ഒരേ ഒരു ഡിസിൽവ

1996ലെ ശ്രീലങ്കയുടെ ലോകകപ്പ് വിജയത്തെ കുറിച്ച് പറയുമ്പോൾ അരവിന്ദ ഡിസിൽവയുടെ ഫൈനലിലെ സെഞ്ച്വറിയും രണതുംഗയുടെ നായകത്വവുമാകും മിക്കവരുടെയും നാവിൻതുമ്പിൽ വരിക. ലങ്കൻ വിജയഗാഥയുടെ അമരക്കാരനായ ഡിസിൽവയുടെ ഫൈനലിലെ ഇന്നിങ്സ് നിർണായകമായിരുന്നുവെങ്കിലും അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ നേടിയ 66.

ശ്രീലങ്ക ഏറെ പ്രതീക്ഷ വെച്ച ജയസൂര്യ-കലുവിതരണ സഖ്യം ഒന്നാം ഓവറിൽ മടങ്ങിയ ശേഷം വൻ തകർച്ച മുന്നിൽ കണ്ട ശ്രീലങ്കയെ നേരെ നിർത്തിയതും പൊരുതാവുന്ന സ്കോറിലേക്കുള്ള അടിത്തറ ഇട്ടുകൊടുക്കുകയും ചെയ്തത് ഡിസിൽവയാണ്. യഥാർഥത്തിൽ ഡിസിൽവയുടെ അന്നത്തെ കൗണ്ടർഅറ്റാക്ക് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ശ്രീലങ്ക ചീട്ടുകൊട്ടാരം പോലെ തകർന്നേനെ. കരുത്തുറ്റ ഇന്ത്യൻ ബൗളിങ് നിരയിലേക്ക് ഇരച്ചുകയറി അതിനെ ശിഥിലമാക്കാൻ മാത്രം ചങ്കുറപ്പൊന്നും മറ്റ് ബാറ്റ്സ്മാൻമാർക്ക് ഇല്ലായിരുന്നു. മഹാൻമാരായ താരങ്ങൾ അവരുടെ പ്രകടനം ടീമിന് ഏറ്റവും ആവശ്യമായ ഘട്ടത്തിൽ ആ പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് പറയുന്നത് ഡിസിൽവയുടെ ഈ ഇന്നിങ്സിൽ കാണാം. യഥാർഥത്തിൽ ടീം സ്കോർ 85ൽ നിൽക്കുമ്പോൾ തന്നെ 66 റൺസുമായി ഡിസിൽവ ഔട്ടായിരുന്നു. അവിടെ നിന്ന് 251ലേക്കുള്ള വലിയ ദൂരം താണ്ടാൻ ലങ്കക്ക് തുണയായത് എണ്ണംപറഞ്ഞ 14 ബൗണ്ടറികൾ പായിച്ച ഡിസിൽവയുടെ അനുപമമായ ഇന്നിങ്സ് ആയിരുന്നു.

സത്യത്തിൽ 85-4ന് എന്നനിലയിൽ ഡിസിൽവ കൂടാരം കയറുമ്പോൾ തന്നെ ഇന്ത്യ തോറ്റിരുന്നു. സചിന്‍റെ ഒറ്റയാൾ പ്രകടനവും ലങ്കൻ സ്പിന്നർമാരുടെ ഭയപ്പെടുത്തുന്ന പന്തുകളും കാണികളുടെ ഇടപെടലുമെല്ലാം അനിവാര്യമായ വിധിക്ക് മുമ്പുള്ള വെറും ചടങ്ങുകൾ മാത്രമായിരുന്നു.

