‘കെനിയയോട് പോലും തോൽക്കാം, പക്ഷെ അവരോട് തോൽക്കുന്നത് ആലോചിക്കാനാവില്ല ’! ഇന്ത്യയുടെ പാരമ്പര്യ വൈരികളെക്കുറിച്ച് കുംബ്ലെ

താൻ ദേശീയ ടീമിൽ കളിക്കുന്ന സമയത്ത് ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കുണ്ടായിരുന്ന ഹൈപ്പിനെ കുറിച്ച് മനസുതുറന്ന് ഇതിഹാസ ഇന്ത്യൻ ലെഗ് സ്പിന്നറും മുൻ ക്യാപ്റ്റനുമായ അനിൽ കുംബ്ലെ. താൻ കളിക്കുന്ന സമയത്ത് ഇന്ത്യ-പാക് മത്സരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് വളരെ ഉയർന്ന തലത്തിലായിരുന്നുവെന്നും നമ്മൾ കെനിയയോട് തോറ്റാലും ആരാധകർക്ക് കുഴപ്പമില്ല, പക്ഷേ പാകിസ്ഥാനെതിരെ അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന പരമ്പരയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ബദ്ധവൈരികളായ പാക്കിസ്താനെ ഇന്ത്യ നേരിടുന്നുണ്ട്. സെപ്റ്റംബർ രണ്ടിന് ശ്രീലങ്കയിലെ കാൻഡി, പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിൽ എത്തിയാൽ, കൊളംബോയിൽ വെച്ചും ഏറ്റുമുട്ടും. അതുപോലെ ഒക്‌ടോബർ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പുരുഷ ഏകദിന ലോകകപ്പിന്റെ ലീഗ് ഘട്ടത്തിലും ഇരുടീമുകളും ഏറ്റുമുട്ടും.

‘‘കെനിയയോട് തോറ്റാൽ പോലും, പാകിസ്താനോട് തോൽക്കരുത്’ എന്നായിരുന്നു അക്കാലത്ത് പറയാറുള്ളത്. കളിക്കാരിൽ വലിയ സമ്മർദ്ദവും പ്രതീക്ഷയുമായിരിക്കും ഉണ്ടാവുക. അങ്ങനെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ നടക്കുന്നത്, എന്നാൽ, അതിനെ മറ്റൊരു മത്സരമായി മാത്രം കണക്കാക്കുക എന്നതാണ് പ്രധാനം’’ -മുതിർന്ന ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ അമൃത് മാത്തൂർ എഴുതിയ ഓർമ്മക്കുറിപ്പായ ‘പിച്ച്‌സൈഡി’ന്റെ പ്രകാശന വേളയിൽ ബെംഗളൂരുവിൽ വെച്ച് കുംബ്ലെ പറഞ്ഞു.

2016 മുതൽ 2017 വരെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ കൂടിയായിരുന്ന കുംബ്ലെ, 1999ൽ ന്യൂ ഡൽഹിയിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ 74 റൺസ് വഴങ്ങി ചരിത്രമായ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാനെതിരെ 34 ഏകദിനങ്ങളിൽ നിന്ന് 54 വിക്കറ്റുകളാണ് കുംബ്ലെ വീഴ്ത്തിയത്. .

‘‘10 വിക്കറ്റ് നേടണം എന്ന ചിന്തയിലായിരുന്നില്ല ഞാൻ അന്ന് കളത്തിലിറങ്ങിയത്, അത് ഏതൊരു ബൗളറുടെയും സ്വപ്നമാണെങ്കിൽ പോലും. പാകിസ്ഥാനെതിരായ അടുത്ത ടെസ്റ്റ് മത്സരത്തിൽ, ഒരു വിക്കറ്റ് നേടാൻ ഞാൻ പാടുപെട്ടിരുന്നു. അങ്ങനെയൊക്കെയാണ് ക്രിക്കറ്റ്," -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Anil Kumble on India vs Pakistan Rivalry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.