ഇന്ത്യ വിരുദ്ധ ട്വീറ്റ്; ലോകകപ്പിനെത്തിയ ടി.വി അവതാരകയെ തിരിച്ചയച്ചെന്ന് പാകിസ്താൻ മാധ്യമം

ന്യൂഡൽഹി: പാകിസ്താൻ സ്​പോർട്സ് അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യയിൽനിന്ന് തിരിച്ചയച്ചതായി പാകിസ്താൻ ന്യൂസ് ചാനൽ ‘സമാ ടി.വി’. ഇന്ത്യയെയും ഹിന്ദുമതത്തെയും വിമർശിക്കുന്ന ട്വീറ്റുകൾ മുമ്പ് പോസ്റ്റ് ചെയ്തെന്ന പരാതിയെ തുടർന്ന് ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായാണ് സമൂഹ മാധ്യമമായ എക്സിലൂടെ ചാനൽ വെളിപ്പെടുത്തിയത്. എന്നാൽ, സമാ ടി.വി ആദ്യമിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സുരക്ഷാ കാരണങ്ങളാൽ സൈനബ് ഇന്ത്യ വിട്ടെന്ന പുതിയ പോസ്റ്റിടുകയും ചെയ്തു.

35കാരിയായ സൈനബിന്റെ ഏതാനും ഹിന്ദു വിരുദ്ധ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ചിലർ കുത്തിപ്പൊക്കിയതോടെ അഭിഭാഷകനായ വിനീത് ജിൻഡാൽ ആഭ്യന്തര മന്ത്രിക്കും ബി.സി.സി.ഐക്കും പരാതി നൽകിയിരുന്നു. ഭാരതത്തിനും ഹിന്ദു ധർമത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഐ.സി.സി ലോകകപ്പിലെ അവതാരകയെ നീക്കണമെന്നായിരുന്നു ആവശ്യം. ‘അതിഥി ദേവോ ഭവ’ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധർമത്തെയും ബഹുമാനിക്കുന്നവർക്ക് മാത്രമാണെന്നും ഭാരത വിരുദ്ധരെ നമ്മുടെ നാട്ടിൽ സ്വാഗതം ചെയ്യുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഇന്ത്യയിലേക്ക് പറക്കുന്നതിനിടെ സൈനബ് അബ്ബാസ് തന്റെ യാത്രയിൽ ആവേശം പ്രകടിപ്പിച്ചും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാനതകൾ പങ്കുവെച്ചും എക്സിൽ പോസ്റ്റിട്ടിരുന്നു. 

Tags:    
News Summary - Anti India Tweet; Pakistani media said that the sports anchor who had come to the World Cup was sent back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.