ഏഷ്യാ കപ്പ് വനിത ട്വന്റി 20: അനായാസ ജയവുമായി ഇന്ത്യ ഫൈനലിൽ

ധാക്ക: ഏഷ്യാ കപ്പ് വനിത ട്വന്റി 20 ക്രിക്കറ്റിൽ തായ്‍ലൻഡിനെ 74 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‍ലൻ‍ഡിന്റെ പോരാട്ടം ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 74 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇന്ത്യയുടെ ഷഫാലി വർമയാണ് കളിയിലെ താരം. 28 പന്തിൽ 42 റൺസെടുത്ത ഷഫാലി രണ്ടോവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാം വിക്കറ്റിൽ ഷഫാലിയും സ്മൃതി മന്ഥാനയും ചേർന്ന് 38 റൺസാണ് നേടിയത്. 14 പന്ത് നേരിട്ട സ്മൃതി 13 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (30 പന്തിൽ 36), ജെമീമ റോ‍ഡ്രിഗസും (26 പന്തിൽ 27) മികച്ച പ്രകടനം പുറത്തെടുത്തു. റിച്ച ഘോഷും (2) ദീപ്തി ശര്‍മയും (3) കാര്യമായ സംഭാവന നൽകാതെ പുറത്തായി. പൂജ വാസ്ത്രകർ 13 പന്തിൽ 17 റൺസെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‍ലൻഡിന് ഇന്ത്യൻ ബൗളർമാർ കാര്യമായ അവസരം നൽകിയില്ല. കൃത്യമായ ഇടവേളകളിൽ ബാറ്റർമാർ പുറത്തായതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി. 29 പന്തിൽ 21 റൺസെടുത്ത നടായ ബൂചാതം, 41 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ നാരുമോൾ ചായ്‍വായ് എന്നിവരാണ് തായ്‍ലൻഡിനായി ചെറുത്തുനിന്നത്.

ഇന്ത്യക്കായി ദീപ്തി ശർമ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ രാജേശ്വരി ഗെയ്ക്‌വാദ് രണ്ടും രേണുക സിങ്, സ്നേഹ് റാണ, ഷഫാലി വർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്കയും പാകിസ്താനും ഏറ്റുമുട്ടും. ഒക്ടോബർ 15നാണ് ഫൈനൽ.

Tags:    
News Summary - Asia Cup Women's Twenty20: India in final with easy win over Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.