മെൽബൺ: പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിൽ ഗസ്സക്ക് ഐക്യദാർഢ്യവുമായി സമാധാന സന്ദേശവും അടയാളവും പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മാനുഷിക സന്ദേശങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്നത് ഐ.സി.സി വിലക്കിയെങ്കിലും കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഖ്വാജ മത്സരത്തിനിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് പാറ്റ് കമ്മിൻസ് ഖ്വാജക്ക് പിന്തുണ നൽകിയത്.
'ഉസ്സിക്ക് (ഉസ്മാൻ ഖ്വാജ) ഞങ്ങൾ പൂർണ പിന്തുണ നൽകുന്നു. തന്‍റെ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. അത് വളരെ മാന്യമായിത്തന്നെയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്‍റെ പ്രവൃത്തിയുടെ മറ്റ് കാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല. പക്ഷേ, അത് തികച്ചും സാധാരണമായൊരു കാര്യമാണ്, ഒരു പ്രാവിന്‍റെ അടയാളം' -പാറ്റ് കമ്മിൻസ് പറഞ്ഞു. മറ്റൊരു ആസ്ട്രേലിയൻ താരമായ മാർനസ് ലബുഷെയ്ൻ തന്‍റെ ബാറ്റിൽ ബൈബിൾ വാക്യവുമായി ബന്ധപ്പെട്ട കഴുകന്‍റെ ചിഹ്നം ഉപയോഗിക്കുന്നതും ഉസ്മാൻ ഖ്വാജ സമാധാന സന്ദേശമായ പ്രാവിന്‍റെ ചിഹ്നം ഉപയോഗിക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന ചോദ്യത്തിന്, തനിക്ക് ഒരു വ്യത്യാസവും തോന്നുന്നില്ലെന്നും കമ്മിൻസ് മറുപടി നൽകി.
'എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അത് പറയുന്നത് പ്രകോപനമായി ഞാൻ കരുതുന്നില്ല. പ്രാവിന്‍റെ ചിഹ്നത്തെ കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്. ഉസ്സിക്ക് (ഉസ്മാൻ ഖ്വാജ) തലയുയർത്തിത്തന്നെ നിൽക്കാം. പക്ഷേ, മത്സരത്തിന് നിയമങ്ങളുണ്ടെന്നത് മറ്റൊരു കാര്യം. അദ്ദേഹത്തിന്‍റെ നീക്കത്തിന് അനുമതി നൽകില്ലെന്നാണ് ഐ.സി.സി അറിയിച്ചത്. അവരാണ് നിയമങ്ങളുണ്ടാക്കുന്നത്, അത് അനുസരിക്കാനുള്ള ബാധ്യത കളിക്കാർക്കുണ്ട്. ഉസ്സിയോട് ഞാൻ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. അതിന്‍റെ ആഴത്തിലേക്ക് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം പൊതുവിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണത്. എല്ലാ ജീവനുകളെയും അദ്ദേഹം ഒരുപോലെ കാണുന്നു. യുദ്ധമുണ്ടാകുന്നതും കനത്ത നാശമുണ്ടാകുന്നതും കാണുന്നു. ആവശ്യമില്ലാത്ത ഒന്നാണ് അതെന്ന ബോധ്യത്തിൽ നിന്നാണ് അതിലേക്ക് ഒരു വെളിച്ചം വീശാൻ ശ്രമിച്ചത്. അദ്ദേഹത്തെ ഞങ്ങൾ പിന്തുണക്കുന്നു' -കമ്മിൻസ് പറഞ്ഞു.
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ചുള്ള സന്ദേശങ്ങളടങ്ങിയ ഷൂ ധരിച്ച് കളിക്കാനായിരുന്നു ഉസ്മാൻ ഖ്വാജയുടെ തീരുമാനം. എല്ലാ ജീവിതവും തുല്യമാണെന്നും സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നുമുള്ള സന്ദേശങ്ങളും ഒലിവിലയും പ്രാവുമടങ്ങിയ സമാധാന പ്രതീകവുമായിരുന്നു ഷൂവിൽ പതിച്ചത്. എന്നാൽ, ഖ്വാജയുടെ ഈ നീക്കത്തിന് ഐ.സി.സി അനുമതി നൽകിയില്ല. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണു ഐ.സി.സി ഷൂ വിലക്കിയത്. തുടർന്ന് കറുത്ത ആം ബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയാണ് താരം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
‘പോയ വാരം നിങ്ങൾ തന്ന പിന്തുണക്കും സ്നേഹത്തിനും നന്ദി. എല്ലാം ശ്രദ്ധിച്ചിരുന്നു. വിലപ്പെട്ടതൊന്നും അത്ര എളുപ്പമല്ലല്ലോ. ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നുവെന്നാണു ചരിത്രം തെളിയിക്കുന്നത്. എന്നാലും, നല്ലൊരു ഭാവിക്കായി നമുക്ക് ഒന്നിച്ചു പോരാടാം’ -ഖ്വാജ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. താൻ പക്ഷം പിടിക്കുകയല്ലെന്നും തന്‍റേത് രാഷ്ട്രീയ പ്രസ്താവനയെല്ലെന്നും പറഞ്ഞ ഖ്വാജ, ജൂതനോ മുസ്‍ലിമോ ഹിന്ദുവോ ആകട്ടെ, എല്ലാ ജീവനും തനിക്ക് തുല്യമാണെന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.