1996 മാർച്ച് 13. ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ഈഡൻ ഗാർഡനിലെ പുതിയ പിച്ചിലായിരുന്നു കളി. പിച്ചിന്‍റെ സ്വഭാവം എങ്ങനെയാകുമെന്ന് ആർക്കും വലിയ പിടിയില്ലായിരുന്നെങ്കിലും ടോസ് നേടിയ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീൻ ബൗളിങ് തെരഞ്ഞടുത്തു. രണ്ടാം ഇന്നിങ്സിൽ കനത്ത ടേൺ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നതാകും ഉചിതമെന്നും ഗ്രൗണ്ട്സ്മാൻമാരിൽ ചിലർ അസ്ഹറിനോട് പറഞ്ഞിരുന്നെന്ന് പിന്നീട് വാർത്തകൾ വന്നിരുന്നു. പക്ഷേ, പ്രാഥമിക റൗണ്ടിൽ ഇന്ത്യ ഉയർത്തിയ 271 എന്ന അക്കാലത്തെ മികച്ച സ്കോർ ജയസൂര്യയും കലുവിതരണയും കൂടി കുട്ടിക്കളിയാക്കിയത് അസ്ഹറിനെ ഭയപ്പെടുത്തിയിരിക്കണം. ശ്രീലങ്ക ചേസ് ചെയ്യുന്നത് ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് കളിക്ക് ശേഷം അസ്ഹർ സമ്മതിക്കുകയും ചെയ്തിരുന്നു.

ആർത്തലക്കുന്ന ഒരുലക്ഷത്തിലേറെ കാണികൾക്ക് മുന്നിലാണ് കളി ആരംഭിച്ചത്. ശ്രീനാഥിനാണ് ആദ്യ ഓവർ. ആദ്യ പന്തിൽ ജയസൂര്യ സിംഗിളെടുത്തു. രണ്ടാം പന്തിൽ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച കലുവിതരണ തേഡ്മാനിൽ മഞ്ജരക്കേറിന്‍റെ കൈകളിൽ എത്തി. രണ്ടുബാളിൽ ശ്രീലങ്ക ഒരു റൺസിന് ഒരുവിക്കറ്റ് എന്ന നിലയിൽ. വെറ്ററൻ താരം അസാങ്ക ഗുരുസിൻഹ ആണ് ഫസ്റ്റ് ഡൗൺ. ക്യാച്ചിന് മുമ്പേ ബാറ്റ്സ്മാൻമാർ ക്രോസ് ചെയ്തതിനാൽ ജയസൂര്യ സ്ട്രൈക്കിൽ. തൊട്ടടുത്ത ബാൾ ജയസൂര്യ ഡിഫൻഡ് ചെയ്തു. ശ്രീനാഥ് കൈയെത്തി പന്ത് പിടിച്ചു. പതിവില്ലാത്ത അഗ്രഷന്‍റെ ഭാവത്തോടെ ശ്രീനാഥ് ജയസൂര്യക്ക് നേരെ രൂക്ഷമായൊരു നോട്ടമെറിഞ്ഞു. നാലാം പന്തിൽ ജയസൂര്യ സ്വതസിദ്ധമായ ശൈലിയിൽ ചാടിയിറങ്ങി ആഞ്ഞടിച്ചു. പന്ത് നേരെ തേഡ്മാനിൽ വെങ്കിടേഷ് പ്രസാദിന്‍റെ കൈയിൽ. സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഇന്ത്യ ഭയന്ന ശ്രീലങ്കൻ ഓപണിങ് സഖ്യം വെറും നാലുബാളിൽ കൂടാരം കയറിയിരിക്കുന്നു. ഇതിലും മികച്ച തുടക്കം കിട്ടാനില്ല. ശ്രീലങ്ക ഒരുറൺസിന് രണ്ടുവിക്കറ്റ്. തേഡ്മാനിലൂടെ ജയസൂര്യ ഉയർത്തിയടിക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്ലാൻ തയാറാക്കിയിരുന്നുവെന്ന് ശ്രീനാഥ് പിന്നീട് വ്യക്തമാക്കി. ഇതിലും നല്ലൊരു തുടക്കം ഇന്ത്യക്ക് പ്രതീക്ഷിക്കാനില്ലെന്ന് കമന്‍ററിയിൽ ടോണി ഗ്രെഗ്.

