പത്താം വിക്കറ്റിൽ ഇന്ത്യയുടെ കിളി പറത്തിയ ലിയോണും ബോളണ്ടും; നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ടീം സ്കോർ 173 റൺസിൽ നിൽക്കവെയാണ് ആസ്ട്രേലിയക്ക് അവരുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ നഷ്ടപ്പെടുന്നത്. 41 റൺസ് നേടി ഒമ്പതാമനായാണ് കമ്മിൻസ് മടങ്ങുന്നത്. 278 റൺസിന്‍റെ ലീഡായിരുന്നു ആസ്ട്രേലിയക്ക് അപ്പോഴുണ്ടായിരുന്നത്. ഒരു വിക്കറ്റ് കൂട് നേടി അവസാന ഇന്നിങ്സിലേക്ക് കളി നീക്കാമെന്നായിരിക്കണം ഇന്ത്യ ചിന്തിച്ചിട്ടുണ്ടാകുക. സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവരെ പുറത്താക്കി ബാറ്റിങ് ആരംഭിക്കാം എന്നും 300ന് താഴെ റൺസ് ഒരു ദിവസം കൊണ്ട് നേടമെന്നുമൊക്കെ ആയിരിക്കണം ഇന്ത്യയുടെ സ്വപ്നങ്ങൾ. എന്നാൽ ഇന്ത്യയുടെ കണക്കുക്കൂട്ടലുകളെല്ലം പത്താം വിക്കറ്റിലെ കൂട്ടുകെട്ട് തെറ്റിച്ചു.

നാലാം ദിനം അവസാനിക്കുമ്പോൾ ഇരുവരും ചേർന്ന 10-ാം വിക്കറ്റിൽ ഇതുവരെ 55 റൺസ് കൂട്ടിച്ചേർത്തു. ബോളണ്ട് 65 പന്ത് നേരിട്ട് 10 റൺസ് നേടിയപ്പോൾ ലിയോൺ 41 റൺസ് നേടി. ഇരുവരും ചേർന്ന് 110 ഓളം പന്തുകളാണ് നേരിട്ടത്. അവസാന ദിനം ആദ്യ സെഷനിൽ നേടാവുന്ന പരമാവധി റൺസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കാനായിരിക്കും ആസ്ട്രേലിയ ശ്രമിക്കുക.

അവസാന ദിനം ആവേശകരമായ മത്സരം കാണാൻ സാധിക്കുമെന്ന് മത്സരത്തിന്‍റെ ഗതി ഉറപ്പ് നൽകുന്നുണ്ട്. മത്സരം വിജയിച്ചാൽ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം. പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം കൂടി ബാക്കിയുണ്ടെങ്കിലും നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫി വിജയികളായ ഇന്ത്യക്ക് പരമ്പര സമനിലയിൽ പിരിഞ്ഞാലും ട്രോഫി സ്വന്തമാക്കാൻ സാധിക്കും.

നേരത്തെ 358/9ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 11 റൺസ് കൂടി ചേർക്കുന്നതിനിടെ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി 114 റൺസ് നേടി പുറത്തായി. സിറാജ് 4 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ 105 റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിനെ (8) ബുംറ കുറ്റി തെറുപ്പിച്ചു. പിന്നീട് ടീം സ്കോർ 43ൽ നിൽക്കെ ഉസ്മാൻ ഖ്വാജയെ (21) പറഞ്ഞുവിട്ട് സിറാജും കളം നിറഞ്ഞു.

സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നെയും ക്രീസിൽ നിലയുറപ്പിച്ച് കളിച്ചു. എന്നാൽ 80 റൺസ് സ്കോർബോർഡിൽ നിൽക്കെ സ്മിത്തിനെ സിറാജ് മടക്കി. പിന്നാലെയെത്തിയ ട്രാവിസ് ഹെഡിനെ വെറും ഒരു റൺസിനും മിച്ചൽ മാർഷിനെ പൂജ്യത്തിലും ഒരേ ഓവറിൽ ബുംറ മടക്കി. വിക്കറ്റ് കീപ്പർ അലക്സ് കാരിയെ (2) ബുംറ തന്നെ മടക്കി. പിന്നീടെത്തിയ ക്യാപ്റ്റൻ കമ്മിൻസുമൊത്ത് ലബുഷെയ്ൻ മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. ഭാഗ്യവും അദ്ദേഹത്തിനൊപ്പം നിന്നതോടെ ആസ്ട്രേലിയ തിരിച്ചുവരവ് നടത്തി. ഏഴാം വിക്കറ്റിൽ 57 റൺസിന്‍റെ കൂട്ടുക്കെട്ടാണ് ഇരുവരും സൃഷ്ഠിച്ചത്. 70 റൺസ് നേടി ലബുഷെയ്ൻ മടങ്ങിയെങ്കിലും മിച്ചൽ സ്റ്റാർക്കിനെയും നഥാൻ ലിയോണിനെയും കാഴ്ചക്കാരനാക്കി കമ്മിൻ സ്കോറിങ് മുന്നോട്ട് നീക്കി. ഒടുവിൽ കമ്മിൻസിനെ രവീന്ദ്ര ജഡേജ പുറത്താക്കി. അവസാനമെത്തിയ സ്കോട്ട് ബോളണ്ടും ലിയോണും പത്താം വിക്കറിൽ മികച്ച കൂട്ടുക്കെട്ടുണ്ടാക്കിയതാണ് ഇന്ത്യക്ക് വിനയായത്. നിലവിൽ  333 റൺസിന്‍റെ ലീഡാണ് ആസ്ട്രേലിയക്കുള്ളത്. 

Tags:    
News Summary - Nathan Lyon And Scott Boland Partnership at 10th wicket of fourth match gave India a tough time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.