന്നു, തുടർച്ചയായി 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന അദ്ദേഹത്തെ ധോണി ഫൈൻ ലെഗിലേക്ക് ഫോറിന് പായിച്ചപ്പോൾ അവർ ഫീൽഡ് മാറ്റി, എന്നാൽ തൊട്ടടുത്ത പന്തിൽ ധോണി തേർഡ് മാനിലേക്ക് സിക്സറിന് പായിക്കുകയായിരുന്നു. ഞാൻ അപ്പോൾ ആലോചിച്ചു ഇവനെന്ത് മനുഷ്യനാണെന്ന്?

അദ്ദേഹം അപ്പോൾ നെറ്റ്സിൽ ബാറ്റ് ചെയ്യാറില്ല, എന്നാൽ അവന്‍റെയൊപ്പം ടീമിൽ സ്ഥാനത്തിനായി മത്സരിക്കുന്ന ദിനേഷ് കാർത്തിക്കിന് പന്തെറിഞ്ഞ് നൽകും. ഞാൻ അപ്പോൾ നീ എന്താണ് ബാറ്റ് ചെയ്യാത്തത് എന്തിനാണ് അവന് ബൗൾ ചെയ്യുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു. എന്നാൽ എനിക്ക് ഇത് ഇഷ്ടമാണ് ഞാൻ ആസ്വദിക്കുന്നുണ്ട് എന്നായിരുന്നു ധോണി മറുപടി നൽകിയത്. അദ്ദേഹം ടാലെന്‍റഡാണ് അത്രെയുള്ളൂ. കീപ്പിങ്ങിലും ധോണി ഒരുപാട് പരിശീലനം നടത്താറില്ല. എന്നാൽ ഇന്നും അദ്ദേഹത്തിന്‍റെ കൈകളാണ് ഏറ്റവും വേഗതയുള്ളത്,' ആകാശ് ചോപ്ര പറഞ്ഞു.

ആ വർഷം അവസാനമാണ് ധോണി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറിയത്. പിന്നീട് ഒരു വർഷത്തിന് ശേഷം ടെസ്റ്റിലും ധോണിക്ക് അരങ്ങേറാൻ സാധിച്ചു. പിന്നീട് എല്ലാവരും പറയുന്നത് പോലെ ചരിത്രം പിറന്നു.

Tags:    
News Summary - akash chopra talks about ms dhoni and his old times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.