ദുബൈ: ഏഷ്യ കപ്പിന് ഇന്ന് ദുബൈയുടെ മണ്ണിൽ വീണ്ടും തുടക്കമാകുമ്പോൾ ആവേശത്തിലാണ് പ്രവാസലോകം. എന്നാൽ, കളി കാണാൻ എത്തുന്നവർ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ പൊലീസും മറ്റ് അധികൃതരും. ഇത് പാലിക്കുന്നതിന് പുറമെ സ്വയം തയാറെടുപ്പുകൾ നടത്തി വേണം സ്റ്റേഡിയത്തിലെത്താൻ. വൈകീട്ട് ആറിനാണ് മത്സരങ്ങൾ തുടങ്ങുന്നത്. മൂന്നോടെ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തുറക്കും. ഈ സമയം മുതൽ ഗാലറിയിലേക്ക് പ്രവേശനമുണ്ടാകും. എന്നാൽ, ഈ സമയത്തിനു മുമ്പ് എത്തുന്നവരെ സ്റ്റേഡിയത്തിന്‍റെ കോമ്പൗണ്ടിലേക്കുപോലും പ്രവേശിപ്പിക്കാൻ സാധ്യതയില്ല.
ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കനത്ത തിരക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സരത്തിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും എത്താവുന്ന രീതിയിൽ പുറപ്പെടണം. ഈ ഭാഗത്ത് വൻ ഗതാഗതക്കുരുക്കുണ്ടാകുമെന്നുറപ്പ്. ടാക്സി വിളിച്ച് വരാതിരിക്കുന്നതാണ് ഉചിതം. ഗതാഗതക്കുരുക്കിൽ തന്നെ വെയിറ്റിങ് ചാർജായി നല്ലൊരു തുക നഷ്ടമാകും. മത്സരം കഴിഞ്ഞ് ഇറങ്ങിയ ഉടൻ ടാക്സി വിളിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. സ്വന്തം വാഹനത്തിൽ വരുന്നവർ ടിക്കറ്റ് കൈയിൽ കരുതണം. ടിക്കറ്റില്ലെങ്കിൽ വാഹനം സ്റ്റേഡിയത്തിലെ പാർക്കിങ്ങിലേക്ക് കയറ്റിവിടില്ല. കരിഞ്ചന്ത ടിക്കറ്റുമായി സമീപിക്കുന്നവരെ വിശ്വസിക്കരുത്.
ഈ ടിക്കറ്റുമായി ഉള്ളിൽ കയറാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐ.ഡി പ്രൂഫ് കരുതണം. പവർ ബാങ്ക്, സെൽഫി സ്റ്റിക്ക് പോലുള്ളവ കൈയിലുണ്ടെങ്കിൽ വാഹനത്തിൽ വെച്ചിട്ട് വേണം സ്റ്റേഡിയത്തിലേക്ക് പോകാൻ. ഗാലറിയിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നീട് പുറത്തിറങ്ങരുത്, തിരിച്ചുകയറ്റില്ല. പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവും അനുവദിക്കില്ല. സ്റ്റേഡിയത്തിനുള്ളിൽനിന്ന് വാങ്ങേണ്ടിവരും. നേരത്തേ സ്റ്റേഡിയത്തിൽ കയറിയാൽ ഉചിതമായ സീറ്റ് പിടിക്കാം. ദുബൈ പൊലീസിന്‍റെ റഡാറുകളും ഡ്രോണുകളും നമ്മെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന ഓർമവേണം. വളർത്തുമൃഗങ്ങളെ കൊണ്ടുവരരുത്.
മൊബൈലിൽ ചിത്രങ്ങളെടുക്കുന്നത് തടയില്ലെങ്കിലും പ്രഫഷനൽ കാമറകളിൽ ചിത്രങ്ങൾ പകർത്താൻ സമ്മതിക്കില്ല. കുട, മൂർച്ചയുള്ള ഉപകരണങ്ങൾ, കരിമരുന്ന്, രാഷ്ട്രീയ പാർട്ടികളുടെ കൊടിയും ബാനറും തുടങ്ങിയവയൊന്നും അനുവദിക്കില്ല. 9.30ഓടെ മത്സരം അവസാനിക്കും. ഉടൻ വാഹനവുമായി പുറത്തിറങ്ങുന്നതിലും നല്ലത് തിരക്ക് കുറഞ്ഞശേഷം വാഹനമെടുക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.