ബോർഡർ ഗവാസ്കർ നാലാം ടെസ്റ്റിൽ ആവേശപ്പോര്. ഇന്ത്യയും ആസ്ട്രേലിയയും കട്ടക്ക് മത്സരിക്കുമ്പോൾ മികച്ച ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യംവഹിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 369 നേടി പുറത്തായപ്പോൾ ആസ്ട്രേലിയക്ക് 105 റണ്ഡസിന്‍റെ ലീഡുണ്ടായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയെ ഇന്ത്യൻ പേസ് ബൗളർമാർ കുഴപ്പിച്ചു. 91 റൺസിൽ ആറ് ആസ്ട്രേലിയൻ വിക്കറ്റ് ഇന്ത്യൻ ബൗളർമാർ വീഴ്ത്തി. നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ വീണ്ടും തിളങ്ങിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ നായകൻ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ച് മാർനസ് ലബുഷെയ്ൻ ആസ്ട്രേലിയയെ കരകയറ്റുന്നുണ്ട്. ചായക്ക് പിരിയുമ്പോൾ 135 റൺസാണ് സ്കോർബോർഡിൽ. ലീഡ് 240 റൺസും. 65 റൺസുമായി ലബുഷെയ്നും 21 റൺസുമായി പാറ്റ് കമ്മിൻസും ആസ്ട്രേലിയയുടെ ലീഡ് വർധിപ്പിക്കുന്നുണ്ട്.
സാം കോൺസ്റ്റാസ് (8), ഉസ്മാൻ ഖ്വാജ (21), സ്റ്റീവ് സ്മിത്ത് ( 13), ട്രാവിസ് ഹെഡ് (1), മിച്ചൽ മാർഷ് (0), അലക്സ് കാരി (2) എന്നിവരാണ് പുറത്തായ ആസ്ട്രേലിയൻ ബാറ്റർമാർ.
ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച് ബുംറ
ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിച്ച് ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റ് മത്സരത്തിൽ ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബുംറ 200ാം വിക്കറ്റ് നേടിയത്.
ടെസ്റ്റിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളറായി ബുംറ മാറി. 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. 37 മത്സരത്തിൽ നിന്നു ഈ നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ഇന്ത്യൻ പേസർമാരിൽ ബുമ്രയാണ് മുന്നിൽ. 50-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് തൊട്ടുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.