പിന്നാലെയെത്തി, ശ്രീലങ്കയുടെ എക്കാലത്തെയും മഹാനായ ബാറ്റ്സ്മാൻ, അരവിന്ദ ഡിസിൽവ. ആദ്യ ഓവർ അങ്ങനെ അങ്ങ് അവസാനിച്ചു. രണ്ടാം ഓവറിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്പിന്നർ അനിൽ കുംബ്ലെ എത്തി. ഇന്ത്യ അതിന് മുമ്പ് അധികം പരീക്ഷിക്കാത്ത ഒരു തന്ത്രം. യഥാർഥത്തിൽ പ്രാഥമിക റൗണ്ടിൽ ശ്രീലങ്കൻ ഓപണർമാരുടെ തല്ലുവാങ്ങിയ ഇന്ത്യൻ പേസർമാരുടെ ബലഹീനത ഒളിപ്പിക്കാൻ ടീം മാനേജ്മെന്‍റിന്‍റെ മറുതന്ത്രമായിരുന്നു കുംബ്ലെയുടെ ഓപണിങ് സ്പെൽ. പക്ഷേ, ഇവിടെ രണ്ടു ഓപണർമാരും പുറത്തായിട്ടും, ശ്രീനാഥിന് ആദ്യ ഓവറിൽ രണ്ടുവിക്കറ്റ് കിട്ടിയിട്ടും, പാകിസ്താനെതിരായ തൊട്ടുമുന്നിലെ കളിയിലുൾപ്പെടെ നല്ല പ്രകടനം പുറത്തെടുത്ത പ്രസാദിനെ തന്നെ ന്യൂബാൾ ഏൽപ്പിക്കാൻ അസ്ഹർ തയാറായില്ല. എന്തുകൊണ്ടോ, മുൻകൂട്ടി നിശ്ചയിച്ച പ്ലാനിൽ തന്നെ അസ്ഹർ ഉറച്ചുനിന്നു. കുംബ്ലെയുടെ രണ്ടാമത്തെ പന്തിൽ തന്നെ സ്ലിപ്പിലൂടെ ബൗണ്ടറി നേടി ഡിസിൽവ മെല്ലെ താളം കണ്ടെത്തി. സില്ലി പോയിന്‍റിൽ സ്വയം നിന്നെങ്കിലും ലെഗ്സ്പിന്നറായ കുംബ്ലെക്ക് ഒരു സ്ലിപ്പിടാൻ അസ്ഹർ മറന്നു. ആ പഴുതിലൂടെയാണ് ഡിസിൽവയുടെ ആദ്യ ബൗണ്ടറി വന്നത്.

അടുത്ത ബോളിൽ സ്ലിപ് വന്നു. പക്ഷേ, ആ പന്ത് മിഡ്വിക്കറ്റിലൂടെ ആധികാരികമായി അതിർത്തി കടത്തി, ഡിസിൽവ. അപ്രതീക്ഷിത തിരിച്ചടിയെ ശ്രീലങ്ക എങ്ങനെ സമീപിക്കുമെന്ന് തൊട്ടുമുമ്പ് സംശയിച്ച ടോണി ഗ്രെഗ് ഡിസിൽവയുടെ രണ്ടാം ബൗണ്ടറിയോട് ഇങ്ങനെ പ്രതികരിച്ചു: ‘‘Dont under estimate the rest of this batting lineup’’. രണ്ടുബൗണ്ടറികളോടെ ഡിസിൽവയുടെ ആത്മവിശ്വാസമേറി.

