സിഡ്നി: കളിമറന്ന കുട്ടിക്കൂട്ടമായി മെൽബൺ ക്രിക്കറ്റ് മൈതാനത്ത് വിരുന്നിനുവന്ന ഇംഗ്ലീഷുകാരെ 81 മിനിറ്റിൽ മടക്കിവിട്ട് കംഗാരുക്കൾ. അരങ്ങേറ്റക്കാരനായ സ്കോട്ട് ബോളണ്ട് വാണ മൂന്നാം ടെസ്റ്റിെൻറ മൂന്നാം ദിവസം ഇന്നിങ്സിനും 14 റൺസിനുമാണ് സന്ദർശകരെ ചാരമാക്കിയത്. ഇതോടെ രണ്ടു ടെസ്റ്റ് ബാക്കിനിൽക്കെ 12 ദിവസം മാത്രമെടുത്ത് ആസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തി. പരമ്പരയിൽ 3-0ന് ഓസീസ് മുന്നിലാണ്.
നാലു വിക്കറ്റ് നഷ്ടത്തിൽ 31 റൺസുമായി മൂന്നാം ദിവസം ഇറങ്ങിയ ഇംഗ്ലീഷ് ബാറ്റർമാർ ചടങ്ങുതീർക്കുംപോലെയാണ് വന്നുപോയത്. അവസാന അഞ്ചു വിക്കറ്റുകൾ വീണത് 30 പന്തുകളിൽ. കന്നി ടെസ്റ്റ് ആഘോഷമാക്കിയ സ്കോട്ട് ബോളണ്ട് ഏഴു റൺസ് വിട്ടുനൽകുന്നതിനിടെ പോക്കറ്റിലാക്കിയത് ആറു വിലപ്പെട്ട വിക്കറ്റുകൾ.
ഒരു നൂറ്റാണ്ടിനിടെ ആസ്ട്രേലിയയിൽ ഇംഗ്ലണ്ട് കുറിക്കുന്ന ഏറ്റവും കുറഞ്ഞ ടോട്ടലായിരുന്നു ചൊവ്വാഴ്ചത്തേത്. 12 ദിവസം മാത്രമെടുത്ത് ആഷസ് നിലനിർത്തിയെന്ന റെക്കോഡ് വേറെ. ശരിക്കും കളിതീരാൻ ഇനിയും രണ്ടു ദിവസമുള്ളതിനാൽ നാലാം ടെസ്റ്റ് തുടങ്ങാൻ കാത്തിരിക്കണം. ജനുവരി നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുക.
ആദ്യ ടെസ്റ്റ് മുതലേ ദൗർബല്യം മാത്രം പുറത്തുകണ്ട ഇംഗ്ലീഷ് നിര പ്രാദേശിക നിലവാരം പോലുമില്ലാതെ കൂപ്പുകുത്തിയ ദിവസമായിരുന്നു ചൊവ്വാഴ്ച. ആദ്യ ഇന്നിങ്സിൽ മിച്ചെൽ സ്റ്റാർക്കും പാറ്റ് കമിൻസും അപകടം വിതച്ചപ്പോൾ അടുത്ത ഇന്നിങ്സിൽ അത് 32കാരനായ ബോളണ്ട് ഒറ്റക്ക് ഏറ്റെടുത്തുവെന്ന വ്യത്യാസം മാത്രം. ജോഷ് ഹേസൽവുഡിന് പകരക്കാരനായി ഇറങ്ങിയ ഗോത്രവർഗക്കാരനായ ബോളണ്ട് ഒറ്റ കളിയിൽ ടീമിലെ അവിഭാജ്യ ഘടകമായി. ഇംഗ്ലീഷ് നിരയിലാകട്ടെ, രണ്ടക്കം കണ്ടത് ജോ റൂട്ടും (28) ബെൻ സ്റ്റോക്സും (11) മാത്രം. സംപൂജ്യരായി തിരികെ പോയത് നാലു പേർ. ബോളണ്ട് നാല് ഓവർ മാത്രമെറിഞ്ഞ് ആറും 10 ഓവർ എറിഞ്ഞ് സ്റ്റാർക് മൂന്നും വിക്കറ്റ് വീഴ്ത്തി. ബോളണ്ട് തന്നെയാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.