മസ്കത്ത്: ബാറ്റ്സ്മാന്മാരും ബൗളർമാരും കളംനിറഞ്ഞാടിയപ്പോൾ ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ സിംഗപ്പൂരിനെതിരെ യു.എ.ഇക്ക് 47 റൺസിന്‍റെ ആധികാരിക ജയം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംഗപ്പൂർ 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. യു.എ.ഇക്കുവേണ്ടി പളനിയപ്പൻ മെയ്യപ്പൻ (4 ഓവർ, 13 റൺസ്), ജുനൈദ് സിദ്ദീഖ് (3 ഓവർ 14 റൺസ്) എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ടോസ് നേടിയ സിംഗപ്പൂർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. യു.എ.ഇക്കുവേണ്ടി മുഹമ്മദ് വസീം 58 (34), വൃത്യ അരവിന്ദ് 18 (9), നായകനും മലയാളിയുമായ റിസ്വാൻ റഊഫ് 13 (16), മറ്റൊരു മലയാളിതാരം ബാസിൽ ഹമീദ് 38 (28), സവർ ഫരീദ് 11 (12) എന്നിവർ രണ്ടക്കം കടന്നു.
സിംഗപ്പൂരിന്‍റെ ജനക് പ്രകാശ് 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിനോദ് ഭാസ്കരൻ രണ്ടും അദ്വൈത ഭാർഗവ, അക്ഷയ് പുരി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സിംഗപ്പൂരിന്‍റെ അരിത്ര ദത്ത (29 പന്തിൽനിന്ന് 42) മികച്ച തുടക്കം നൽകിയെങ്കിലും സഹതാരങ്ങൾക്ക് അത് നിലനിർത്താനായില്ല. റെസ്സ ഗസ്നവി 14 (19), ജനക് പ്രകാശ് 14 (16), അമൻ ദേശായി 13 (12), ക്യാപ്റ്റൻ അംജദ് മെഹബൂബ് 16 (9) എന്നിവരാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. യു.എ.ഇക്ക് വേണ്ടി ബാസിൽ ഹമീദ്, സുൽത്താൻ അഹമ്മദ്, സാബിർ അലി, സവർ ഫരീദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ കുവൈത്ത് ഹോങ്കോങ്ങിനെ നേരിടും. കുവൈത്തിനെതിരായ ആദ്യ മത്സരത്തിൽ യു.എ.ഇ തോറ്റിരുന്നു. ആ മത്സരത്തിൽ മികച്ച സ്കോർ നേടിയതും സിംഗപ്പൂരിനെ വലിയ മാർജിനിൽ തോൽപിച്ചതും യു.എ.ഇയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.