ആൻഡ്രു സൈമണ്ട്സ് - അക്രമാസക്തനായ പോരാളി

ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യമായിരുന്നു ആൻഡ്രു സൈമണ്ട്സ് എന്ന ഓൾ റൗണ്ടർ. ബാറ്റുമായി ഇറങ്ങുമ്പോഴൊക്കെ ബൗളർമാരെ തല്ലിപ്പരത്തുക. ബൗൾ ചെയ്യുമ്പോഴെല്ലാം ബാറ്ററുടെ രക്തത്തിനായി ദാഹിക്കുക. ഇതു രണ്ടുമല്ലാത്തപ്പോൾ മൈതാനം നിറഞ്ഞ് പന്തിനു പിന്നാലെ പറന്നുനടന്ന് ഫീൽഡ് ചെയ്യുക. എതിരാളിയോട് ചെറിയൊരു ചിരിയുടെ സൗമനസ്യം പോലും കാണിക്കാതിരിക്കുക. എന്തു ചെയ്തും കളി ജയിക്കുക...

ചുണ്ടിൽ സൺക്രീമും പുരട്ടി സ്പ്രിങ് പോലെ മുടി പിന്നിക്കെട്ടി സദാ മൈതാനത്തിൽ കഴുകൻ കണ്ണുകളുമായി അലയുമ്പോൾ എതിരാളിയെ എങ്ങനെയെങ്കിലും തറപറ്റിക്കുക എന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുക... 46ാമത്തെ വയസ്സിന്റെ അകാലത്തിൽ കാറപകടത്തിന്റെ രൂപത്തിൽ ജീവിതത്തിന്റെ ഇന്നിങ്സിൽനിന്നും റണ്ണൗട്ടായ സൈമണ്ട്സിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഇതാണ്.

ഏത് ബൗളിങ് നിരയെയും അടിച്ചുതകർക്കുന്നൊരു കൂറ്റൻ ബാറ്റർ. ക്യാപ്റ്റൻ ആഗ്രഹിക്കുമ്പോൾ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ. അപ്രാപ്യമെന്നു തോന്നുന്ന ക്യാച്ചുകൾപോലും അനായാസം കൈപ്പിടിയിലാക്കുന്ന, അസാധ്യമായ ആംഗിളുകളിൽനിന്ന് എറിഞ്ഞ് സ്റ്റംപ് തകർത്ത് റണ്ണൗട്ടാക്കുന്ന ഫീൽഡർ. എല്ലാം തികഞ്ഞ ലോകോത്തര ഓൾറൗണ്ടറാവാൻ പോന്ന എല്ലാമുണ്ടായിരുന്നു സൈമണ്ട്സിന്റെ ഖജാനയിൽ.

26 ടെസ്റ്റുകൾ. 40.61 ശരാശരിയിൽ 1462 റൺസ്. രണ്ട് സെഞ്ച്വറിയും 10 അർധ സെഞ്ച്വറിയും. 198 ഏകദിന മത്സരങ്ങളിൽ നിന്ന് 39.75 ശരാശരിയിൽ 5088 റൺസ്. ആറ് സെഞ്ച്വറികളും 30 അർധ സെഞ്ച്വറികളും. ഉയർന്ന സ്കോർ 156. സ്ട്രൈക് റേറ്റ് നൂറിനടുത്ത്. 14 ട്വന്റി20 മത്സരങ്ങൾ കളിച്ച സൈമണ്ട്സ് രണ്ട് അർധ സെഞ്ച്വറി അടക്കം 337 റൺസ് സ്കോർ ചെയ്തു. 169.34 എന്ന വമ്പൻ സ്ട്രൈക് റേറ്റ്. 10 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ഏതൊരു ക്യാപ്റ്റനും കൊതിച്ചുപോകുന്ന താരമായിരുന്നു ആൻഡ്രു. 