ആദ്യ ഓവറിൽ ലങ്കയെ വിറപ്പിച്ച ശ്രീനാഥിന്‍റെ രണ്ടാം ഓവറിന്‍റെ ആദ്യപന്തിൽ ഡിസിൽവയുടെ മനോഹരമായ കവർഡ്രൈവ്- ഫോർ. ‘‘This is tremendous temperament, What a beautiful shot.’’-ഡിസിൽവയുടെ മായാജാലത്തിന് ക്രമേണ അടിപ്പെടുകയായിരുന്നു കമന്‍ററി ബോക്സിലെ വികാരജീവിയായ ടോണി ഗ്രെഗ്. ഒപ്പമുണ്ടായിരുന്ന സുനിൽ ഗവാസ്കറിനും മിണ്ടാതിരിക്കാനായില്ല- ‘‘This is The shot of a man Who has plenty of class, plenty of talent’’. തൊട്ടടുത്ത പന്തിൽ വീണ്ടും കവർ ഡ്രൈവിന് ശ്രമിച്ച ഡിസിൽവയുടെ എഡ്ജ് എടുത്ത് ഒന്നാം സ്ലിപ്പിലൂടെ പന്ത് ബൗണ്ടറിയിലെത്തി. സ്ലിപ്പിൽ അപ്പോഴും ആളില്ല. രണ്ടുവിക്കറ്റ് വീണിട്ടും ആക്രമണം തുടരേണ്ട ഇന്നിങ്സിന്‍റെ മൂന്നാം ഓവറിൽ സ്ലിപ് ഒഴിവാക്കിയത് അവിശ്വസനീയമായിരുന്നു.

ആറാം ഓവറിൽ പ്രസാദ് വന്നു. രണ്ടു ബൗണ്ടറികളോടെ ഡിസിൽവ വരവേറ്റു. ആദ്യ ആറു ഓവറിൽ 35-2 എന്ന നിലയിലായിരുന്നു ശ്രീലങ്ക. തന്നെ സംബന്ധിച്ചിടത്തോളം ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്സ്മാൻ ഡിസിൽവയാണെന്ന് ശ്രീനാഥ് പറയുന്നു. അദ്ദേഹം ഇഷ്ടാനുസരണം ഫാസ്റ്റ് ബൗളർമാരെ കട്ടും പുള്ളും ഒക്കെ ചെയ്യും. അദ്ദേഹത്തിന്‍റെ പ്രതിഭയോട് തനിക്ക് വലിയ ബഹുമാനമാണെന്നും ശ്രീനാഥ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ ഗുരുസിൻഹ വീണു. വിക്കറ്റ് ശ്രീനാഥിന്. 16 ബാളിൽ ഒരു റൺസ് ആയിരുന്നു ഗുരുസിൻഹയുടെ സംഭാവന. പുതിയ ബാറ്റ്സ്മാൻ റോഷൻ മഹാനാമ. വിക്കറ്റുകൾ വീഴുന്നതൊന്നും ഡിസിൽവയുടെ മനോഭാവം മാറ്റുന്നില്ല. ശ്രീനാഥും പ്രസാദും അടിവാങ്ങിക്കൊണ്ടേയിരുന്നു. ശ്രീനാഥ് പറഞ്ഞപോലെ കട്ടും പുള്ളും ഡ്രൈവുമായി ഡിസിൽവ നിറഞ്ഞാടി. ബൗണ്ടറികൾ പ്രവഹിച്ചു. റണ്ണൊഴുക്ക് നിയന്ത്രിക്കാനാകാതെ അസ്ഹർ കുഴങ്ങി.

ഒമ്പതാം ഓവറിൽ ശ്രീലങ്ക 50 കടന്നു. അതിൽ 45ന് മുകളിൽ റൺസും ഡിസിൽവയുടെ സംഭാവന. 10ാം ഓവറിൽ 32 പന്തിൽ ഡിസിൽവ അർധ സെഞ്ച്വറി തികച്ചു. പിന്നെയും ബൗണ്ടറികൾ ഒഴുകി. ഒടുവിൽ 15ാം ഓവറിൽ ടീം സ്കോർ 85 എത്തിയപ്പോൾ ഡിസിൽവ പുറത്തായി. കുംബ്ലെയുടെ അധികം തിരിയാതെ വന്ന പന്തിന്‍റെ ദിശ മനസിലാക്കാതെ കളിച്ച ഡിസിൽവയുടെ മിഡിൽ സ്റ്റമ്പിളകി. 47 ബാളിൽ 66 ആയിരുന്നു ഡിസിൽവയുടെ സ്കോർ. ‘Aravinda de Silva played gem of an innings’ എന്ന് പറഞ്ഞ് ടോണി ഗ്രെഗ് അദ്ദേഹത്തെ യാത്രയാക്കി. നാലുവിക്കറ്റ് വീണെങ്കിലും അപ്പോഴേക്കും ലങ്കയെ ട്രാക്കിലാക്കിയിട്ടാണ് ഡിസിൽവ മടങ്ങിയത്. പിന്നീട് വന്നവർക്ക് റിസ്ക് എടുക്കാതെ മെല്ലെ അങ്ങനെ മുന്നോട്ടുപോകേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.

