ഹാങ്ചോ: ചൈനയിൽ തിരിതെളിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കത്തോടെ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു. ആദ്യ ദിനം ഇതുവരെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ(വെള്ളി) സ്വന്തമാക്കിയത്.
ആദ്യ മെഡലിന് തൊട്ടുപിന്നാലെ തുഴച്ചിലിലും ഇന്ത്യൻ താരങ്ങൾ വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിൾ സ്‌കൾസിൽ അർജുൻ ലാൽ ജാട്ടും അരവിന്ദുമാണ് വെള്ളി നേടിയത്. തുഴച്ചിൽ ടീം ഇനത്തിൽ ഇന്ത്യൻ എട്ടംഗ സംഘവും വെള്ളി നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ രമിത വെങ്കലം നേടി. തുഴച്ചിൽ പുരുഷ ജോഡിയിൽ ഇന്ത്യയുടെ ബാബു ലാൽ യാദവും ലേഖ് റാമും വെങ്കലം നേടി.
അതേസമയം, ഏഷ്യൻ ഗെയിംസ് ആദ്യ ദിനം ചൈന മെഡൽ വേട്ടയിൽ ഒന്നാമത് തുടരുന്നു. 10 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 12 മെഡലുകളാണ് ചൈന ഇതുവരെ വാരിയത്. ഒരു സ്വർണം മാത്രം നേടി ഹോങ്കോങ് ആണ് പട്ടികയിൽ രണ്ടാമത്. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി അഞ്ച് മെഡലുകളുമായി ഇന്ത്യയാണ് മൂന്നാമത്.
ഇന്ത്യ ഇതുവരെ:
വെള്ളി മെഡൽ: ഷൂട്ടിംഗ് - വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ രമിത, മെഹുലി ഘോഷ്, ചൗക്‌സി (ടീം)
വെള്ളി മെഡൽ: തുഴച്ചിൽ - പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യയുടെ അർജുൻ ലാൽ ജാട്ടും അരവിന്ദും.
വെള്ളി മെഡൽ: തുഴച്ചിൽ - പുരുഷ ടീം (മെൻസ് 8)
വെങ്കല മെഡൽ: ഷൂട്ടിംഗ് - വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ രമിത.
വെങ്കല മെഡൽ: തുഴച്ചിൽ - പുരുഷ ജോഡിയിൽ ഇന്ത്യയുടെ ബാബു ലാൽ യാദവും ലേഖ് റാമും.
ക്രിക്കറ്റ്: ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഫൈനലിൽ, വെള്ളി ഉറപ്പിച്ചു.
പുരുഷ ഹോക്കി: പൂൾ എ മത്സരത്തിൽ ഇന്ത്യ 16-0ന് ഉസ്ബെക്കിസ്ഥാനെ തോൽപിച്ചു
തുഴച്ചിൽ: വനിതകളുടെ ലൈറ്റ്‌വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യയുടെ കിരണും അൻഷിക ഭാരതിയും ഒമ്പതാം സ്ഥാനത്ത്.
തുഴച്ചിൽ: പുരുഷന്മാരുടെ ഡബിൾസ് സ്കൾസിൽ ഇന്ത്യയുടെ സത്നാം സിങ്ങും പർമീന്ദർ സിങ്ങും ആറാം സ്ഥാനത്ത്.
തുഴച്ചിൽ: ഇന്ത്യയുടെ അശ്വതി പടിഞ്ഞാറയിൽ ബാബു, മൃൺമയീ നിലേഷ് സൽഗോങ്കർ, പ്രിയ ദേവി തങ്‌ജം, രുക്മണി എന്നിവർ വനിതകളുടെ നാലിൽ അഞ്ചാം സ്ഥാനത്ത്.
ടേബിൾ ടെന്നീസ്: വനിതകളുടെ ടേബിൾ ടെന്നീസ് ടീം റൗണ്ട് 16ൽ തായ്‌ലൻഡിനെതിരെ ഇന്ത്യ 2-3ന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.