എന്നിട്ടും പ്രതിഭക്കൊത്തവണ്ണം നീതിപുലർത്താത്ത കരിയർ കൂടിയായി സൈമണ്ട്സിന്റേത്. സ്വന്തം പ്രതിഭയെ ധൂർത്തടിച്ചുകളഞ്ഞ താരം. കളിയിലെ നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളുടെ റെക്കോഡുമുണ്ട് സൈമണ്ട്സിന്റെ പേരിൽ. കളിയെക്കാൾ ആൻഡ്രുവിന് താൽപര്യം മദ്യപാനത്തിലായിരുന്നുവെന്ന് സഹകളിക്കാരനായ മൈക്കൾ ക്ലാർക്ക് ആരോപിച്ചിരുന്നു. മദ്യപാനം പരിധിവിട്ടപ്പോൾ മത്സരത്തിൽനിന്നുപോലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സൈമണ്ട്സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം ഹർഭജൻ സിങ്ങിൽനിന്നുകേട്ട 'കുരങ്ങ്' പരാമർശമായിരുന്നു. മങ്കിഗേറ്റ് എന്നറിയപ്പെട്ട ആ വിവാദത്തിൽ ഹർഭജന് മൂന്നു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നിട്ടുണ്ട്. വെള്ളക്കാരാൽ നിറഞ്ഞ ഓസീസ് ടീമിലെ ഏക 'നിറമുള്ള' കളിക്കാരനായിരുന്നു ആൻഡ്രു. ആ നിറത്തിന്റെ പേരിൽ താൻ അതിനുമുമ്പും അപഹസിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കരീബിയൻ വംശജനായ ആൻഡ്രുവിനെ മൂന്നാം വയസ്സിൽ ദത്തെടുത്ത കെൻ-ബാർബാറ ദമ്പതികളാണ് ആസ്ട്രേലിയയിൽ എത്തിച്ചത്.

പബിൽ കെട്ടിപ്പിടിക്കാൻ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്തും സഹതാരങ്ങൾക്കുനേരെ കൈയുയർത്തിയും ബാറ്റർമാരെ സ്ലെഡ്ജ് ചെയ്തുമൊക്കെ വിവാദങ്ങളിൽ നായകനായിരുന്നു ആൻഡ്രു. അടുത്തിടെ ഇന്ത്യൻതാരം യുസ് വേന്ദ്ര ചഹൽ നടത്തിയ വെളിപ്പെടുത്തലിലും ആൻഡ്രു സൈമണ്ട്സിന്റെ നിഴൽ പതിഞ്ഞിരുന്നു. അതേ അച്ചടക്കരാഹിത്യമാണ് 2008 ൽ ആൻഡ്രുവിനെ ഓസീസ് ടീമിൽനിന്ന് പുറത്താക്കിയതും.

ആസ്ട്രേലിയൻ ക്രിക്കറ്റിന് ഇത് കണ്ണീർക്കാലമാണ്. ഇതിഹാസ താരങ്ങളായിരുന്ന റോഡ്നി മാർഷും ഷെയ്ൻ വോണും അടുത്തിടെയാണ് മരണത്തിലേക്ക് മാഞ്ഞത്. ഇപ്പോഴിതാ ആൺഡ്രു സൈമൺസും. അക്രമാസക്തനായ പേരാളിയായി ലോങ്ഓഫിനും മിഡ്ഓഫിനുമിടയിൽ പന്തും കാത്ത് അസ്വസ്ഥനായി നിൽക്കുന്ന സൈമണ്ട്സിനെയായിരിക്കും ഈ മരണവാർത്തയിൽ മറ്റെന്തിനെക്കാളും ക്രിക്കറ്റ് ആരാധകർ ഓർക്കുക.

ആൻഡ്രൂ സൈമണ്ട്സ് (1975-2022)

ജനനം: 1975 ജൂൺ ഒമ്പത്, ബിർമിങ് ഹാം (ഇംഗ്ലണ്ട്)
പ്ലേയിങ് റോൾ: ഓൾ റൗണ്ടർ
ടീമുകൾ: ആസ്ട്രേലിയ, ഡെക്കാൻ ചാർജേഴ്സ്,
മുംബൈ ഇന്ത്യൻസ്, ക്വീൻസ് ലാൻഡ്, സറേ,
കെൻറ്, ലാൻസാഷയർ, ഗ്ലൂസെസ്റ്റർഷയർ
അന്താരാഷ്ട്ര കരിയർ
ടെസ്റ്റ്: മാച്ച് 26, റൺസ് 1462, സെഞ്ച്വറി 2,
അർധ സെഞ്ച്വറി 10, വിക്കറ്റ് 24,
ബെസ്റ്റ് 3/50, ക്യാച്ച് 22
ഏകദിനം: മാച്ച് 198, റൺസ് 5088,
സെഞ്ച്വറി 7, അർധ സെഞ്ച്വറി 30,
വിക്കറ്റ് 133, ബെസ്റ്റ് 5/18, ക്യാച്ച് 82
ട്വൻറി20: മാച്ച് 14, റൺസ് 337, സെഞ്ച്വറി 0,
അർധ സെഞ്ച്വറി 2, വിക്കറ്റ് 8, 2/14, ക്യാച്ച് 3
മരണം: 2022 മേയ് 15, ക്വീൻസ് ലാൻഡ് (ആസ്ട്രേലിയ)
Tags:    
News Summary - Andrew Symonds - Violent Fighter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.