കളിക്ക് മുമ്പ് 270-280 റൺസിന്‍റെ വിക്കറ്റാണെന്നാണ് കരുതിയിരുന്നതെന്ന് പിന്നീട് രണതുംഗ പറഞ്ഞു. ഡിസിൽവക്ക് പിന്നാലെ ക്രീസിലെത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് മനസിലായി, നല്ല ടേണുണ്ട്. 220-230 തന്നെ നല്ല സ്കോറായിരിക്കും. 200 കഴിഞ്ഞപ്പോൾ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 250 കടത്തിയതോടെ ആത്മവിശ്വാസം ഉയർന്നു.

252 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് എട്ട് റൺസുള്ളപ്പോൾ തന്നെ സിദ്ദുവിനെ നഷ്ടപ്പെട്ടു. പിന്നീട് മഞ്ജരേക്കറിന്‍റെയും സചിന്‍റെയും പാർട്ണർഷിപ്പ്. ടീം സ്കോർ 98ൽ നിൽക്കുമ്പോൾ ജയസൂര്യയുടെ പന്തിൽ സ്റ്റമ്പ് ചെയ്യപ്പെട്ട് സചിൻ (65) പുറത്തായതോടെ ഇന്ത്യയുടെ വിധി വ്യക്തമായി. ഡിസിൽവ പുറത്താകുമ്പോൾ അദ്ദേഹത്തിന്‍റെ സ്കോർ 66, ടീം സ്കോർ 85. സചിൻ പുറത്താകുമ്പോൾ സ്വന്തം സ്കോർ 65. ടീം സ്കോർ 98. ആ ഘട്ടത്തിൽ നാലുവിക്കറ്റ് പോയിട്ടും ഡിസിൽവ ഇട്ടുകൊടുത്ത അടിത്തറ ഉപയോഗിക്കാൻ ലങ്കക്കായി. രണ്ടുവിക്കറ്റേ നഷ്ടമായിട്ടുള്ളുവെങ്കിലും സചിന്‍റെ പ്രകടനത്തെ മുതലാക്കാൻ ഇന്ത്യക്കായില്ല.

പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. ഒടുവിൽ 120ന് എട്ട് എന്ന നിലയിൽ തോൽവി മുന്നിൽ കാണുമ്പോൾ കാണികൾ കളി തുടങ്ങി. ഒടുവിൽ കളി ഉപേക്ഷിച്ചു. ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ലോകകപ്പിൽ അത്തരത്തിൽ നടന്ന ഒരേഒരു കളി അതുമാത്രമായിരുന്നു. കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ക്രീസിലുണ്ടായിരുന്ന വിനോദ് കാംബ്ലി കണ്ണീരോടെ കളം വിട്ടു. ഈഡൻ ഗാർഡനിൽ നിന്ന് മാത്രമല്ല, ക്രമേണ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് തന്നെ കാംബ്ലി നിഷ്ക്രമിച്ചു.

ഫൈനലിലേക്ക് ഇരച്ചുകയറിയ ശ്രീലങ്ക ലാഹോറിൽ ആസ്ട്രേലിയയെയും തറപറ്റിച്ച് കിരീട ജേതാക്കളായി. ഡിസിൽവ മാൻ ഓഫ് ദ ഫൈനലും.

Tags:    
News Summary - Aravinda DeSilva 66 vs India 1996 WORLD CUP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.