റിവ്യു എടുക്കാൻ രോഹിത്തിനെ 'കൺവിൻസ്' ചെയ്ത് യുവതാരം; ഒടുവിൽ റീ പ്ലേ കണ്ടപ്പോൾ ഞെട്ടി ഇന്ത്യൻ താരങ്ങൾ

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ആദ്യ ദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യ ദിനത്തിൽ മികച്ച ബൗളിങ് പ്രകടനമാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ബൗളർമാർ നടത്തുന്നത്. യുവ പേസറായ ആകാശ് ദീപ് മികച്ച പേസിലും ലെങ്തിലും പന്തെറിഞ്ഞ് ഇന്ത്യക്ക് മേൽക്കൈ നൽകി. ബംഗ്ലാദേശിന്‍റെ രണ്ട് ഓപണർമാരെയും പവലിയിനിലേക്ക് തിരിച്ചയച്ചതും ആകാശ് തന്നെയാണ്.

തന്‍റെ ആദ്യ ഓവറിൽ തന്നെ കടുവകളുടെ ഓപണിങ് ബാറ്ററായ സാകിർ ഹസനെ യശ്വസ്വി ജയ്സ്വാളിന്‍റെ കൈയിലെത്തിച്ച് ആകാശ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയിരുന്നു. പിന്നീട് അതേ ആവേശത്തിൽ പന്തെറിഞ്ഞ ആകാശ് രണ്ടാം ഓപണറായ ഷദ്മൻ ഇസ്‍ലാമിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി. നാടകീയമായിട്ടായിരുന്നു ആ വിക്കറ്റ് ആകാശ് നേടിയെടുത്തത്. എറൗണ്ട് ദ വിക്കറ്റിൽ നിന്നെറിഞ്ഞ ആകാശിന്‍റെ പന്ത് ബാറ്ററുടെ വലത്തെ പാഡിലായിരുന്നു കൊണ്ടത്. ആകാശ് ഏറെ അപ്പീൽ ചെയ്തുവെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. മറ്റ് ഫീൽഡർമാരെല്ലാം സംശയം പ്രകടിപ്പിച്ചപ്പോഴും ബൗളർ അത് വിക്കറ്റ് ആണെന്ന നിലയിൽ ഉറച്ച് നിൽക്കുകയായിരുന്നു. നായകൻ രോഹിത് ശർമ പോലും സംശയത്തിൽ നിന്നപ്പോൾ ക്യാപ്റ്റനെ നിർബന്ധിച്ച് റിവ്യു ചെയ്യാൻ ആകാശ് ബോധ്യപ്പെടുത്തുകയായിരുന്നു.

റീ പ്ലേ കാണിച്ചതും രോഹിത് അടക്കം എല്ലാവരും ഞെട്ടി. പന്ത് ലെഗ്സ്റ്റമ്പിൽ കൊള്ളുന്നതായായിരുന്നു റീ പ്ലേയിൽ ദൃശ്യമായത്. ഇതോടെ രോഹിത്തും മറ്റ് താരങ്ങളും ആകാശിനെ അഭിനന്ദിക്കുകയും രണ്ടാം വിക്കറ്റ് ആഘോഷിക്കുകയും ചെയ്തു. ആദ്യ സെഷൻ അവസാനിച്ചപ്പോൾ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് നേടിയിട്ടുണ്ട്. ഇന്നലെ പെയ്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Tags:    
News Summary - akash deep convinces rohit sharma to take reveiw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.