മുംബൈ: വൈറ്റ് ബാൾ ക്രിക്കറ്റിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്റെ മകനും യുവ പേസറുമായ അർജുൻ ടെണ്ടുൽക്കർ.
വിജയ് ഹസാരെ ട്രോഫിയിലാണ് ഗോവയുടെ താരമായ അർജുൻ 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. ഒഡിഷക്കെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റു വീഴ്ത്തി. ഹരിയാനക്കെതിരായ ഗോവയുടെ രണ്ടാം മത്സരത്തിൽ അർജുന് വിക്കറ്റുകളൊന്നും ലഭിച്ചില്ല. വൈറ്റ് ബാൾ ക്രിക്കറ്റിൽ 41 മത്സരങ്ങൾ കളിച്ച അർജുൻ 51 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്.
ലിസ്റ്റ് എയിൽ 24 വിക്കറ്റുകളും ട്വന്റി20യിൽ 27 വിക്കറ്റുകളും അർജുൻ നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന അർജുൻ, അവസരങ്ങൾ കുറഞ്ഞതോടെയാണ് ഗോവ ടീമിലേക്കു മാറിയത്. ഐ.പി.എൽ മെഗാ ലേലത്തിൽ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് അർജുനെ വാങ്ങിയിരുന്നു. അവസാന അവസരത്തിലാണ് അർജുനെ വാങ്ങാൻ മുംബൈ തയാറായത്.
മോശം ഫോമിനെ തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിനുള്ള ഗോവയുടെ പ്ലേയിങ് ഇലവനിൽനിന്നു താരം പുറത്തായിരുന്നു. 2020/21 സീസണിൽ സീനിയർ ക്രിക്കറ്റിൽ മുംബൈക്കുവേണ്ടിയാണ് താരം കളിച്ചത്. തൊട്ടടുത്ത സീസണിലാണ് താരം ഗോവ ടീമിലേക്ക് മാറിയത്. 17 ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 37 വിക്കറ്റുകളും 532 റൺസും നേടിയിട്ടുണ്ട്.
2021 ഐ.പി.എല്ലിലാണ് അർജുൻ മുംബൈക്കൊപ്പം ചേരുന്നത്. എന്നാൽ, അരങ്ങേറ്റ മത്സരത്തിനായി രണ്ടു വർഷം കാത്തിരുന്നു. അഞ്ചു മത്സരങ്ങൾ കളിച്ച താരം മൂന്നു വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.