ദുബൈ: ബാറ്റിങ്ങിലും ബൗളിങ്ങിലും ആദ്യമൊന്ന് വിറപ്പിച്ചു; പിന്നീട് പരുങ്ങി, ഒടുവിൽ കീഴടങ്ങി... ക്രിക്കറ്റിലെ കുഞ്ഞൻമാരാണെങ്കിലും തങ്ങളാൽ കഴിയുന്ന രീതിയിൽ പൊരുതിയ ഹോങ്കോങ് ഇന്ത്യക്ക് മുന്നിൽ 40 റൺസ് അകലെ വീണു. വിരാട് കോഹ്ലിയുടെ തിരിച്ചുവരവും സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും അരങ്ങുതകർത്ത മത്സരത്തിൽ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യ കപ്പിന്‍റെ സൂപ്പർ ഫോറിൽ ഇടംപിടിച്ചു. സ്കോർ: ഇന്ത്യ-192/2 (20). ഹോങ്കോങ് -152/5 (20). 44 പന്തിൽ 59 റൺസെടുത്ത വിരാട് കോഹ്ലിയും 26 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ഇന്ത്യയുടെ സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചത്.
പിന്തുടർന്ന് വിജയം ശീലമാക്കിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചായിരുന്നു ഹോങ്കോങ് പരീക്ഷണം തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ സൂപ്പർ ഫിനിഷർ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകി റിഷബ് പന്തുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ ആദ്യ പന്തിൽ പുറത്തായതിന്‍റെ ക്ഷീണം തീർക്കാൻ ലോകേഷ് രാഹുൽ ശ്രദ്ധയോടെയാണ് തുടങ്ങിയത്. മറുവശത്ത് നായകൻ രോഹിത് ശർമ അടിച്ച് തകർക്കാനുള്ള മൂഡിലായിരുന്നു. എന്നാൽ, അച്ചടക്കത്തോടെ പന്തെറിഞ്ഞ ഹോങ്കോങ് ബൗളർമാർ ഇന്ത്യയെ വരിഞ്ഞുമുറുക്കുമെന്ന് തോന്നി.
ആദ്യ പത്തോവറിൽ 70 റൺസ് മാത്രമെടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. സ്കോർ 38ൽ എത്തിയപ്പോൾ നായകൻ രോഹിത് (13 പന്തിൽ 21) പുറത്തായി. ശുക്ലയുടെ പന്തിൽ ഐസാസിന് പിടികൊടുക്കുകയായിരുന്നു. 13ാം ഓവറിൽ മുഹമ്മദ് ഗസൻഫാറിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് പിടികൊടുത്ത് രാഹുലും (39 പന്തിൽ 36) മടങ്ങി. പിന്നീടായിരുന്നു കോഹ്ലി-സൂര്യകുമാർ കൂട്ടുകെട്ടിന്‍റെ അഴിഞ്ഞാട്ടം. കോഹ്ലി വളരെ ശ്രദ്ധയോടെ ഒരറ്റം കാത്തപ്പോൾ സൂര്യകുമാർ അഴിഞ്ഞാടി. അവസാന ഓവറിൽ നാല് സിക്സറുകൾ പറത്തിയ സൂര്യകുമാർ ആകെ ആറ് തവണ പന്ത് ഗാലറിയിലെത്തിച്ചു.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹോങ്കോങ് ആക്രമിച്ചായിരുന്നു തുടക്കം. പവർേപ്ല പൂർത്തിയായപ്പോൾ ടീം 50 കടന്നിരുന്നു. പക്ഷെ, പരിചയസമ്പത്ത് മുതലെടുത്ത് ഇന്ത്യ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത്കൊണ്ടിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ യാസിം മുർതസയെ (ഒമ്പത്) പറഞ്ഞയച്ച് അർഷ്ദീപ് സിങ്ങാണ് വേട്ടക്ക് തുടക്കമിട്ടത്. പവർേപ്ലയിലെ അവസാന പന്തിൽ നായകൻ നിസാകത് ഖാൻ (10) റണ്ണൗട്ടായി. ടീമിന്‍റെ പ്രതീക്ഷയായ ബാബർ ഹയാത്തിനെ (35 പന്തിൽ 41) രവീന്ദ്ര ജദേജയാണ് പറഞ്ഞയച്ചത്. ഐസാസ് ഖാൻ (14), കിഞ്ചിത് ഷാ (30), സീഷാൻ അലി (26), സ്കോട്ട് മക്കെഷീൻ (16) എന്നിവർ പൊരുതിനോക്കിയെങ്കിലും എത്തിപ്പിടിക്കാവുന്നതിനപ്പുറമായിരുന്നു വിജയലക്ഷ്യം. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ജദേജ, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും. ജയിക്കുന്ന ടീം സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. തോൽക്കുന്ന ടീം പുറത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.